പാരിസ്: റോളണ്ട് ഗാരോസിൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് അട്ടിമറിയോടെ തുടക്കം. പുരുഷ സിംഗിൾസിൽ നാലാം സീഡ് ഓസ്ട്രിയൻ താരം സ്പാനിഷ് താരം പാബ്ലോ അൻഡ്‌ജ്വോറിനോട് പരാജയപ്പെട്ട് ആദ്യ റൗണ്ടിൽ പുറത്തായി. അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ആദ്യ രണ്ട് സെറ്റുകൾ നേടിയ ശേഷമാണ് തീം മത്സരം കൈവിട്ടത്. സ്‌കോർ 4 - 6, 5 - 7, 6 - 3, 6 - 4, 6 - 4.

വനിതാ സിംഗിൾസിൽ മൂന്ന് തവണ ഗ്രാൻഡ്സ്ലാം കിരീടങ്ങളുള്ള മുൻ ലോക ഒന്നാം നമ്പർ താരം ആഞ്ജലിക് കെർബർ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ മൂന്നാം തവണയാണ് കെർബർ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്. യുക്രൈന്റെ 139-ാം റാങ്കുകാരിയായ ആൻഹെലിന കലിനിനയാണ് ജർമൻ താരമായ കെർബറെ പരാജയപ്പെടുത്തിയത്. സ്‌കോർ: 6-2, 6-4.

അതേ സമയം രണ്ടാം സീഡ് ജപ്പാന്റെ ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്ക രണ്ടാം റൗണ്ടിൽ കടന്നു. റൊമാനിയൻ താരം പാട്രിക്ക മരിയ ടിഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ഒസാക്ക ഫ്രഞ്ച് ഓപ്പണ് ജയത്തോടെ തുടക്കമിട്ടത്. സ്‌കോർ: 6-4, 7-6 (4).

63ാം റാങ്കുകാരിയായ താരത്തിനെതിരേ മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയായിരുന്നു 23-കാരിയായ ഒസാക്കയുടെ ജയം.

പുരുഷ സിംഗിൾസിൽ ജപ്പാൻ താരം കെയ് നിഷികോരി, വനിതാ സിംഗിൾസിൽ ചെക് റിപ്പബ്ലിക് താരം പെട്രോ ക്വറ്റോവ, ബെലാറസ് താരം അരിന സെബലേക്ക എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.

പുരുഷ സിംഗിൾസിൽ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് തിങ്കളാഴ്ചയാണ് ആദ്യ റൗണ്ട് മത്സരം.

ഫ്രഞ്ച് ഓപ്പൺ കാണാനെത്തുന്നവരെ കാത്തിരിക്കുന്നത് ഒരു കൂറ്റൻ പ്രതിമയാണ്. കളിമൺ കോർട്ടിലെ ഇതിഹാസം റാഫേൽ നദാലിന്റെ സ്റ്റെയിൻലെസ് സ്റ്റീൽ പ്രതിമ. കഴിഞ്ഞ ദിവസം താരം തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.