- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കയറ്റത്തിൽ പൊറുതി മുട്ടുമ്പോൾ തീകോരിയിട്ട് ഇന്ധനവില വർധന തുടരുന്നു; ഇന്ന് പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി; രണ്ടാഴ്ച്ചക്കിടെ കൂടിയത് പത്ത് രൂപയിലധികം; നികുതി കുറച്ച് ജനങ്ങളെ സഹായിക്കാതെ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊരുതി മുട്ടവേ തീകോരിയിട്ട് ഇന്ധനവില വർധന തുടരുന്നു. ഇന്നും എണ്ണവിലയിൽ വർധനവുണ്ടായി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 114.20 രൂപയും ഡീസലിന് 101.11 രൂപയുമായി, തിരുവനന്തപുരത്ത് പെട്രോളിന് 116.32 രൂപയും ഡീസലിന് 103.10 രൂപ, കോഴിക്കോട് പെട്രോൾ 114.49, ഡീസൽ 101.42 എന്നിങ്ങനെയാണ് വില.
കഴിഞ്ഞ 16 ദിവസത്തിൽ പെട്രോളിന് കൂട്ടിയത് 10.01 രൂപയും ഡീസലിന് 9.67 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ട് ആഴ്ചയിൽ പെട്രോളിന് ലിറ്ററിന് 9.59 രൂപയും ഡീസലിന് 9.26 രൂപയുമാണ് കൂട്ടിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരുകയാണ്. ഇന്ധന വിലയുടെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു.
ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വർധനവ് പതിവാകുകയാണ്. തുടർച്ചയായ 16ാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത്. ഇപ്പോൾ കത്തുന്ന വിലക്കയറ്റത്തിന് കൂടി ഇന്ധന വിലവർധന ഇടയാക്കുന്നുണ്ട്.
എന്നാൽ, ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള യാതൊരു നടപടിയും സർക്കാറുകൾ കൈക്കൊള്ളുന്നില്ലെന്നതും ശ്രദ്ധേയമാണ്. കേന്ദ്രസർക്കാറും കേരള സർക്കാറും ഇക്കാര്യത്തിൽ ജനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്. കേരളം ഇന്ധനനികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധനവില കേന്ദ്രം കൂട്ടാതിരിക്കുകയാണ് വേണ്ടത്. വില കൂട്ടിയിട്ട് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. കേന്ദ്രവിഹിതം 17000 കോടി കുറയുന്ന സാഹചര്യത്തിൽ അധികവരുമാനം വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും ഇത് നേരിടാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാ ദിവസവും ഇന്ധനവില വർധിക്കുന്നത് കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങളിൽ വമ്പിച്ച വിലക്കയറ്റത്തിന് കാരണമായിത്തീരുമെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇവയ്ക്കെതിരായി വലിയ പ്രക്ഷോഭങ്ങൾ രാജ്യത്തെമ്പാടും വളർന്നുവരികയാണെന്നും കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മറുനാടന് ഡെസ്ക്