മലപ്പുറം; ഏറ്റവുമവസാന പി എസ് സി പരീക്ഷയിൽ പോലും രാജ്യത്തെ ആദ്യ സൗജന്യ വൈഫൈ നഗരസഭയേതെന്ന ചോദ്യമുണ്ടായിരുന്നു. ശരിയുത്തരം മലപ്പുറം എന്നാണ് എഴുതിയത്. അത് ശരിയുമായിരുന്നു. എന്നാൽ ഇനി ആ ചോദ്യം ഇങ്ങനെ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. രാജ്യത്തെ ആദ്യ സൗജന്യ വൈഫൈ നഗരസഭയിൽ നഗരസഭ നൽകുന്ന ഇന്റർനെറ്റ് സൗകര്യം ആർക്കൊക്കെ ലഭിക്കുന്നു എന്ന്. അതിനുത്തരം ആർക്കും ലഭിക്കുന്നില്ല എന്നാണ്.

2015 ഓഗസ്റ്റ് മാസത്തിലാണ് മലപ്പുറം നഗരസഭയെ രാജ്യത്തെ ആദ്യ വൈഫൈ നഗര സഭയായി പ്രഖ്യാപിച്ചതും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതും. അന്നത്തെ ഐ ടി വകുപ്പ് മന്ത്രിയും നിലവിലെ മലപ്പുറം എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. റെയിൽടെൽ കോർപറേഷനുമായി സഹകരിച്ച് നഗരസഭയിലെ മുഴുവൻ താമസക്കാർക്കും പ്രധാന അങ്ങാടികളിലും സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് എന്നതായരുന്നു പ്രഖ്യാപനം.

ഓരോരുത്തർക്കും തങ്ങളുടെ മൊബൈൽ നമ്പർ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതനുസരിച്ച് പ്രത്യേക യൂയർ ഐഡിയും പാസ്് വേർഡും നൽകിയിരുന്നു. ചില വെബ്സൈറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു. ഒരേ സമയം 2000 ആളുകൾക്ക് 20 എംബിപിഎസ് എന്നരീതിയിൽ അതിവേഗ ഇന്റർ നെറ്റ് ലഭിക്കുമെന്നും പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ 15000ആളുകൾക്കും, കോട്ടപ്പടി, കുന്നുമ്മൽ നഗരങ്ങളിലും, മുനിസിപ്പൽ ബസ്റ്റാന്റിലുമായിരന്നു വൈഫൈ ലഭിക്കുമെന്ന് പറഞ്ഞിരുന്നത്. രണ്ടാംഘട്ടത്തിൽ മുനിസിപ്പാലിറ്റിക്കകത്തെ മുഴുവൻ വീടുകളിലും, ചെറിയ കവലകൾ, ബസ്റ്റോപ്പുകൾ എന്നിവിടങ്ങളിലും ലഭ്യമാക്കുമെന്നും.

എന്നാൽ പദ്ധതി തുടങ്ങി ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പേ തന്നെ ഇതിന്റെ പ്രവർത്തനം നിലക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ അപേക്ഷിച്ച 1000 പേർക്ക് മാത്രമാണ് ഒന്നാം ഘട്ടത്തിൽ വൈഫൈ നൽകിയത്. ബസ്റ്റാന്റിലും കോട്ടപ്പടി, കുന്നുമ്മൽ എന്നിവിടങ്ങളില്ഡ തീരെ ലഭിച്ചതുമില്ല. രണ്ടാം ഘട്ടത്തിലേക്ക് കടന്നതുമില്ല. തുടക്കത്തിൽ 50 ലക്ഷം രൂപ സംസ്ഥാന ഐടി വകുപ്പും, 95 ലക്ഷം രൂപ മുനിസിപ്പാലിറ്റിയും ചെലവാക്കിയായിരുന്നു പദ്ധതി ആരംഭിച്ചത്. പിന്നീട് പ്രതിവർഷം 40ലക്ഷം രൂപ നഗരസഭ റെയിൽടല്ലിന് നൽകണം. ഇത് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് കണ്ടത്തണം. ഇതിനായി നഗരസഭയിലൂടനീളം 21 കിലോമീറ്റർ ചുറ്റളവിൽ 17 ടവറുകളും അന്ന് സ്ഥാപിച്ചിരുന്നു. കൂടെ നഗരസഭാ അതിർത്ഥികളിൽ രാജ്യത്തെ ആദ്യ വൈഫൈ നഗരസഭയിലേക്ക് സ്വാഗതം എന്ന ബോർഡുകളും. ഇന്ന് ആ ടവറുകളെല്ലാം തുരുമ്പെടുത്ത് നശിച്ചിരിക്കുന്നു. ബോർഡുകളിലാകട്ടെ സകലവിധ പ്രഭാഷണ പരമ്പരകളുടെ പരസ്യങ്ങളും നിറഞ്ഞിരിക്കുന്നു.

പ്രഖ്യാപനവും ഉദ്ഘാടനവും കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്നു. വേഗതയെ ചൊല്ലിയായരുന്നു പൊതുജനങ്ങളുടെ പരാതിയെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടിപോലുമുള്ള ഫണ്ട് കണ്ടത്താൻ നഗരസഭ ബുദ്ധിമുട്ടുമ്പോൾ വൈഫൈ പദ്ധതിയുടെ മെയിന്റനൻസിനായി ലക്ഷങ്ങൾ മുടക്കുന്നതിനെതിരെയായിരുന്ന പ്രതിപക്ഷപാർട്ടകളുടെ പ്രതിഷേധം. ആ പ്രതിഷേധങ്ങളെല്ലാം സത്യവുമായിരുന്നു. ജില്ലയിലെ മറ്റുനഗരസഭകളെ അപേക്ഷിച്ച് തീരെ വരുമാനം കുറഞ്ഞ മലപ്പുറം നഗരസഭക്ക് ഈയൊരു പദ്ധതിക്ക് വേണ്ടിമാത്രം ലക്ഷങ്ങൾ ചിലവഴിക്കേണ്ടിയും വരുമ്പോൾ മറ്റും അടിസ്ഥാന വികസന പ്രശ്നങ്ങളിൽ ഒന്നിൽ പോലും പണം ചിലവഴിക്കാനായില്ല.

ആദ്യ വർഷം തന്നെ റെയിൽ ടെല്ലിന് നൽകേണ്ട 40 ലക്ഷം നൽകാനായില്ല. ഇതോടെ പദ്ധതിയുടെ തകർച്ചയും ആരംഭിച്ചു. സി പി എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തുടക്കത്തിൽ അനുകൂലിച്ചിരുന്ന പദ്ധതിയെ പിന്നീട് വിമർശിക്കാൻ തുടങ്ങി. ഉദ്ഘാടനത്തനും പ്രഖ്യാപനത്തിനും പുകഴ്‌ത്തി പറഞ്ഞിരുന്ന ലീഗ് നേതാക്കളും പിന്നീട് അന്നത്തെ നഗരസഭാ ചെയർമാൻ മുസ്ലിം ലീഗിലെ കെ പി മുഹമ്മദ് മുസ്തഫയെ കൈ വിട്ടു. ഇനിയും മത്സര പരീക്ഷകളിൽ ചോദ്യവും ഉത്തരവും അത് തന്നെയായിരിക്കും. ഉത്തരവും അതുതന്നെ. പക്ഷെ ആ പദ്ധതിയുടെ നടപ്പുകാലത്തെ അവസ്ഥ ആരും ചോദിക്കുകയും പറയുകയുമില്ല.

ഭവനരഹിതർക്ക് ഫ്ലാറ്റ് സമുഛയമെന്ന ആശയമുൾപ്പെടെ നിരവധി പുത്തൻ സംരഭങ്ങൾക്ക് ചുക്കാൻ പിടിച്ച മുസ്ലിം ലീഗിലെ കെ പി മുസ്തഫയെന്ന ആ നഗരസഭാ അദ്ധ്യക്ഷനെയും ഇന്ന് രാഷ്ട്രീയ കേരളത്തിന്റെ മുഖ്യധാരയിൽ കാണാനാകില്ല.