കൊച്ചി: കൊച്ചിയിൽ വച്ച് ബാഗും പണവും നഷ്ടപ്പെട്ട, കൈക്കുഞ്ഞുമായെത്തിയ ഫ്രഞ്ച് യുവതിയെ സഹായിച്ചതിന്റെ പേരിൽ രാജ്യം മുഴുവൻ പ്രശംസിച്ച കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘുവിന് ഫ്രഞ്ച് കോൺസുലേറ്റിന്റെ അഭിനന്ദനം. ഫ്രഞ്ച്‌കോൺസുലേറ്റിൽ നിന്ന് ഡെപ്യൂട്ടി കോൺസുൽ ജനറൽ ലിലാസ് ബേൺഹീം ഇന്നലെ ഉച്ചതിരിഞ്ഞ് രഘുവിനെ വിളിച്ച് നല്ലമനസിന് നന്ദി പറഞ്ഞു. ഒരുവർഷം മുമ്പ് ലോക്ഡൗൺകാലത്ത് നടന്ന സംഭവത്തെ കുറിച്ച് ഫ്രഞ്ച് യുവതി എഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ടതെയാണ് കോൺസുലേറ്റ് അഭിനന്ദനവുമായി എത്തിയത്. സദ്പ്രവൃത്തിയുടെ ഫലം കിട്ടിയതിൽ രഘുവും സന്തോഷവാനാണ്.

കഴിഞ്ഞ മാർച്ചിൽ സംസ്ഥാന പൊലീസും രഘുവിനെ അനുമോദിച്ചിരുന്നു, സംസ്ഥാന പൊലീസ് ചീഫീന് വേണ്ടി ഐജി വിജയ് സാക്കറെയാണ് രഘുവിന് പ്രശസ്തി പത്രവും അയ്യായിരം രൂപ ക്വാഷ് റിവാർഡും നൽകിയത്.

ഋഷികേശിലേക്ക് പോയ ഫ്രഞ്ച് യുവതിക്ക്, കോവിഡ് ഭീതിയിൽ ഹോട്ടലുകൾ എല്ലാം അടച്ച സാഹചര്യത്തിൽ അവിടത്തെ ഇന്ത്യൻ റെയിൽവെ പ്രെജക്ട് മാനേജർ പ്രമോദുമായി ബന്ധപ്പെട്ട് രഘു താമസ സൗകര്യവും ഒരുക്കി നൽകി. രഘുവിന്റെ പ്രവൃത്തിയുടെ പേരിൽ സംസ്ഥാന പൊലീസിനെ അഭിനന്ദിച്ച് ശശി തരൂർ എംപി ട്വിറ്റ് ചെയ്തു. തുടർന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലനൈൻ കേരളാ പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു.

താനിപ്പോൾ ഇന്ത്യക്കാരിയാണെന്നും, കാരണം തനിക്ക് ഇപ്പോൾ ഇന്ത്യക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സഹോദരനായി ഉണ്ടെന്നും ഫ്രഞ്ച് യുവതി പറഞ്ഞിരുന്നു. കേരള പൊലീസ് അയച്ചുനൽകിയ പണം ഡൽഹി പൊലീസിൽ നിന്ന് കൈപ്പറ്റിയ ശേഷമാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2019 ൽ ഫോർട്ട് കൊച്ചിയിൽ വച്ച് അർദ്ധരാത്രിയിൽ ഒറ്റപ്പെട്ടുപോയ മെക്സിക്കൻ വനിതയെ രക്ഷിച്ച് സുരക്ഷിതമായി ഹോട്ടലിൽ എത്തിച്ചതിന് മുൻ ഡിജിപിയും റോ ഡയറക്ടറുമായിരുന്ന ഹോർമിസ് തരകൻ പ്രശംസാകുറിപ്പ് എഴുതിയിരുന്നു. ഇക്കാര്യത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും വിവിധ സംസ്ഥാന പൊലീസ് വകുപ്പുകളുടെയും അഭിനന്ദനം രഘുവിന് ലഭിച്ചിരുന്നു.ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓർഗനൈസിംങ്ങ് കമ്മറ്റി പ്രസിഡന്റ് സുഷമ പാർച്ചെ രഘുവിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ പൊലീസുകാരൻ കേരള പൊലീസിന്റെ അഭിമാനമാണെന്ന് ഡിജിപി അഭിപ്രായപ്പെട്ടു.

പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് യുവതിക്ക് സഹായം

കോവിഡ് കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് രാത്രി പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവർ ഒറ്റപ്പെട്ടു. ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്‌ളൂറിനും മകൻ മൂന്നുവയസ്സുള്ള താവോയുമാണ് പണം നഷ്ടപ്പെട്ട് നഗരത്തിൽ കുടുങ്ങിയത്.

എറണാകുളം മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പൊലീസ് കണ്ടെത്തുന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.രഘു ആദ്യം ഇവർക്ക് ഭക്ഷണം വാങ്ങിനൽകി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവർ യുവതിക്ക് പണമയച്ചു നൽകി. പിന്നീട് ഇരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പൊലീസ് മടങ്ങിയത്. രഘു നെടുമ്പാശ്ശേരി പൊലീസുമായി ചേർന്ന് പഴ്സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിൻഭാഗത്തുനിന്ന് പഴ്സ് കണ്ടെടുക്കുകയും ചെയ്തു. പഴ്സിൽനിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും ശ്രീലങ്കൻ കറൻസിയുമാണു കിട്ടിയത്. പിന്നീട് പണം യുവതിക്ക് അയച്ചു നൽകി. അന്ന് കേരള പൊലീസിനെ കൂടെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചിരുന്നു.

രഘു.പിഎസിന്റെ പഴയ കുറിപ്പ് കൂടി വായിക്കാം

കൊറോണ നേടിത്തന്ന ഫ്രഞ്ച് സഹോദരി.....

2020 മാർച്ച് 16 തിയതിയാണ് ഞാൻ ജോലി ചെയ്യുന്ന കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരുന്നത്, 'കോവിഡ് രോഗിയ ഒരു വിദേശ വനിത കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നു...കോവിഡിന്റെ തുടക്കകാലം ,വിദേശികളെ കണ്ടാൽ ആളുകൾ ഓടിയൊളിക്കുന്ന കാലം , കോവിഡ് ചിക്ത കേന്ദ്രമായ കളമശ്ശേരി മെഡിക്കൽ കോളേജ് പരിസരം പോലും ഭയത്തോടെ വീക്ഷിക്കുന്ന സാഹചര്യം

ഞാനും എസ്ടിപിഒ രാജേഷ് സാറും, ഡ്രൈവർ മിഥുൻ ബാബുവും ജീപ്പുമായി മെഡിക്കൽ കോളേജിലെത്തി.ഞങ്ങൾ ചെല്ലുമ്പോൾ ഒരു വിദേശയുവതിയും ചെറിയ കുട്ടിയും കോളേജിലെ പുൽതകിടിയിൽ ഇരിക്കുന്നു. ഞങ്ങൾ അവരോട് വിവരങ്ങൾ തിരക്കി
' തലെ ദിവസം നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്തുനിന്നാണ് അവരെ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് കൊറോണ സംശയത്താൽ 'കസ്റ്റടി 'യിലെടുത്ത് ആലുവ താലുക്ക് ആശുപത്രിയിലും തുടർന്ന് ങഇഒ ലേക്കും മാറ്റിയത് ഇതിനിടയിൽ പണവും ബാങ്ക് കാർഡുകളുമടങ്ങിയ പഴ്‌സും നഷ്ട്ടപ്പെട്ടിരുന്നു ,പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടതിനെ തുടർന്ന് അധികൃതർ പറഞ്ഞു വിട്ടു, അപ്പഴേക്കും രാത്രിയായിരുന്നു, കൈയിൽ പണമില്ലാതെ എവിടേക്കും പോകാൻ കഴിയാത്ത അവസ്ഥ, ആരും അടുക്കുന്നില്ല, കാണുമ്പോൾ ഭയത്തോടെ ഓടുന്നു,, വല്ലാത്ത നിസ്സഹായാവസ്ഥ, മൂന്ന് വയസ്സുള്ള കൈകുഞ്ഞുമായി വിശപ്പ് സഹിച്ച് കൊതുകു കടിയും സഹിച്ച് രാത്രി മുഴുവൻ ആ പുൽതകിടിയിൽ കഴിച്ചുകൂട്ടി,, യുവതി ഇത്രയും പറഞ്ഞപ്പഴേക്കും കണ്ണുകൾ നിറഞ്ഞ് തുളുമ്പി..

ഞങ്ങൾ ആദ്യം ബ്രഡും വെള്ളവും, കുട്ടിക്ക് ചോക്ക്‌ലേറ്റും വാങ്ങി നൽകി, അഞ്ച് വർഷം ടൂറിസം പൊലീസിൽ ജോലി ചെയ്ത പരിചയം എനിക്കുണ്ട്,ഞാനുടനെ റിജിണൽ ഫോറിൻ രജിസ്‌ടേഷൻ ഓഫീസറുമായി ബന്ധപ്പെട്ടു, തുടർന്ന് പുതുച്ചേരി ഫ്രഞ്ച് കോൺസുലേറ്റുമായും ബന്ധപ്പെട്ടു, അവരോട് കാര്യങ്ങൾ വിശദീകരിച്ചു, ഉടനെ യുവതിയുടെ ചെലവിനായി വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ വഴി പണം അയക്കാമെന്ന് കോൺസുലേറ്റ് ഉദ്ദോഗസ്ഥൻ അറിയിച്ചു.

യുവതി അന്ന് ഡൽഹി വഴി ഋഷികേശിലേക്ക് പോകുന്നതിനായി നേരത്തെ ട്രെയിൻ ബുക്ക് ചെയ്തിരുന്നു. യുവതിയുമായി ഞങ്ങൾ വെസ്റ്റേൺ യൂണിയനിൽ പോയി പണം വാങ്ങി തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി, അപ്പോഴാണ് മറ്റൊരു പ്രശ്‌നം മനസിൽ തോന്നിയത്, അവര് യാത്ര ചെയ്യുമ്പോഴും ഡൽഹിയിലെത്തുമ്പോഴും ഇതേ സാഹചര്യം ഉടലെടുക്കാം, കൊറോണ ഭയത്താൽ ഒറ്റപ്പെടാം, പൊലീസ് ,ആരോഗ്യ വകുപ്പ് കസ്റ്റടിയിലെടുക്കാം, അന്ന് ഇന്ത്യയിൽ വിദേശികൾക്ക് അതാണ് സാഹചര്യം. ഉടൻ ഞങ്ങൾ മെഡിക്കൽ കോളേജുമായി ബന്ധപ്പെടു, ഹോസ്പിറ്റലിൽ നിന്ന് രാജേഷ് സാറിന്റെ ഫോണിൽ അവരുടെ കൊറോണ രോഗമില്ലെന്ന സർട്ടിഫിക്കറ്റ് അയച്ചു തന്നു, അത് ഫ്രിന്റ് എടുത്ത് നൽകി, ഫോണും റീചാർജ് ചെയ്തു നൽകി, തൊഴുകൈകളുമായി ആ ഫ്രഞ്ച് സഹോദരിയെയും കുഞ്ഞിനെയും യാത്രയാക്കി...

യാത്രയിലുടനീളം അവരുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിരുന്നു, യാത്രയിലും തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടാകാവുന്ന പണച്ചെലവിനെക്കുറിച്ച് ആവർ ആകുലയായിരുന്നു. നെടുമ്പാശ്ശേരി ഇക ബൈജു സാറുമായി ബന്ധപ്പെട്ട് യുവതിയുടെ നഷ്ട്ടപ്പെട്ട പഴ്‌സ് കണ്ടു പിടിച്ചു. തുടർന്ന് ഞാൻ ഡൽഹി പൊലീസുമായി ബന്ധപ്പെട്ടു, വിവരങ്ങൾ ധരിപ്പിച്ചു. യുവതി നാളെ ഡൽഹിയിൽ എത്തുമെന്നും തിരികെ ലഭിച്ച പണം കൈമാറാനുള്ള സഹായം അഭ്യർത്ഥിക്കുകയും ചെയ്തു, തുടർന്ന് ഡൽഹി പൊലീസിലെ മലയാളി ഉദ്ദോഗസ്ഥൻ ഷാജഹാനുമായി ബന്ധപ്പെട്ടു, അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു, അദ്ദേഹം ട്രെയിൻ എത്തുന്ന സമയത്ത് സ്റ്റേഷനിൽ എത്തി പണം നൽകാമെന്ന് ഉറപ്പ് നൽകി.


യുവതിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. അവർ ഡൽഹിയിൽ നാല് മണിക്കൂർ മാത്രമെ ഉണ്ടാകൂ, അവിടന്ന് ഋഷികേശിലേക്ക് പോകുമെന്നും, പക്ഷെ ഋഷികേശിൽ താമസ സൗകര്യം ലഭിച്ചിട്ടില്ലായെന്നും അറിയിച്ചു. വിഷമിക്കണ്ട പരിഹാരം ഉണ്ടാക്കാമെന്നും ഞാൻ ആശ്വസിപ്പിച്ചു.ഉടൻ ഞാൻ ഉത്തരാഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ടു, വിവരങ്ങൾ ധരിപ്പിച്ചു, യുവതി പോകുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ ' കോത്തുവാലി' പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ. റതീഷ് ഷായുമായി ഫോണിൽ ബന്ധപ്പെട്ടു, അദ്ദേഹത്തെ വിവരങ്ങൾ ധരിപ്പിച്ചു, അദ്ദേഹം സഹായം വാഗ്ധാനം ചെയ്തു.

തുടർന്ന് ഋഷികേശിൽ യുവതിക്കായി ഹോട്ടലിൽ താമസ സൗകര്യം ഒരുക്കി. കുടാതെ യുവതിയെ തുടർന്നുള്ള ആവശ്യങ്ങൾക്ക് സഹായിക്കാനായി ഇന്ത്യൻ റെയിൽവേയുടെ ഋഷികേശ് പ്രെജക്ട് മാനേജരും മലയാളിയുമായ ശ്രീ പ്രമോദിന്റെ നമ്പർ നൽകി, തുടർന്ന് ഞാൻ പ്രമോദുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മേൽവിലാസത്തിൽ യുവതിയുടെ തിരിച്ച് കിട്ടിയ പഴ്‌സ് അയച്ചു നൽകി. ഡൽഹിയിലെത്തിയ യുവതിക്ക് ഡൽഹി പൊലീസ് പണം കൈമാറി ,പൊലീസ് വാഹനത്തിൽ ഋഷികേശിലേക്ക് പോകുന്ന വാഹനത്തിൽ എത്തിച്ച് യാത്രയാക്കി.

ഋഷികേശിലെത്തിയ യുവതിയെ കോത്ത്വാലി പൊലീസ് ഇൻസ്‌പെക്ടർ റതീഷ് ഷാ സ്വികരിക്കുകയും താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. ഞാൻ അയച്ചു നൽകിയ പഴ്‌സ് ശ്രി. പ്രമോദ് തൊട്ടടുത്ത ദിവസം ഹോട്ടലിലെത്തി യുവതിക്ക് കൈമാറുകയും ചെയ്തു. ആ ഫ്രഞ്ച് യുവതി നന്ദി പറഞ്ഞ് നിരവധി മെസേജുകൾ എനിക്ക് അയക്കുകയുണ്ടായി, അവരുടെ സന്തോഷവും, പൊലീസിനോടുള്ള വിശ്വാസവുമെല്ലാം എനിക്ക് എന്റെ കാക്കിക്ക് സ്വർണ്ണ നിറം ലഭ്യമാക്കിയത് പോലെ കേരളത്തിലെ മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ ഇതെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു, ശശി തരൂർ എംപി ട്വിറ്റ് ചെയ്യുകയും, ബഹു: കൊച്ചി സിറ്റി കമ്മീഷണർ ഐ ജി വിജയ് സാക്കറെ സർ എനിക്ക് പ്രശസ്തിപത്രവും ,അയ്യായിരം രുപ ക്വാഷ് റിവാർഡും നൽകി.

കേരള പൊലീസിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായ എനിക്ക് ഡൽഹി പൊലീസും, ഉത്തരാഖണ്ഡ് പൊലീസും നൽകിയ പ്രാധാന്യവും സഹായവും ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ത്യയിൽ നിന്ന് മടങ്ങും മുൻപ് അവരെന്നെ വിളിച്ചു, എന്നിട്ട് എന്നോട് പറഞ്ഞു ' ഞാനിപ്പോൾ ഇന്ത്യക്കാരിയാണ്, കാരണം എനിക്കിപ്പോൾ പൊലീസുകാരനായ ഒരു ഇന്ത്യൻ സഹോദരനുണ്ട് ' എന്ന് അതു കേട്ടപ്പോൾ എന്റെ മനസിൽ ഇന്ത്യ വാങ്ങിയ 32 റഫേൽ വിമാനങ്ങളും ഒരുമിച്ച് പറക്കുന്നത് പോലെ തോന്നി..ഒരാളെ സഹായിക്കാൻ ഭാഷയോ, ഔദ്യോഗിക റാങ്കോ, ദേശമോ, ദൂരമോ ഒന്നും പ്രശ്‌നമല്ല മനസ്സ് മാത്രം മതി...

കരുതലോടെ
രഘു പി എസ്
സിവിൽ പൊലീസ് ഓഫിസർ
കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷൻ
കൊച്ചി സിറ്റി