പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ സെമിയിൽ. അർജന്റൈൻ താരം ഡിയേഗോ ഷോർട്സ്മാനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് നദാൽ സെമിയിലെത്തിയത്. അതേ സമയം വനിതാ സിംഗിൾസിൽ നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ ഇഗ സ്വിയറ്റക്ക് സെമി കാണാതെ പുറത്തായി.

റോളണ്ട് ഗാരോസിൽ സെറ്റ് വഴങ്ങാതെയുള്ള റാഫേലിന്റെ മുന്നേറ്റം അവസാനിപ്പിച്ചുവെന്ന് മാത്രമാണ് ക്വാർട്ടറിൽ ഷോർട്സ്മാന് ഓർക്കാനുള്ള നല്ല നിമിഷം. തുടർച്ചയായി 36 സെറ്റുകൾ ജയിച്ചുവരികയായിരുന്നു നദാൽ. സ്‌കോർ 6-3, 4-6, 6-4, 6-0.നൊവാക് ജോക്കോവിച്ച്- മാതിയോ ബരേറ്റിനി മത്സരത്തിലെ വിജയിയെയാണ് നാദൽ സെമിയിൽ നേരിടുക.

സ്റ്റെഫാനോസ് സിറ്റ്സിപാസ്, അലക്സാണ്ടർ സ്വെരേവ് എന്നിവർക്ക് പിന്നാലെയാണ് സ്പാനിഷ് താരം സെമിയിൽ കടന്നത്. വനിത വിഭാഗം സെമിയിൽ റഷ്യൻ താരം അനസ്താസിയ പവ്ല്യുചെങ്കോവ സ്ലോവേനിയയുടെ തമറ സിഡൻസക്കിനെ നേരിടും. മറ്റൊരു സെമിയിൽ ഗ്രീസിന്റെ മരിയ സക്കറി ചെക്കിന്റെ ബർബോറ ക്രസിക്കോവയുമായി മത്സരിക്കും.

പുരുഷ സിംഗിൾസിലെ മറ്റൊരു സെമിയിൽ ഗ്രീക്ക് താരം സ്റ്റാഫാനോസ് സിറ്റ്സിപാസ് ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ നേരിടും. രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിറ്റ്്സിപാസ് സെമിയിൽ കടന്നത്. സ്‌കോർ 6-3, 7-6, 7-5. സ്വെരേവ് നേരിട്ടുള്ള സെറ്റുകൾക്ക് സ്പെയ്നിന്റെ ഡേവിഡോവിച്ച് ഫോകിനയെ തോൽപ്പിച്ചിരുന്നു.

ഗ്രീക്ക് താരം മരിയ സക്കറി നേരിട്ടുള്ള സെറ്റുകൾക്കാണ് നിലവിലെ ചാമ്പ്യനായ പോളിഷ് താരം ഇഗ സ്വിയറ്റകിനെ തോൽപ്പിച്ചത്. സ്‌കോർ 6-4, 6-4 എന്ന സ്‌കോറിനായിരുന്നു സക്കറിയുടെ ജയം. ആദ്യമായിട്ടാണ് സക്കറി ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്.

അമേരിക്കയുടെ കൗമാരതാരം കൊകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ക്രസിക്കോവ സെമിയിൽ കടന്നത്. സ്‌കോർ 6-7, 3-6. ക്രസിക്കോവയുടെയും ആദ്യത്തെ ഗ്രാൻഡ്സ്ലാം സെമി ഫൈനലാണിത്.