റൊളാങ് ഗാരോസ്: ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ ഇക്കുറി വിജയകിരീടം ചൂടിയതു പ്രായത്തെ വെല്ലുന്ന പോരാട്ടമികവ്. ഇന്ത്യൻ താരങ്ങൾ നേർക്കു നേർ വന്ന ഫൈനലിൽ ടെന്നീസ് റാണി സാനിയ മിർസയെ മറികടന്നു കപ്പിൽ മുത്തമിട്ടതു 42കാരനായ ലിയാൻഡർ പേസ്.

സാനിയ മിർസയും ക്രൊയേഷ്യൻ താരം ഇവാൻ ഡോഡിജും ഉൾപ്പെട്ട സഖ്യത്തെ പേസും സ്വിസ് താരം മാർട്ടിന ഹിഞ്ജിസും ചേർന്ന സഖ്യം പരാജയപ്പെടുത്തുമ്പോൾ പരിചയസമ്പത്തിന്റെ കൂടി നേട്ടമായി മാറി. ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് അടിയറവു പറഞ്ഞതെന്നതിൽ സാനിയ സഖ്യത്തിനും അഭിമാനിക്കാം.

കടുത്ത പോരാട്ടത്തിനൊടുവിലാണ് പേസ്-ഹിഞ്ജിസ് സഖ്യം കിരീടം നേടിയത്. മികച്ച പോരാട്ടം കാഴ്ചവച്ച സാനിയ-ഡോഡിജ് സഖ്യത്തിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണു പേസ്-ഹിഞ്ജിസ് സഖ്യം തിരിച്ചുവന്നത്. ടൈ ബ്രേക്കറാണു വിധിയെഴുതിയത്. സ്‌കോർ: 4-6, 6-4, 10-8.

മിക്സഡ് ഡബിൾസിൽ കരിയർ ഗ്രാൻഡ് സ്ലാം നേട്ടത്തിനും പേസ്-ഹിഞ്ജിസ് സഖ്യം അർഹരായി. നാല് ഗ്രാൻഡ് സ്ലാമിലും ജേതാക്കളാകുക എന്ന അപൂർവതയാണ് ഇരുവരെയും തേടിയെത്തിയത്. നേരത്തെ ഓസ്ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ, യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടങ്ങൾ 42കാരനായ പേസും 35കാരിയായ ഹിഞ്ജിസും ചേർന്ന സഖ്യം നേടിയിരുന്നു. പേസ് പുരുഷ ഡബിൾസിലും കരിയർ ഗ്രാൻഡ് സ്ലാം നേടിയിട്ടുണ്ട്.