ന്യൂഡൽഹി: തങ്ങൾ കബളിപ്പിക്കൽ കമ്പനി അല്ലെന്ന് ഉപയോക്താക്കളെ ബോധ്യപ്പെടുത്താൻ ഫ്രീഡം 251 ഫോൺ അണിയറക്കാരുടെ പുതിയ നീക്കം. വാങ്ങാൻ പണമടച്ചു ബുക്ക് ചെയ്തവർക്കു പണം തിരിച്ചുനൽകാൻ കമ്പനി തയ്യാറെടുക്കുന്നതായാണു റിപ്പോർട്ടുകൾ പുറത്തുവന്നത്.

പണം തിരികെ നൽകാൻ കമ്പനി ആലോചിക്കുന്നതായി ഫ്രീഡം 251ന്റെ നിർമ്മാതാക്കളായ റിംഗിങ് ബെൽ കമ്പനി എംഡി മോഹിത് ഗോയൽ പറഞ്ഞുവെന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബുക്ക് ചെയ്തവർക്കു പണം തിരിച്ചുനൽകിയതിനുശേഷം ഫോണുകൾ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുമ്പോൾ മാത്രം പണം വാങ്ങാനാണ് കമ്പനിയുടെ തീരുമാനം. ഇടപാടുകൾ സുതാര്യമാക്കുന്നതിനായാണ് 'കാഷ് ഓൺ ഡെലിവറി' ക്രമത്തിലേക്കു മാറാൻ പദ്ധതിയിടുന്നതെന്നാണ് കമ്പനിയുടെ വാദം.

251 രൂപയ്ക്കു സ്മാർട് ഫോണുകൾ നൽകുമെന്നു പ്രഖ്യാപിച്ച് കമ്പനി ബുക്കിങ് ആരംഭിച്ച ആദ്യദിനം മാം്ര 30,000ൽ അധികം പേരാണ് ഫോൺ ഓർഡർ ചെയ്തത്. ആളുകൾ ഇടിച്ചുകയറിയതിനെ തുടർന്ന് വെബ്‌സൈറ്റ് തകർന്നു. തുടർന്ന് കമ്പനി ബുക്കിങ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ വെബ്‌സൈറ്റ് തകരാർ പരിഹരിച്ചിട്ടും കമ്പനി ബുക്കിങ് പുനരാരംഭിച്ചില്ല.

ഒരു ഇ-മെയ്ൽ ഐഡിയും മൊബൈൽ ഫോൺ നമ്പരും ഉപയോഗിച്ചു മാത്രമായിരുന്നു ഫോൺ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. പണമടച്ച് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ബുക്കിങ് സ്ഥിരീകരിച്ച് കമ്പനിയിൽനിന്ന് ഇ മെയ്ൽ എത്തുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാൽ ഇങ്ങനെയാരു സന്ദേശവും ആർക്കും ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണു ബുക്ക് ചെയ്തവർക്കു പണം തിരികെ നൽകുമെന്ന് അറിയിച്ച് അധികൃതർ രംഗത്തെത്തിയത്.