പാരീസ്: കളിമൺ കോർട്ടിൽ താൻ തന്നെ രാജാവെന്ന് റാഫേൽ നദാൽ ഒരിക്കൽക്കൂടി തെളിയിച്ചു. പത്താം തവണ സ്പാനിഷ് താരം ഫ്രഞ്ച് ഓപ്പൺ ഉയർത്തിയത് സ്വിസ്റ്റ്‌സർലൻഡിന്റെ സ്റ്റാൻ വാവ്‌റിങ്കയെ തോൽപ്പിച്ച്. ഒരു ഗ്രാൻഡ്സ്ലാം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കുന്ന താരമെന്ന ബഹുമതി ഇതോടെ നദാലിനായി. അദ്ദേഹത്തിന്റെ 15ാം ഗ്ലാൻഡ് സ്ലാം കിരീടം കൂടിയാണിത്.

രണ്ടു മണിക്കൂറും അഞ്ചു മിനിട്ടും നീണ്ടുനിന്ന മത്സരത്തിൽ തികച്ചും ആധികാരികമായിരുന്നു നദാലിന്റെ ജയം. മൂന്നു സെറ്റുകളും അദ്ദേഹം നിഷ്പ്രയാസം സ്വന്തമാക്കി. സ്‌കോർ: 6-2, 6-3, 6-1.

പവർ ഗെയിമിനു പേരുകേട്ട വാവ്‌റിങ്കയ്ക്കു റൊളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ നിറഞ്ഞു നിന്ന നദാലിനെ ചെറുതായൊന്നു വിറപ്പിക്കാൻപോലുമായില്ല. ഒരൊറ്റ സെറ്റ് പോലും നഷ്ടപ്പെടാതെയാണ് നദാൽ പത്താം കിരീടം സ്വന്തമാക്കിയത്.

2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014 വർഷങ്ങളിലാണ് നദാൽ ഇതിനു മുൻപ് ഫ്രഞ്ച് ഓപ്പണിൽ കിരീടം സ്വന്തമാക്കിയത്.