പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ഇത്തവണ തീപാറും പോരാട്ടം. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചും മുൻ ചാമ്പ്യൻ റാഫേൽ നദാലും ചൊവ്വാഴ്ച ഏറ്റുമുട്ടും. പ്രീ ക്വാർട്ടറിൽ നദാൽ, അട്ടിമറിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് ക്വാർട്ടർ ഉറപ്പിച്ചത്. പ്രീക്വാർട്ടറിൽ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ഒൻപതാം സീഡ് ഫെലിക്സ് ഔഗർ അലിയാസിമിനെ ആണ് നദാൽ കീഴടക്കിയത്.

13 തവണ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിട്ടുള്ള നദാൽ കളിമൺ കോർട്ടിലെ അഞ്ച് സെറ്റുപോരാട്ടങ്ങളിൽ തോറ്റിട്ടില്ല എന്ന റെക്കോർഡ് നിലനിർത്തിയാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. സ്‌കോർ 3-6, 6-3, 6-2, 3-6, 6-3

പ്രീ ക്വാർട്ടറിൽ അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാനെ ആണ് ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ ജയം സ്‌കോർ 6-1, 6-3, 6-3.

തുടർച്ചയായ 13ആം വർഷമാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ ക്വാർട്ടറിലെത്തുന്നത്. റാഫേൽ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ 100 സിംഗിൾസ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി.
തുടർച്ചയായ പതിമൂന്നാം തവണയാണ് ജോകോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.

ക്വാർട്ടർ ഫൈനലിൽ മറ്റൊരു വമ്പൻ പോരാട്ടം കൂടിയുണ്ട്. ടെന്നിസിലെ പുത്തൻ താരോദയമായ കാർലോസ് അൽകറാസും മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവും ഏറ്റുമുട്ടും. പത്തൊൻപതുകാരനായ അൽകറാസ് നേരിട്ടുള്ള സെറ്റുകൾക്ക് കാരെൻ കച്ചനോവിനെ തോൽപിച്ചു. സ്‌കോർ 6-1, 6-4, 6-4. സ്വരേവ്, പ്രീക്വാർട്ടറിൽ സപാറ്റ മിറെയ്ലസിനെയാണ് തോൽപിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സ്വരേവിന്റെയും ജയം.

പുരുഷ സിംഗിൾസ് ക്വാർട്ടർ ലൈനപ്പ് ഇന്ന് വ്യക്തമാകും. പ്രീ ക്വാർട്ടറിൽ എട്ടാം സീഡ് കാസ്പർ റൂഡും 12-ാം സീഡ് ഹ്ഊബർട്ട് ഹർകസും ഏറ്റുമുട്ടുകയാണ്. നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ്, സീഡ് ചെയ്യപ്പെടാത്ത ഹോൾഗർ റൂണിനെയും ഏഴാം സീഡ് ആന്ദ്രേ റുബ്ലേവ് 11-ാം സീഡ് യാനിക് സിന്നറിനെയും നേരിടുന്നുണ്ട്.