മെൽബൺ: നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ ഇന്ധന നികുതിയിൽ സർക്കാർ വർധന ഏർപ്പെടുത്തി. അതോടെ പെട്രോൾ വിലയിലും വർധനയുണ്ടായി. ഒരു കുടുംബത്തിന് ആഴ്ചയിൽ ശരാശരി 40 സെന്റ് അധികം ഇന്ധനയിനത്തിൽ ചെലവാക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം ഈ മാസം തന്നെ തലസ്ഥാനത്തെ പെട്രോൾ പമ്പുകൾ പെട്രോൾ വില അല്പം കുറച്ചിരുന്നതിനാൽ ഇന്നു മുതൽ പ്രാബല്യത്തിലാകുന്ന വില വർധന വാഹന ഉടമകളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെട്രോപൊലിറ്റൻ സിറ്റികളെ അപേക്ഷിച്ച് വെസ്റ്റേൺ സിഡ്‌നിയിലെയും മെൽബന്റേയും ഉൾപ്രദേശങ്ങളിൽ പെട്രോളിന് നേരിയ തോതിൽ വിലക്കുറവുണ്ട്. മെട്രോ പൊലീറ്റൻ സിറ്റികളിൽ ലിറ്ററിന് ശരാശരി 1.39 ഡോളർ നൽകേണ്ടി വരുമ്പോൾ ഉൾപ്രദേശങ്ങളിൽ ഇത് 1.30 ഡോളറാണ്.

ഇന്ധന നികുതി അര സെന്റാണ് ഇന്നു മുതൽ വർധിപ്പിച്ചിരിക്കുന്നത്. ഇതു മൂലം ഒരു കുടുംബത്തിന് ആഴ്ചയിൽ ശരാശരി 40 സെന്റിന്റെ അധികചെലവാണ് വരുത്തിവയ്ക്കുന്നത്. അതേസമയം ബൈ ആനുവൽ എക്‌സൈസ് നികുതി നടപ്പാക്കുമ്പോൾ ഒരാൾക്ക് ശരാശരി രണ്ടു മുതൽ മൂന്നു ഡോളർ വരെ അധികഭാരം ഉണ്ടാകേണ്ടി വരുമെന്നാണ് വാഹനഉടമകൾ അവകാശപ്പെടുന്നത്.

2001-ൽ ജി എസ് ടി നടപ്പാക്കിയ ശേഷം എക്‌സൈസ് നികുതി 38.143-ൽ തന്നെ നിലനിർത്തുകയായിരുന്നു. ആ സമയം പെട്രോളിന് ലിറ്ററിന് 77 സെന്റായിരുന്നു വില. ശേഷം 2014 ഒക്ടോബറിൽ അബോട്ട് സർക്കാർ വർഷത്തിൽ രണ്ടു തവണ ഇൻഡക്‌സേഷൻ വർധന നടപ്പാക്കുകയായിരുന്നു. ഇതോടെ 38.6 സെന്റാണ് എക്‌സൈസ് നികുതി. നവംബർ പത്തു മുതൽ പുതിയ എക്‌സൈസ് നികുതി പ്രാബല്യത്തിലാകുമെന്ന് കഴിഞ്ഞ മാസം തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

ഇനി എല്ലാ ആറുമാസം കൂടുമ്പോൾ എക്‌സൈസ് നികുതി വർധന നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. അതുകൊണ്ടു തന്നെ ഇനിയും പെട്രോൾ വിലയിൽ വർധന വരുമെന്നതാണ് വാഹനഉടമകളെ ഭയപ്പെടുത്തുന്നത്. എക്‌സൈസ് നികുതി എടുത്തുകളഞ്ഞില്ലെങ്കിൽ അര സെന്റ് എന്നുള്ള വില വർധന ഉടൻ തന്നെ വൻ തുകയിലേക്ക് മാറുമെന്നാണ് മോട്ടോർ ഗ്രൂപ്പുകളും പ്രതിപക്ഷവും വാദിക്കുന്നത്. 13 വർഷത്തിൽ ആദ്യമായാണ് നാണ്യപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഇന്ധന നികുതി വർധിപ്പിക്കുന്നത്. ജി എസ് ടി വർധിക്കും തോറും അത് പെട്രോൾ വിലയിലും മാറ്റമുണ്ടാക്കും. ആറുമാസം കൂടുമ്പോൾ പെട്രോൾ വിലയിൽവർധന നേരിടുന്നത് കുടുംബബജറ്റിനെ തകർക്കുമെന്നും വിലയിരുത്തപ്പെടുന്നു.