പാരിസ്: ആദ്യ രണ്ട് സെറ്റിലും പിന്നിട്ടു നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവോടെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ. ഒന്നാം സീഡായ ജോക്കോവിച്ചിനെതിരെ പൊരുതിയെങ്കിലും അഞ്ചാം സെറ്റിനിടെ എതിരാളിയായ ലോറെൻസോ മുസേറ്റി പിന്മാറുകയായിരുന്നു. ആദ്യ രണ്ട് സെറ്റിലും മുസേറ്റി മികച്ച പോരാട്ടമാണ് കാഴ്‌ച്ചവെച്ചത്.

ആദ്യ രണ്ട് സെറ്റും ടൈ ബ്രേക്കറിലൂടെ മുസേറ്റി നേടി. എന്നാൽ മൂന്നാം സെറ്റിലും നാലാം സെറ്റിലും ജോക്കോ തിരിച്ചുവന്നു. അഞ്ചാം സെറ്റിൽ 4-0ത്തിന് ജോക്കോ മുന്നിട്ടുനിൽക്കെ മുസേറ്റി മത്സരത്തിൽ നിന്ന് പിന്മാറി. മൂന്നാം സെറ്റ് 6-1നും നാലാം സെറ്റ് 6-0ത്തിനുമാണ് ജോക്കോ സ്വന്തമാക്കിയത്. ക്വാർട്ടറിൽ മറ്റൊരു ഇറ്റാലിയൻ താരം ബരേറ്റിനിയെയാണ് ജോക്കോ നേരിടുക.

മറ്റൊരു മത്സരത്തിൽ ഡിയേഗോ ഷോർട്സ്മാനും ക്വാർട്ടർ ഉറപ്പിച്ചു. ജർമനിയുടെ ലെന്നാർഡ് സ്ട്രഫിനെ തോൽപ്പിച്ചാണ് ഷ്വാർട്സ്മാൻ ക്വാർട്ടറിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അർജന്റൈൻ താരത്തിന്റെ ജയം. സ്‌കോർ 7-6, 6-4, 7-5.

നേരത്തെ നടന്ന മത്സരത്തിൽ ജയിച്ച് അല്ക്സാണ്ടർ സ്വെരേവ് ക്വാർട്ടറിൽ കടന്നിരുന്നു. റോജർ ഫെഡറർ പിന്മാറിയാതോടെ മാതിയ ബരേറ്റിനിക്കും അവസാന എട്ടിൽ ഇടം ലഭിച്ചു. സ്വെരേവ് നേരത്തെ ജപ്പാന്റെ കീ നിഷികോറിയെ തകർത്തു. 6-4, 6-1, 6-1 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സ്വെരേവിന്റെ ജയം. സ്പാനിഷ് താരം ഡേവിഡോവിച്ച് ഫോകിനയാണ് സ്വെരേവിന്റെ എതിരാളി.

വനിതാ സിംഗിൾസിൽ ബാർബൊറ ക്രെജിക്കോവയും കോക്കോ ഗൗഫും മരിയ സക്കാരിയും ക്വാർട്ടർ ഫൈനലിലെത്തി. അമേരിക്കയുടെ സൊളാനി സ്റ്റീഫനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു ബാർബോയുടെ മുന്നേറ്റം. സ്‌കോർ: 6-2,6-0.

ഒൻസ് ജബൗറിനെ തോൽപ്പിച്ചാണ് കോക്കോ ഗൗഫ് അവസാന എട്ടിലെത്തിയത്. അനായാസമായിരുന്നു ഗൗഫിന്റെ വിജയം. സ്‌കോർ: 6-3,6-1. പതിനേഴുകാരിയായ ഗൗഫ് ആദ്യമായാണ് ഗ്രാൻസ്ലാം ക്വാർട്ടർ ഫൈനലിലെത്തുന്നത്.

നാലാം സീഡായ സോഫിയ കെനിനെ അട്ടിമറിച്ചാണ് 17-ാം സീഡായ മരിയ സക്കാരിയുടെ മുന്നേറ്റം. പൊരുതിനോക്കുക പോലും ചെയ്യാതെ സോഫിയ കെനിൻ സക്കാരിക്ക് മുന്നിൽ കീഴടങ്ങി. സ്‌കോർ: 6-1,6-3.

ഫ്രഞ്ച് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു. പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ- ഫ്രാങ്കോ സ്‌കുഗോർ (ക്രൊയേഷ്യ) സഖ്യം ക്വാർട്ടറിൽ പുറത്തായി. സ്പെയ്നിന്റെ പാബ്ലോ അൻഡുഹാർ- പെഡ്രോ മാർട്ടിനെസ് സഖ്യത്തോടാണ് ഇരുവരും പരാജയപ്പെട്ടത്. സ്‌കോർ 5-7, 3-6.

പ്രീ ക്വാർട്ടറിൽ ഇന്തോ- ക്രോട്ട് സഖ്യത്തിന് വാക്കോവർ ലഭിച്ചിരുന്നു. ദിവ്ജി ശരൺ, അങ്കിത റെയ്ന എന്നിവർ ഡബിൾസ് മത്സരത്തിൽ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ സുമിത് നഗൽ, രാംകുമാർ രാംനാഥൻ, പ്രജ്നേഷ് ഗുണേശ്വരൻ, അങ്കിത റെയ്ന എന്നിവർക്ക് യോഗ്യതറൗണ്ട് കടക്കാൻ കഴിഞ്ഞിരുന്നില്ല.