കോതമംഗലം: സ്വപ്ന തുല്യം. തന്റെ ജീവിതത്തിൽ കണ്ണടച്ച് തുറക്കും വേഗത്തിലു ണ്ടായ മാറ്റത്തെക്കുറിച്ച് അമലിന് പറയാനുള്ളത് ഇത് മാത്രം.

കഷ്ടപ്പാടുകൾ കൂട്ടുകാരുമായി പങ്കിട്ടപ്പോൾ ഒരിക്കലും അമൽ പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു വലിയമാറ്റം. ദശാബ്ദങ്ങളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന സ്വന്തമായി ഒരുവീട് എന്ന സ്വപ്നമാണ് അമലിന്റെ ജീവിതത്തിൽ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

ബന്ധുവീടിന്റെ പിന്നാമ്പുറത്തെ കെട്ടിയുണ്ടാക്കിയ ചായ്പിലെ നരകജീവിതത്തിൽ നിന്നും സഹോദരങ്ങളായ അഖിലെയും അശ്വതിയെയും അമ്മയെയും കൂട്ടി സഹപാഠികളുടെ കൂട്ടായ്മയാൽ നിർമ്മിക്കപ്പെട്ട പുതിയ വീടിന്റെ പടികയറിയപ്പോൾ അമലിന് പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദം. സുഹൃത്തുകളുടെ വിശാല മനസ്സും സഹൃദയരുടെ കരുണ്യവും ഒത്തൊരുമിച്ചപ്പോൾ പിറവിയെടുത്ത വീട്ടിൽ ഈ കുടുംബം താമസം തുടങ്ങി.

അമൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിംഗിനും സഹോദരൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സിലും സഹോദരി അശ്വതി മാർ അത്തനേഷ്യസ് ആർട്‌സ് കോളജിൽ സോഷ്യാളജിയിൽ ബിരുദത്തിനുമാണ് പഠിക്കുന്നത്. മൂവർക്കും മെറിറ്റിലാണ് ഇവിടെ പ്രവേശനം ലഭിച്ചത്. അമലും അശ്വതിയും ഇരട്ടകളാണ്. വളയൻചിറങ്ങര വാരിക്കാടുള്ള അമ്മ വീടിനോട് ചേർന്ന് താത്ക്കാലികമായുണ്ടാക്കിയ ഷെഡിലാണ് വർഷങ്ങളായി ഇവർ താമസിച്ച് വന്നിരുന്നത്. അടുത്തിയെയാണ് അമൽ ചായ്പിൽ താമസിച്ച് പഠിക്കുന്ന വിവരം സഹപാഠികൾക്കുമുന്നിൽ വെളിപ്പെടുത്തിയത്.

ഇവരുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അച്ഛൻ രാജനും അമ്മ സിന്ധുവും മിശ്രവിവാഹിതരായിരുന്നതിനാൽ വീട് നിർമ്മിക്കുന്നതിനും മറ്റുമുള്ള ആനുകൂല്യങ്ങൾ ലഭിച്ചില്ല. ഇതിനായി ഇവരുടെ അമ്മ സിന്ധു കയറി ഇറങ്ങാത്ത ഓഫീസുകളില്ല. മക്കളെ പട്ടികജാതി വിഭാഗത്തിലുൾപ്പെടുത്തിയിരുന്നതിനാൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നുവെന്ന് മാത്രം. എം.എ.എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.ജെയ് എം.പോളും പ്രഫ.ജീവൻ ജേക്കബും വിദ്യാർത്ഥികളിൽ നിന്നും ഇതിനിടെ ഇവരുടെ വിവരമറിഞ്ഞു.

കൂട്ടുകാർക്ക് കൂടൊരുക്കാൻ തീരുമാനം പെട്ടെന്നുണ്ടായി. കുട്ടികൾ വച്ച വാഴക്കുലകളിലൊന്ന് വെട്ടിയെടുത്തപ്പോൾ ധനസമാഹരണം അതിൽ നിന്ന് തുടങ്ങി. ലേലത്തിൽ പതിനായിരം രൂപയ്ക്ക് മുകളിൽ വില കിട്ടിയ ഒരു പക്ഷെ ആദ്യത്തെ വാഴക്കുല അതായിരിക്കണം. കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും ഒന്നിച്ചപ്പോൾ 20 ദിവസംകൊണ്ട് പിരിഞ്ഞത് ആറരലക്ഷം രൂപ. നാല് സെന്റിൽ രണ്ട് മുറികളും ഹാളും അടുക്കളയുമുള്ള മനോഹര വീട് ഉയരുമ്പോൾ അവിടെയും തങ്ങളുടെ കൈയൊപ്പ് പതിയണമെന്ന് അമലിന്റെ കൂട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു. വീടിന്റെ നിർമ്മാണ ജോലികളിലെ കൂട്ടായ പങ്കാളിത്തത്താൽ അവർ അത് ഉറപ്പാക്കുകയും ചെയ്തു.

പണവും കണക്കുമെല്ലാം പിഴവുകളില്ലാതെ കൈകാര്യം ചെയ്തതും വിദ്യാർത്ഥികൾ തന്നെ. എൻ.എസ്.എസ്. വോളന്റിയർ സെക്രട്ടറിമാരായ കെ.എം.അഭിജിത്തും ഷെയ്ൽ ബാബുവും സ്വന്തം കാര്യമെന്നപോലെ ആദ്യാന്തം നിന്നു. ഒടുവിൽ നിർമ്മാണമെല്ലാം പൂർത്തിയായപ്പോൾ സന്തോഷ വാർത്തയുമെത്തി. അമലിന് ടാറ്റ കൺസൾട്ടൻസി സർവീസിൽ മികച്ച ജോലി. ഇരട്ടിമധുരത്തിന്റെ സന്തോഷത്തിലാണിപ്പോൾ അമലും കുടുംബവും.