- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ യുഡിഎഫ് സർക്കാർ അധിക നികുതി വേണ്ടെന്ന് വച്ച ജനങ്ങളെ സഹായിച്ചത് ആറ് തവണ; അധികനികുതിയായി 2190 കോടി ഖജനാവിലേക്ക് ഒഴുകി എത്തിയിട്ടും ചെറുവിരൽ അനക്കാതെ എൽഡിഎഫ് സർക്കാർ; പെട്രോളിയം സെസായി കിട്ടിയ 5000 കോടി പോയത് കിഫ്ബിക്കും; വിലക്കയറ്റത്തിൽ പൊറുതി മുട്ടി ജനം
തിരുവനന്തപുരം : പെട്രോൾ, ഡീസൽ വില ദിനം പ്രതി കുതിക്കുമ്പോൾ ജനങ്ങൾ ദുരിതത്തിലാണ്. ഇന്ധന വില വർധനവിന്റെ ഭാഗമായി സാധനങ്ങൾക്ക് കൂടി വില കൂടിയതോടെ ജനജീവിതം താറുമാറായി. ആശ്വാസ നടപടികൾ ഒന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
ഇന്ധന നികുതിയുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതിയിൽ നിന്ന് പോലും ഒരു രൂപ കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ അധിക നികുതി വേണ്ടന്ന് വച്ച് ജനങ്ങൾക്ക് താങ്ങായി. മുൻ യു.ഡി.എഫ് സർക്കാർ 6 തവണയാണ് അധിക നികുതി വേണ്ടന്ന് വച്ച് ജനങ്ങളെ സഹായിച്ചത്.
2016 - 17 മുതൽ 2020-21 വരെ ഇന്ധന നികുതിയായി സംസ്ഥാനത്തിന് ലഭിച്ചത് 37346.92 കോടിയാണ്. ഇക്കാലയളവിൽ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും അധിക നികുതിയായി സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയത് 2190 കോടിയാണ്. ഇങ്ങനെ അഞ്ച് വർഷം കൊണ്ട് സംസ്ഥാന സർക്കാരിന് ലഭിച്ചത് 39536. 92 കോടി രൂപ . ഇത് കൂടാതെയാണ് ഒരു ലിറ്റർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും 1 രൂപ വീതം പെട്രോളിയം സെസായി സംസ്ഥാന സർക്കാർ ഈടാക്കുന്നത്. കിഫ്ബി ക്കാണ് പെട്രോളിയം സെസിലൂടെ ലഭിച്ച മുഴുവൻ തുകയും പോകുന്നത്. 5000 കോടി രൂപ ഈയിനത്തിൽ കിഫ് ബിക്ക് ഇതുവരെ ലഭിച്ചു.
കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാണ് ജനങ്ങളെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് സർക്കാർ ഭരണം. ബജറ്റിൽ നികുതികൾ കുത്തനെ വർധിപ്പിച്ചു. ഇത് കൂടാതെയാണ് കറന്റ് ചാർജ് ,വാട്ടർ ചാർജ് , ബസ് ചാർജ് എന്നിവ വർധിപ്പിച്ചത്. ഇതിനോടൊപ്പം ഇന്ധന വിലയുടെ വർധനവ് കൂടിയായതോടെ ജനജീവിതം തീരാ ദുരിതത്തിലായി.
ഇതിനൊപ്പം സാധാരണക്കാർക്ക് റേഷൻ മണ്ണെണ്ണയുടെ വിലക്കയറ്റവും തിരിച്ചടിയായി. ഒറ്റയടിക്ക് 22 രൂപയുടെ വർദ്ധനയാണ് മണ്ണെണ്ണയ്ക്ക് ഉണ്ടായിരിക്കുന്നത്. നിലവിൽ 59 രൂപ എന്നത് ഇനി ഈ മാസംമുതൽ 81 രൂപയാകും. അതേസമയം ഉയർന്നവിലയ്ക്ക് മണ്ണെണ്ണ എടുക്കാനാകില്ലെന്ന് റേഷൻ മൊത്ത വ്യാപാരികൾ അറിയിച്ചിട്ടുണ്ട്.
നികുതിദായകരായ സാധാരണക്കാരന്റെ കൈയിൽ നിന്നും വലിയ ചെലവ് വർദ്ധനയാണ് ഈ സാമ്പത്തിക വർഷം ഉണ്ടായിരിക്കുന്നത്. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഒഴിവാക്കാൻ സിഎൻജിയിലേക്ക് മാറിയ ഓട്ടോകാർക്കും വിലക്കയറ്റം കനത്ത തിരിച്ചടിയാണ്. ജീവൻ രക്ഷാ മരുന്നുകൾ, ദേശീയ പാതയിലെ ടോളുകൾ എന്നിവക്ക് വിലകൂടിയിട്ടുണ്ട്.
ചിക്കൻ,ഭക്ഷ്യ എണ്ണ, അരി എന്നിവയ്ക്ക് വിലകൂടിയതോടെ ഹോട്ടൽ ഉടമകളും വില ഉയർത്താൻ നിർബന്ധിതരായി. പാചകത്തിന് പ്രധാനമായ പാചകവാതക വാണിജ്യ സിലിണ്ടറിന് 257.50 രൂപയാണ് വർദ്ധിച്ചത്. ഇപ്പോൾ 2275 രൂപയാണ് തലസ്ഥാനത്ത് വില. സിഎൻജിക്ക് ഒൻപത് രൂപ വർദ്ധിച്ചതോടെ പ്രകൃതി വാതകം ഉപയോഗിക്കുന്ന വാഹനക്കാർ പ്രതിസന്ധിയിലാണ്. കിലോയ്ക്ക് 76.90 ആണ് തലസ്ഥാനത്തെ വില. കൊച്ചിയിൽ 80 രൂപയും. വിമാനത്തിലെ ഏവിയേഷൻ ഫ്യുവലിനും വിലകൂടി.