ലോകത്തേറ്റവും കൂടുതൽ പഴവർഗങ്ങൾ ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഹരിതവിപ്ലവത്തിന്റെ ഫലമായി കാർഷിക രംഗത്തുണ്ടായ പുരോഗതിയുടെ ഫലമാണിത്. ചൈനയാണ് ലോകത്തേറ്റവും കൂടുതൽ ഫലവർഗങ്ങൾ ഉദ്പാദിപ്പിക്കുന്ന രാജ്യം.

പച്ചക്കറികളെക്കാൾ വേഗത്തിൽ പഴവർഗവിപണി പുരോഗതി കൈവരിക്കുകയാണ് ഇന്ത്യയിൽ. കൂടുതൽ ഉദ്പാദനവും ഈ മേഖലയിലാണ് ഉണ്ടാകുന്നത്. കൂടുതൽ കർഷകർ ഈ രംഗത്തേയ്ക്ക് തിരിയുന്നതായും കാർഷിക മന്ത്രാലയം പുറത്തിറക്കിയ ഹോർട്ടികൾച്ചറർ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

മുന്തിരികയറ്റുമതിയാണ് ഇന്ത്യയിൽനിന്നേറ്റവും കൂടുതൽ നടക്കുന്നത്. 2014-15 കാലയളവിൽ 1086 കോടി രൂപ വിലവരുന്ന 10,7300 ടൺ മുന്തിരിയാണ് കയറ്റുമതിയാണ് ചെയ്തത്. മാങ്ങയുടെയും വാഴപ്പഴത്തിന്റെയും കയറ്റുമതിയിലും കാര്യമായ പുരോഗതിയുണ്ടായി.

2001-02 കാലയളവിൽ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തത് 145.8 മെട്രിക് ടൺ ഹോർട്ടി കൾച്ചർ ഉത്പന്നങ്ങളാണെങ്കിൽ 2014-15 മെട്രിക് ടണ്ണായി ഉയർന്നത്. കൃഷി 16.5 മില്യൺ ഹെക്ടർ സ്ഥലത്തുനിന്ന് 23.4 മില്യൺ ഹെക്ടർ സ്ഥലത്തേയ്ക്ക് വർധിച്ചു. രാജ്യത്തും ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യയും ചൈന, അമേരിക്ക, ബ്രസീൽ, സ്‌പെയിൻ, മെക്‌സിക്കോ, ഇറ്റലി, ഇൻഡോനേഷ്യ, ഫിലിപ്പിൻസ്, തുർക്കി എന്നീ രാജ്യങ്ങളുമാണ് ഹോർട്ടികൾച്ചർ ഉദ്പാദനരംഗത്ത് മുന്നിട്ടുനിൽക്കുന്നത്. ഇന്ത്യയിൽത്തന്നെ ആന്ധ്രപ്രദേശ്, ജമ്മുകാശ്മീർ, തെലങ്കാന, മധ്യപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് ഫലവർഗ കൃഷിയിൽ മുന്നിട്ടുനിൽക്കുന്നത്.

മാങ്ങയുദ്പാദനത്തിൽ വിഭജനത്തിന് മുമ്പ് ആന്ധ്രപ്രദേശാണ് മുന്നിട്ടുനിന്നിരുന്നത്. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മാങ്ങ ഉദ്പാദിപ്പിക്കുന്നത്. ആപ്പിൾ ഉദ്പാദനത്തിൽ ജമ്മു കാശ്മീരിലെ ബാരാമുള്ളയും വാഴപ്പഴം ഉദ്പാദനത്തിൽ മഹാരാഷ്ട്രയിലെ ജൽഗാവോൺ ജില്ലയും മുന്നിട്ടുനിൽക്കുന്നു. എന്നാൽ വാഴപ്പഴം ഏറ്റവും കൂടുതൽ ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം തമിഴ്‌നാടാണ്. നാരങ്ങയുടെയും ഓറഞ്ചിന്റെയും ഉദ്പാദനത്തിൽ തെലങ്കാനയിലെ നൽഗോണ്ട ജില്ലയാണ് മുന്നിൽ. പേരക്ക ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ്.