പൂവാർ: വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ ഫ്രിഡ്ജിന് തീപിടിച്ചു. ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന്റെ അടുക്കള പൂർണമായും കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 5ഓടെ കരുംകുളം സ്നേഹതീരത്ത് ബാബു ശിവദാസിന്റെ വീട്ടിലാണ് അപകടം നടന്നത്. ബാബു ശിവദാസിന്റെ ഭാര്യ പാൽ എടുക്കാൻ അടുക്കളയിൽ വന്നപ്പോഴാണ് ഫ്രിഡ്ജ് കത്തുന്നതായി കണ്ടത്.

ഉടൻ രണ്ടാളും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അയൽവാസികളും നാട്ടുകാരും ചേർന്ന് തീ അണച്ചു. വിവരം അറിഞ്ഞ് പൂവാർ ഫയർഫോഴ്‌സും കാഞ്ഞിരംകുളം പൊലീസും സ്ഥലത്ത് എത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.