തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പിണറായി സർക്കാരന് വലിയ വീഴ്ച വന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ദുരന്തം അറിയിക്കുന്നതിൽ വലിയ പിഴവുണ്ടായി. ഇത് കേരളത്തിന്റെ തെറ്റാണെന്ന് ബിജെപിക്കാരും കേന്ദ്രം പറയാത്തതു കൊണ്ടാണെന്ന് കേരളവും പറയുന്നു. പക്ഷേ ദേശീയ മാധ്യമങ്ങൾ പിണറായി പക്ഷത്താണ്.

ഓഖിയിൽ കേരള സർക്കാരിന്റെ ഇടപെടലിനെ അഭിനന്ദിച്ച് ഫ്രണ്ട് ലൈൻ മാസിക ലേഖനമെഴുതി. വേഴ്സസ് ഓഫ് ഗ്രീഫ് ആൻഡ് ആങ്കർ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് അഭിനന്ദനം. ഓഖി ദുരന്തം നേരിടുന്നതിന് കേരള, തമിഴ്‌നാട് സർക്കാരുകൾ സ്വീകരിച്ച നടപടികൾ താരതമ്യം ചെയ്തു കൊണ്ടാണ് ലേഖനം. കേരളത്തെ പുകഴ്‌ത്തുന്നതാണ് ലേഖനം.

ഓഖിയെ തുടർന്ന് കടലിൽ കാണാതായവരുടേയും മരണപ്പെട്ടവരുടേയും എണ്ണം നിശ്ചയിക്കുന്നതിൽ തമിഴ്‌നാട് സർക്കാർ പരാജയപ്പെട്ടുവെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഇതോടെ ദുരിതബാധിതർക്ക് നൽകേണ്ട നഷ്ടപരിഹാര തുകയുടെ വിതരണവും മുടങ്ങിയിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ തങ്ങളെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടതും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട് സർക്കാരിനെ അപേക്ഷിച്ച് കേരള സർക്കാർ മത്സ്യത്തൊഴിലാളികളെ കൂടുതലായി പരിഗണിക്കുന്നുണ്ടെന്ന് തമിഴ് മത്സ്യത്തൊഴിലാളികളെ ഉദ്ധരിച്ച് ലേഖനം പറയുന്നു. ഓഖി ദുരന്ത ബാധിതർക്ക് വേണ്ടി പിണാറായി വിജയൻ പ്രവർത്തിക്കുമ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി ആർ.കെ നഗറിൽ വോട്ടിന് വേണ്ടി ഓടുകയായിരുന്നെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഓഖി ദുരന്തം വിവാദമാക്കി റിപ്പോർട്ട് ചെയ്ത കേരള മാധ്യമങ്ങളേയും ഫ്രണ്ട് ലൈൻ വിമർശിക്കുന്നുണ്ട്. അങ്ങനെ പിണറായിക്ക് പിന്തുണ നൽകുകയാണ് ഫ്രണ്ട് ലൈൻ.