പാരീസ്: പിഞ്ചുകുട്ടികളെയടക്കം നിരപരാധികളെ നിഷ്ഠൂരം കൊലപ്പെടുത്തുന്ന ഭീകരരുടെ ചിത്രങ്ങൾ മുഖ്യപേജിൽ പ്രസിദ്ധീകരിക്കുന്നത് നമ്മുടെ നാട്ടിലെ പത്രങ്ങളുടെ പതിവാണ്. ഇതിലൂടെ ഭീകരർക്ക് പ്രശസ്തി കൂടി ലഭിക്കുന്നുണ്ടെന്നും അതൊരു പരിധിവരെ മറ്റുള്ളവർക്ക് പ്രചോദനമായേക്കുമെന്നും ഒരുവാദം നിലവിലുണ്ട്. ഇത്തരം പതിവുകൾക്ക് പകരം പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് ഫ്രാൻസിലെ ഒന്നാം നമ്പർ പത്രം ലെ മോണ്ടെ.

ഭീകരരുടെ പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കില്ലെന്നാണ് ലെ മോണ്ടെയിൽ പ്രസിദ്ധീകരിക്കില്ലെന്നാണ് പത്രത്തിന്റെ നിലപാട്. ചിത്രങ്ങളും പേരുകളും പ്രസിദ്ധീകരിക്കുക വഴി ഭീകരരുടെ ചെയ്തികളെ മഹത്വ വൽക്കരിക്കുകയാണെന്നും ആ പതിവ് ഉപേക്ഷിക്കുകയാണെന്നും പത്രം പറയുന്നു.

പത്രത്തിന്റെ ഡയറക്ടർ ജെറോം ഫെനോഗ്ലിയോ എഴുതിയ മുഖപ്രസംഗത്തിലാണ് ഭീകരരുടെ ചിത്രങ്ങളും പേരുകളും കൊടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഫ്രാൻസിൽ ഇസ്ലാമിക ഭീകരരുടെ ആക്രമണങ്ങൾ ഏറിവരുന്ന പശ്ചാത്തലത്തിലാണ് പത്രത്തിന്റെ എഡിറ്റോറിയൽ നയത്തിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ ദിവസം 86 വയസ്സുള്ള കത്തോലിക്ക പുരോഹിതനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച നീസിൽ നിരപരാധികളായ 86 പേരെ ഭീകരർ ട്രക്ക് കയറ്റി കൊലപ്പെടുത്തിയിരുന്നു.

ലെ മോണ്ടെയുടെ നിലപാട് മറ്റു പത്രങ്ങളും ചാനലുകളും പിന്തുടരാൻ തുടങ്ങിയിട്ടുണ്ട്. ടെലിവിഷൻ ചാനലുകളായ ബിഎഫ്എം ടിവി, കത്തോലിക്ക പത്രം ലെ ക്രോയിക്‌സ്, യൂറോപ്പ് 1 റേഡിയോ എന്നിവയും ഭീകരരുടെ പേരുവിവരങ്ങളും ചിത്രങ്ങളും നൽകില്ലെന്ന് പ്രഖ്യാപിച്ചു.

നീസിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പത്രം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ജെറോം ഫെനോഗ്ലിയോ പറഞ്ഞു. മറ്റുള്ളവരെക്കൂടി ഇത്തരം ക്രൂരതകളിലേക്ക് നയിക്കുന്നതിന് ഭീകരർക്ക് കിട്ടുന്ന അമിത പ്രാധാന്യം കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.