ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വില വർധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ധന വില വർധനവ് ജനങ്ങൾക്ക് പ്രശ്നമാണെന്ന് അംഗീകരിക്കുന്നു. പക്ഷേ, ദുഷ്‌കരമായ സമയത്ത് ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തണം. കോവിഡ് വാക്സിനുവേണ്ടി വർഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികൾക്കായി പണം കരുതി വെക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടിയത് എന്തുകൊണ്ടാണെന്ന് രാഹുൽഗാന്ധി പറയണം. പാവപ്പെട്ടവരെ കുറിച്ച് രാഹുൽഗാന്ധിക്ക് ആശങ്ക ഉണ്ടെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇന്ധന വിലയിലെ നികുതി കുറയ്ക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളും കോൺഗ്രസിന് ഭരണത്തിൽ പങ്കാളിത്വമുള്ള മഹാരാഷ്ട്രയും നികുതി കുറയ്ക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപി. ഭരിക്കുന്ന മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപ കവിഞ്ഞെങ്കിലും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല.

മഹാമാരിക്കെതിരേ പേരാടാനും വികസന പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയിൽ നിന്നുള്ള അധിക പണം ആവശ്യമാണെന്നും പ്രധാൻ പറഞ്ഞു. 'ഇന്ധനവില ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായി അംഗീകരിക്കുന്നു. വാക്സിനുകൾക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്കുമായി പണം ചെലവഴിക്കുന്നതിനൊപ്പം ഈ വർഷം മാത്രം പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് സർക്കാർ ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നു.'- മന്ത്രി പറഞ്ഞു.

ഇന്ധനവില വർധനവിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ആക്രമണത്തേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ഇന്ധനം വിലയേറിയത് എന്തുകൊണ്ടാണെന്നാണ് മന്ത്രി ചോദിച്ചത്. പാവപ്പെട്ടവരെ ഇന്ധനവില ബാധിക്കുമെന്ന് ആശങ്കയുണ്ടെങ്കിൽ രാഹുൽ ഗാന്ധി നികുതി കുറയ്ക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടണമെന്നും നികുതി കുറയ്ക്കാൻ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക നികുതികൾ, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധന വില വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ലഡാക്ക് എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപയിൽ കൂടുതലാണ് വില. ഇതിൽ രാജസ്ഥാനിൽ അധികാരത്തിലുള്ള കോൺഗ്രസ് മഹാരാഷ്ട്രയിലെ ശിവസേനയും എൻസിപിയുമായുള്ള സഖ്യത്തിലും പങ്കാളിയാണ്. എന്നാൽ മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിലിൽ ബിജെപി ഭരിക്കുമ്പോൾ ലഡാക്ക് കേന്ദ്രഭരണ പ്രദേശമാണ്.

രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വിൽപ്പന നികുതി ചുമത്തുന്നതും കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവയാണ് തൊട്ടുപിന്നിൽ.