മുംബൈ: ഒരു കംപ്യൂട്ടർ സ്വന്തമായി വാങ്ങാൻ സ്വപ്നം പോലും കഴിയാത്ത ബാല്യത്തിൽ നിന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക് കമ്പനിയിൽ ജോലി നേടാൻ സാധിക്കുന്ന രീതിയിൽ പഠിച്ചു മുന്നേറുക. ഷഹീന അത്തർവാല എന്ന യുവതി തന്റെ ജീവിതം സാമൂഹ്യ മാധ്യമത്തിലൂടെ വിവരിക്കുമ്പോൾ അത് കേൾക്കുന്നവർക്ക് അവിശ്വസനീയത തോന്നാം. എന്നാൽ സംഗതി സത്യമാണ്.

മുംബൈയിലെ തെരുവിൽ ജനിച്ചു വളർന്ന് ടെക്ഭീമനായ മൈക്രോസോഫ്റ്റിൽ ജോലി നേടിയ തന്റെ ജീവിതകഥ സാമൂഹിക മാധ്യമത്തിലൂടെ വിവരിച്ചിരിക്കുകയാണ് ഷഹീന അത്തർവാല എന്ന യുവതി. ഒരുകാലത്ത് റോഡരികിൽ കിടന്നുറങ്ങിയിരുന്ന താൻ ഇന്ന് മുംബൈയിലെ വിശാലമായ അപ്പാർട്ട്മെന്റിലാണ് താമസമെന്ന് അവർ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മൈക്രോസോഫ്റ്റിൽ ഡിസൈൻ ലീഡറായ അവർ തെരുവിൽ വളർന്ന കാലഘട്ടത്തെക്കുറിച്ചും അവിടുന്ന് പോരാടിനേടിയ ജീവിതത്തെക്കുറിച്ചും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. ഒട്ടേറെ പേരാണ് അഭിനന്ദനവുമായി എത്തുന്നത്.

ബാഡ് ബോയ് ബില്യണയേഴ്സ്: ഇന്ത്യ എന്ന നെറ്റ്ഫ്ളിക്സ് സീരീസിൽ മുംബൈയിലെ തെരുവിന്റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. ഈ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് ഷഹീന തന്റെ പഴയവീടിന്റെ ചിത്രം ചൂണ്ടിക്കാട്ടിയത്. മുംബൈയിലെ തെരുവിൽ ജനിച്ചു വളർന്ന് മൈക്രോസോഫ്റ്റിൽ ജോലി നേടിയ തന്റെ സ്വന്തം ജീവിത പോരാട്ടമാണ് ഷഹീന അട്ടർവാല എന്ന യുവതി ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.  

2015-ൽ താൻ തനിച്ച് ഇവിടെ വിടുന്നതുവരെ ഇതായിരുന്നു തന്നെ വീട് എന്ന കുറിച്ചിരിക്കുകയാണ് ഷഹീന. ഫോട്ടോയിൽ കാണുന്ന അനേകം വീടുകളിൽ ഒന്ന് എന്റേതാണ്-അവർ പറഞ്ഞു.

ബാന്ദ്രാ റെയിൽവേ സ്റ്റേഷനോട് അടുത്തുസ്ഥിതി ചെയ്യുന്ന ദർഗ ഗള്ളി തെരുവിലായിരുന്നു ഷഹീന താമസിച്ചിരുന്നത്. ഉത്തർപ്രദേശിൽ നിന്ന് മുംബൈയിലെത്തി താമസിച്ചുവരുന്ന വഴിയോരകച്ചവടക്കാനായിരുന്നു ഷഹീനയുടെ പിതാവ്. തെരുവിലെ ജീവിതം ഏറെ പ്രയാസമേറിയതായിരുന്നു. ജീവിതസാഹചര്യങ്ങൾ വളരെ മോശമായിരുന്നു. ലൈംഗിക അതിക്രമങ്ങളും ലിംഗ വിവേചനവും വളരെ കൂടുതലായിരുന്നു. എന്നാൽ, ഇതെല്ലാം നല്ലൊരു ജീവിതം സ്വപ്നം കാണുന്നതിനും അത് നേടിയെടുക്കുന്നതിനും എന്ന പ്രേരിപ്പിച്ചു-എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഷഹീന പറയുന്നു.

15 വയസ്സുള്ളപ്പോൾ എനിക്കു ചുറ്റമുള്ള സ്ത്രീകളുടെ അവസ്ഥ എനിക്ക് മനസ്സിലായി. അവർ നിസ്സാഹയരും പീഡനത്തിനിരയാകുന്നവരും സ്വന്തം തീരുമാനം എടുക്കാൻ പ്രാപ്തിയില്ലാത്തവരും ആയിരുന്നു. ആഗ്രഹത്തിനൊത്തു ജീവിക്കാൻ അവർക്കു സാധിച്ചിരുന്നില്ല. ആ വിധി സ്വീകരിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല'. അവർ വ്യക്തമാക്കി.

സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഷഹീന ആദ്യമായി കംപ്യൂട്ടർ കാണുന്നത്. കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നയാൾക്ക് അനേകം അവസരങ്ങളുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. പ്രതികൂല സാഹചര്യങ്ങൾ കംപ്യൂട്ടർ ക്ലാസുകളിൽ പങ്കെടുക്കാൻ ഷഹീനയെ അനുവദിച്ചില്ല. എന്നാൽ, അതൊന്നും ഷഹീനയെ തളർത്തിയില്ല. നിരസിക്കപ്പെട്ടിട്ടും സാങ്കേതികവിദ്യാ മേഖലയിൽ ജോലി കെട്ടിപ്പടുക്കാൻ അവൾ സ്വപ്നം കണ്ടു.

കംപ്യൂട്ടർ ക്ലാസിൽ പങ്കെടുക്കുന്നതിന് പണം കടം മേടിക്കാൻ അച്ഛനെ ഷഹീന നിർബന്ധിച്ചു. പിന്നെ സ്വന്തമായി ഒരു കംപ്യൂട്ടർ മേടിക്കണമെന്നായി ആഗ്രഹം. അതിനായി ഉച്ചയൂണ് ഉപേക്ഷിച്ചു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്ര കാൽനട ആക്കി. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽനിന്ന് പതിയെ ഡിസൈനിങ്ങിലേക്ക് ഞാൻ ചുവട് വെച്ചു. കാരണം, ഡിസൈനിങ്ങിൽ മികച്ച ഭാവി ഉണ്ടാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞു-അവർ പറഞ്ഞു. ഒടുവിൽ സ്വന്താമായി ഒരു കംപ്യൂട്ടർ വാങ്ങി. അതിനു ശേഷം ഷഹീനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

'കഠിനമായ പരിശ്രമത്തിലൂടെ ഷഹീനയും കുടുംബവും കഴിഞ്ഞ വർഷം സ്വന്തമായ ഒരു അപ്പാർട്‌മെന്റിലേക്കു മാറി. 'ആക്രിക്കച്ചവടക്കാരനായ എന്റെ അച്ഛനും ഞങ്ങളും റോഡരികിലാണ് അന്തിയുറങ്ങിയിരുന്നത്. ഇങ്ങനെയൊരു ജീവിതം സ്വപ്നം കാണാൻ പോലും ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. കഠിനാധ്വാനം കൊണ്ടു മാത്രമാണ് ഈ നേട്ടം.' ഷഹീന പറയുന്നു. കഠിനപ്രയത്‌നത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നിങ്ങൾക്കു സുരക്ഷിതമായ ഇടം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതിസന്ധികൾ നേരിടുന്ന പെൺകുട്ടികളോട് ഷഹീനയ്ക്കു പറയാനുള്ളത്.

കഴിഞ്ഞ വർഷമാണ് ഷഹീനയും കുടുംബവും മുംബൈയിൽ പുതിയ അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയത്. താൻ ജീവിച്ച സമാന സാഹചര്യത്തിൽ കഴിയുന്ന പെൺകുട്ടികൾക്ക് ഷഹീന ഉപദേശം നൽകുന്നുണ്ട്. വിദ്യാഭ്യാസവും നൈപുണിയും ജോലിയും സ്വന്തമാക്കുന്നതിന് കഴിയാവുന്ന എല്ലാം ചെയ്യുക. പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവുംവലിയ നാഴികക്കല്ലായി അത് മാറും-അവർ പറഞ്ഞു.

ഷഹീനയുടെ ട്വീറ്റിന് നാലായിരത്തോളം ലൈക്കുകളാണ് ലഭിച്ചത്. അഭിനന്ദനം അറിയിച്ച് നൂറുകണക്കിന് കമന്റുകളും അവർക്കു കിട്ടി. പ്രചോദിപ്പിക്കുന്നതാണ് ഷഹീനയുടെ ജീവിതമെന്ന് ഒട്ടേറെപ്പേർ പറഞ്ഞു.

തന്റെ സ്വപ്നം പൂർത്തീകരിക്കുന്നതിന് കൂടെ നിന്ന തന്റെ അച്ഛന് നന്ദി പറയാനും ഷഹീന മറന്നില്ല. അദ്ദേഹത്തിന് ഔദ്യോഗിക വിദ്യാഭ്യാസം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കരുതൽ എല്ലാം മാറ്റിമറിച്ചു. പതിറ്റാണ്ടുകൾ തെരുവിൽ താമസിച്ചതിനാൽ അദ്ദേഹത്തിന്റെ ക്ഷമയും വിട്ടുവീഴ്ചയും മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കാൻ സഹായിച്ചു. പണം സൂക്ഷിച്ച് ഉപയോഗിക്കാനും ആവശ്യമുണ്ടപ്പോൾ വീട്ടുവീഴ്ച ചെയ്യാനും ഞങ്ങളുടെ വരുമാനത്തിന് താഴെ ജീവിക്കാനും തെരുവിലെ ജീവിതം ഞങ്ങളെ പ്രാപ്തരാക്കി-ഷഹീന പറയുന്നു.