- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാറിങ്ങിന് പിന്നാലെ പൈപ്പിടാൻ ഇനി റോഡ് കുത്തിപ്പൊളിക്കില്ല; പ്രശ്നപരിഹാരത്തിന് കലണ്ടർ തയ്യാറാക്കി പ്രവൃത്തികൾ നടത്തും; അടിയന്തര ജോലികൾക്ക് അനുമതി നൽകാൻ റോ പോർട്ടലിൽ പ്രത്യേക സംവിധാനം
തിരുവനന്തപുരം: റോഡുകൾ ടാർ ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഇതിനായി പ്രവൃത്തികളുടെ കലണ്ടർ തയാറാക്കാൻ ജലവിഭവ, മരാമത്ത് വകുപ്പുകൾ തീരുമാനിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണു പുതിയ തീരുമാനങ്ങൾ.
റോഡ് വെട്ടിപ്പൊളിക്കൽ വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ജനുവരിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നെടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ് പുതിയ പദ്ധതി. ഇതിനായി ഇരുവകുപ്പുകളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപവത്കരിച്ചിരുന്നു.
ഈ സമിതി നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് അനുസരിച്ച് റോഡ് പുതിയതായി ടാർ ചെയ്ത് പണി പൂർത്തിയാക്കിയാൽ ഒരു വർഷത്തിന് ശേഷം മാത്രമേ പൈപ്പിടലിനായി കുഴിക്കാൻ അനുമതി നൽകാവൂ എന്ന നിർദ്ദേശമാണ് പ്രധാനപ്പെട്ടത്. എന്നാൽ ചോർച്ച പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഇളവ് അനുവദിക്കും. ഇതിന് പുറമെ അടിയന്തരമായ അറ്റകുറ്റപ്പണികൾ, വലിയ പദ്ധതികൾ, ഉയർന്ന മുൻഗണനയുള്ള പദ്ധതികൾ എന്നിവയ്ക്കും ഒരുവർഷമെന്ന നിബന്ധനയിൽ നിന്ന് ഇളവ് ലഭിക്കും.
പുതിയ റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനും പൈപ്പ് ഇടൽ ജോലി അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാനും ഇരുവകുപ്പുകളും ചേർന്നുള്ള പ്രവർത്തനം അനിവാര്യമാണെന്ന് മന്ത്രിമാർ നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
മറ്റ് നിർദ്ദേശങ്ങൾ
റോഡുകളിൽ നടക്കാൻ പോകുന്ന ജോലിയുടെ കലണ്ടർ, ജല അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും റോ പോർട്ടലിൽ ഉൾപ്പെടുത്തുകയും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യണം. അടിയന്തര ജോലികൾക്കായി അനുമതി നൽകാൻ റോ പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കും.
പൊതുമരാമത്ത് റോഡുകളുടെ സമീപമുള്ള വാട്ടർ അഥോറിറ്റി പൈപ്പ് ലൈനിൽ ഉണ്ടാകുന്ന ചോർച്ച പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര അനുമതിക്ക് ഇതേ പോർട്ടലിലൂടെ തന്നെ അഥോറിറ്റി അപേക്ഷിച്ചാൽ മതിയാകും.
അറ്റകുറ്റപ്പണി ഉത്തരവാദിത്ത കാലാവധി കഴിഞ്ഞ റോഡുകളിലെ ചോർച്ച അടയ്ക്കുന്നതിനു മുൻകൂറായി തുക കെട്ടിവയ്‌ക്കേണ്ട ആവശ്യമില്ല. പൊതുമരാമത്ത് വകുപ്പിനെ വിവരം ധരിപ്പിച്ച ശേഷം അറ്റകുറ്റപ്പണി തുടങ്ങാം.
പുതിയ പൈപ്പ് കണക്ഷനായി പൊതുമരാമത്ത് വകുപ്പിന്റെ റോഡ് കുഴിക്കുന്നതു മുതൽ മുൻ നിലവാരത്തിൽ പുനർനിർമ്മിക്കുന്നതു വരെയുള്ള ഉത്തരവാദിത്തം ജല അഥോറിറ്റിക്ക് ആയിരിക്കും. കുഴിക്കുന്നതിനു മുൻപുള്ള അതേ നിലവാരത്തിൽ പുനർ നിർമ്മിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതലയും ജല അഥോറിറ്റിക്കാണ്. ഇതിനൊപ്പം ജല അഥോറിറ്റി ചെയ്ത ജോലികളുടെ വിശദമായ ബോർഡും സ്ഥാപിക്കണം.
അറ്റകുറ്റപ്പണികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ചുമതല പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കാണ്. ഇതിനൊപ്പം ഇരു വകുപ്പുകളിലെയും എക്‌സിക്യൂട്ടീവ് എൻജിനീയർ തലത്തിൽ സംയുക്ത പരിശോധനയും നടത്തണം.
പൈപ്പ് ഇടുന്നതിനു കുഴിക്കുന്ന റോഡുകൾ നിശ്ചിത കാലയളവിനുള്ളിൽ ജോലി പൂർത്തിയാക്കണം. റോഡ് കുഴിക്കാൻ അനുമതി നൽകുമ്പോൾ ഇക്കാര്യം രേഖപ്പെടുത്തും.
ഡിഫക്ട് ലയബിലിറ്റി പീരിയഡിലുള്ള (ഡി.എൽ.പി.) റോഡുകൾ കുഴിക്കും മുൻപ് പുനർ നിർമ്മാണത്തിനുള്ള തുകയുടെ 10% പൊതുമരാമത്ത് വകുപ്പിനു ജല അഥോറിറ്റി കെട്ടിവയ്ക്കണം. നിശ്ചിത കാലത്തിനുള്ളിൽ പണി പൂർത്തിയാക്കിയില്ലെങ്കിൽ ഡെപ്പോസിറ്റ് തുകയിൽനിന്ന് ആനുപാതികമായ തുക ഈടാക്കും.
റോഡുകൾ ടാറിങ് പൂർത്തിയാക്കിയതിനു പിന്നാലെ നിർമ്മാണ പ്രവർത്തനത്തിനായി കുത്തിപൊളിക്കുന്നത് പതിവായതിനെ തുടർന്നാണ് മന്ത്രിമാർ വിഷയത്തിൽ ഇടപെട്ടത്. തുടർന്നാണ് ഇരു വകുപ്പുകളുടേയും മന്ത്രിമാർ യോഗം ചേർന്ന് സമിതി രൂപീകരിച്ചതും മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചതും. ഇരുവകുപ്പുകളും യോജിച്ചു പ്രവർത്തിക്കുന്നതോടെ പുതിയ റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ