കോയമ്പത്തൂർ: മദ്യം കലർത്തിയ ലഘുഭക്ഷണം വിതരണം ചെയ്ത കഫേ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ് അതോററ്ററി പൂട്ടി. കോയമ്പത്തൂരിലെ 'റോളിങ് ഡഗ് കഫേയാണ്' എഫ്എസ്എസ്എഐ അധികൃതർ പൂട്ടിച്ചത്. കഫേയുടെ അടുക്കളയിൽ നിന്നും മദ്യകുപ്പികൾ ലഭിച്ചിരുന്നു. തമിഴ്‌നാട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി എം സുബ്രഹ്‌മണ്യത്തിന്റെ നിർദേശ പ്രകാരമായിരുന്നു എഫ്എസ്എസ്എഐ നടപടി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഈ കഫേയിൽ മദ്യം ഉപയോഗിക്കുന്നതായി പരാതി ലഭിച്ചത്. ഇതിനെ തുടർന്നാണ് എഫ്എസ്എസ്എഐ കോയമ്പത്തൂർ ഓഫീസർ കെ തമിഴ്‌ശെൽവന്റെ നേതൃത്വത്തിലെ സംഘം കഫേ പൂട്ടിച്ചത്. ഈ കഫേയിലെ ചില ഉത്പന്നങ്ങളിൽ മദ്യം ചേർക്കുന്നുണ്ട്. ഇത് അവർ മെനുവിലും പറയുന്നുണ്ട്.

അതേ സമയം ഈ കഫേയുടെ അടുക്കള പരിശോധിച്ച എഫ്എസ്എസ്എഐ ടീമിന് ഇവിടെ ഭക്ഷണം ഉണ്ടാക്കാൻ പഴകിയ സാധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലായി. ഒപ്പം തന്നെ ഇവിടുത്തെ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും, അടുക്കള വൃത്തിഹീനമാണെന്നും കണ്ടെത്തി.

ഇവിടെ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെ സംപിളുകളും എഫ്എസ്എസ്എഐ ടീം ശേഖരിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയാണ് ജീവനക്കാർ പണിയെടുക്കുന്നതെന്നും, പെസ്റ്റ് കൺട്രോൾ, ആഹാരം പാകം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം എന്നിവ നോക്കുന്നില്ലെന്നും എഫ്എസ്എസ്എഐ കണ്ടെത്തിട്ടുണ്ട്.