അടിമാലി: 'അവനും എനിക്കും നീന്തലറിയില്ല. അവൻ വെള്ളത്തിൽച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല' അടിമാലി ശ്രീരാഗം ചെണ്ടമേളം ഗ്രൂപ്പിലെ സജീവാംഗം സിബി സേവ്യർ സുഹൃത്ത് നിധിന്റെ അകാല വേർപാടിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങിനെ.

ഇന്നലെ പുലർച്ചെ ഇലവീഴാപൂഞ്ചിറയിലെ ജലാശയത്തിൽ നിന്നും ഫയർഫോഴാസാണ് നിധിന്റെ ജഡം കണ്ടെടുത്തത്. നിധിൻ ജലാശയത്തിൽ ചാടി നീന്തിയതായി കൂടെ ഉണ്ടായിരുന്നവർ മൊഴി നൽകിയതായുള്ള പൊലീസ് വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അടിമാലി സ്വദേശിയായ സിബി.

ഒരുമാസം മുമ്പ് മാങ്കുളത്ത് പരിപാടി അവതരിപ്പിക്കാൻ ഞങ്ങൾ പോയിരുന്നു.അന്ന് ഞാനും നിധിനും ഒഴികെ എല്ലാവരും പുഴയിൽ നീന്തി. നീന്തലറിയാത്തതിനാൽ ഞാനും അവനും അരയ്‌ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിന്നാണ് കുളിച്ചത്. കൂട്ടുകാർ നീന്തൽ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല-സിബി മറുനാടനോട് വ്യക്തമാക്കി. അതേസമയം, നിധിന്റെ പിതാവും നടൻ ബാബുരാജുമായി വസ്തുത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നിധിനെ അപായപ്പെടുത്താൻ ശ്രമമുണ്ടായെന്ന ആക്ഷേപം കുടുംബം ഉയർത്തിയിരുന്നു. ഇതും പൊലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ശ്രീരാഗം ട്രൂപ്പിൽ നിധിനും അംഗമായിരുന്നു. പത്തുവയസുള്ളപ്പോൾ മുതൽ നാടിന്റെ ഓമനയായിരുന്ന നിധിന് ചെണ്ടമേളത്തോട് താൽപര്യമായിരുന്നു. തുടർന്ന് പിതാവ് സണ്ണി കുഞ്ചിത്തണ്ണിയിലെ മേള വിദ്വാന്റെ വീട്ടിൽ മകന് ചെണ്ട പഠിക്കാൻ അവസരവും ഒരുക്കി. വർഷങ്ങൾക്ക് ശേഷം അടിമാലി സ്വദേശി രാജേഷാണ് നിധിന്റെ കഴിവ് തിരിച്ചറിഞ്ഞ് കൂടെ കൂട്ടിയത്. രാജേഷാണ് ട്രൂപ്പിന്റെ നെടുംതൂൺ.

കഴിഞ്ഞ ഡിസംമ്പർ 2-ന് ഉണ്ടായ വാഹനാപകടത്തിൽ ചെണ്ടമേളം ഗ്രൂപ്പിലെ അംഗങ്ങളായ അനീഷും അപ്പുവും മരണമടഞ്ഞിരുന്നു.ഇതേ ദിവസം കോതമംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സ് തട്ടി സിബിക്കും സാരമായി പരിക്കേറ്റിരുന്നു. ഈ ദുരന്തം പിന്നിട്ട് ഒരു മാസം കഴിയുമ്പോഴേക്കുമാണ് സംഘത്തിലെ മൂന്നാമത് ഒരു കൂട്ടുകാരനും കൂടി വേർപിരിയുന്നത്.

ഈ മാസം ആറിന് കുരിശുപാറ പള്ളിയിൽ ഗ്രൂപ്പിന്റെ മേളം ബുക്കുചെയ്തിരുന്നു്. ഇവിടുത്തെ പെരുന്നാൾ മേളം സ്ഥിരമായി ലഭിച്ചിരുന്നത് ശ്രീരാഗം ബാന്റിനായിരുന്നു. ഇവിടെ കൊട്ടാൻ നിധിനും ഉണ്ടാവേണ്ടതായിരുന്നു. നിധിന്റെ മരണത്തെത്തുടർന്ന് മറ്റെല്ലാ പരിപാടികളും മാറ്റിവച്ചുവെന്നും നിധിനും കൂടി താൽപര്യമുണ്ടായിരുന്ന ഇവിടുത്തെ മേളം മാത്രം തങ്ങൾ ഒഴിവാക്കിയിട്ടില്ലന്നും സിബി പറഞ്ഞു.

ജില്ലക്കത്തും പുറത്തും ഈ ബാന്റ് ടീമിന് ഏറെ ആരാധകരുണ്ടായിരുന്നു. തമിഴ്‌നാട്ടിലും ബാംഗ്ലൂരിലുമെല്ലാം പരിപാടികളും ലഭിച്ചിരുന്നു. ചെണ്ടമേളത്തിന് പുറമേ റോയൽ നോട്ടീസ് എന്ന പേരിൽ നാസിക് ഡോൾ പെർഫോമൻസും ഇവർ നടത്തിയിരുന്നു.

നിധിൻ മാത്യൂവിന് മലയോരത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രമൊഴി

പുതുവർഷ പുലരിയിൽ ഇലവീഴാപൂഞ്ചിറയിലെ ജലാശയത്തിൽ മരരിച്ചനിലയിൽ കണ്ടെത്തിയ ഇരുട്ടുകാനം കമ്പിലൈൻ തറമുട്ടത്തിൽ സണ്ണിയുടെ മകൻ നിധിൻ മാത്യുവിന്റെ (26) സംസ്‌കാര ചടങ്ങുകൾ നടന്ന തോക്കുപാറ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും പൊതുദർശനത്തിന് വച്ച വീട്ടിലും അന്തിമോപചാരമർപ്പിക്കാൻ എത്തിയത് വൻ ജനക്കൂട്ടം.

പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മൃതദ്ദേഹം ഇരുട്ടുകാനം കമ്പിലൈനിലെ വീട്ടിൽ എത്തിച്ചത്. മൃതദ്ദേഹം വീട്ടിലെത്തിക്കുമെന്നറിഞ്ഞ് സമീപപ്രദേശങ്ങളിൽ നിന്നും സന്ധ്യയോടെ തന്നെ വീട്ടിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. രാത്രി ഏറെ വൈകിയും ഇത് തുടർന്നു. നേരം പുലർന്നതോടെ വീട് അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി. എങ്ങും ഉറ്റവരുടെ എങ്ങലും നിലവിളികളും മുഴങ്ങി. സ്ത്രീകളും കൂട്ടുകാരുമെല്ലാം വാവിട്ടുകരയുന്ന കാഴ്ചയായിരുന്നു എങ്ങും. രാവിലെ 10 മണിയോടെ വീട്ടിലേ ചടങ്ങുകൾ പൂർത്തിയാക്കി മൃതദ്ദേഹം പള്ളിയിലേക്ക് വിലപായാത്രയായി എത്തിച്ചു. നിറകണ്ണുകളുമായി ജനസഞ്ചയം തങ്ങളുടെ പ്രിയപ്പെട്ടവന്റെ അവസാന യാത്രയിൽ പങ്കുചേരാനെത്തിയിരുന്നു.രാവിലെ 11 മണിയോടെയാണ് ചടങ്ങുകൾ പൂർത്തിയായത്.

ദുരൂഹത ഉയർന്നതോടെ കൂടുതൽ അന്വേഷണത്തിന് പൊലീസ്

പുതുവർഷ പുലരിയിൽ ഇലവീഴാപൂഞ്ചിറയിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ നിധിൻ മാത്യുവിനെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉണർന്നതോടെ അന്വേഷം വിപുലമാക്കിയിരിക്കുകയാണ് പൊലീസ്. നിധിൻ മാത്യൂവിന്റെ ജഡം മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലാണ് ഇന്നലെ പുലർച്ചെ ഫയർഫോഴ്സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടൻ ബാബുരാജുമായി വസ്തു തർക്കം ഉണ്ടായതിനെ തുടർന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേൽപ്പിച്ച വ്യക്തിയാണ് നിധിന്റെ പിതാവ് സണ്ണി. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം നില നിൽക്കെ തന്റെ വസ്തുവിനോട് ചേർന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോൾ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തിൽ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷം കോടതിയിൽ നിന്നും ജാമ്യം നേടിയാണ് ഇയാൾ പുറത്തിറങ്ങിയത്.

ഈ സംഭവത്തിന്റെ വൈരാഗ്യത്തിൽ ബാബുരാജിന്റെ ഇടപെടലിനെത്തുടർന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്ന സംശയം വീട്ടുകാർ പ്രകടിപ്പിച്ചതോടെ ഈ ദിശയിലും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിൽ കണ്ട പരിക്കുകളും മൂക്കിൽ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാർ തങ്ങളുടെ സംശയങ്ങൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസ് സർജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്തത്.

നിധിന്റേത് മുങ്ങിമരണമാണെന്ന് കരുതുമ്പോഴും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിശദവിവരം ലഭിച്ചാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. മരണങ്ങളിൽ പല കാരണങ്ങളാൽ മൂക്കിൽ നിന്നും രക്തം പ്രവഹിക്കാമെന്ന് ഡോക്ടർ വ്യക്തമാക്കിയതായും എസ് ഐ അറിയിച്ചു.മുഖത്ത് കണ്ട പാടുകൾ ഫയർഫോഴ്സ് പാതളക്കരണ്ടി ഉപയോഗിച്ച് മൃതദ്ദേഹം കണ്ടെടുത്തപ്പോൾ ഉണ്ടായതാവാമെന്നാണ് പൊലീസ് അനുമാനം. നിധിന്റെ വീട്ടുകാർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ബാബുരാജിന്റെ ഫോൺകോൾ വിരങ്ങൾ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനാണ് പൊലീസ് നീക്കം. ഇക്കാര്യത്തിൽ വേണ്ടിവന്നാൽ സൈബർ സെല്ലിന്റെ സഹായം തേടുമെന്നും ഇതുവരെ ഉള്ള അന്വേഷണത്തിൽ സംശയകരകമായ സാഹചര്യമില്ലന്നം എസ് ഐ മറുനാടനോട് വ്യക്തമാക്കി.