- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ നികുതി കുറച്ചതിന് പിന്നാലെ ആരുമറിയാതെ പെട്രോൾ കമ്പനികളുടെ ഇരുട്ടടി; നികുതി കുറച്ചതിനിടെ പെട്രോൾവില കൂട്ടി കമ്പനികൾ; വർധിപ്പിച്ചത് 80 പൈസ; ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും വിശദീകരണം നൽകിയില്ല
മുംബൈ: കേന്ദ്രസർക്കാർ ഇന്ധന വിലയുടെ നികുതി കുറച്ചതിന്റെ ഗുണം നാട്ടുകാർക്ക് ലഭിക്കും മുമ്പ് എണ്ണക്കമ്പനികളുടെ വക ഇരുട്ടടി. നികുതി കുറച്ചതിനിടെ ആരുമറിയാതെ പെട്രോളിന് 80 പൈസ വർധിപ്പിച്ച് പെട്രോളിയം വിതരണ കമ്പനികൾ. എന്നാൽ, വിലവർധന സംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. സർക്കാർ നികുതി കുറച്ചതിന്റെ പിന്നാലെയാണ് ഈ നടപടി.
നികുതി ഇളവുവരുത്തുന്നതിനു മുമ്പും അതിനുശേഷവും പമ്പിൽ ലഭിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിലയുടെ ഘടന സംബന്ധിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കിൽനിന്നാണ് വിലവർധനയുടെ കാര്യം വ്യക്തമാകുന്നത്. നികുതിയിളവ് കൊണ്ടുവരുന്നതിനുമുമ്പ് മെയ് 16-നുള്ള കണക്കുപ്രകാരം പെട്രോളിന് 56.33 രൂപയും ഡീസലിന് 57.94 രൂപയുമായിരുന്നു ഡൽഹിയിലെ അടിസ്ഥാന വില. എക്‌സൈസ് തീരുവ 27.90 രൂപയും ഡീസലിന് 21.80 രൂപയുമായിരുന്നു. സംസ്ഥാന വാറ്റ് യഥാക്രമം 17.13 രൂപയും 14.12 രൂപയുമാണ്. ഇനി 22-ലെ കണക്കു നോക്കാം. പെട്രോളിന് 57.13 രൂപയും ഡീസലിന് 57.92 രൂപയുമായിരുന്നു അടിസ്ഥാന വില. എക്‌സൈസ് തീരുവ 19.90 രൂപയും 15.80 രൂപയുമാണ്. സംസ്ഥാന വാറ്റ് പെട്രോളിന് 15.71 രൂപയും ഡീസലിന് 13.11 രൂപയും വരും.
ഇവ തമ്മിലുള്ള വ്യത്യാസം കണക്കാക്കുമ്പോൾ പെട്രോളിന്റെ അടിസ്ഥാനവിലയിൽ 80 പൈസയുടെ വർധനയുണ്ടെന്ന് വ്യക്തമാകുന്നു. എക്‌സൈസ് തീരുവയിൽ എട്ടുരൂപയുടെയും സംസ്ഥാന വാറ്റിൽ 1.42 രൂപയുടെയും കുറവുണ്ടാകും. ഡീലർ കമ്മിഷൻ ഏഴു പൈസ വർധിച്ചു. ഡൽഹിയിൽ പെട്രോളിന് 8.69 രൂപയുടെ കുറവാണ് പിറ്റേന്നുണ്ടായത്. എക്‌സൈസ് തീരുവയും സംസ്ഥാന വാറ്റുമടക്കം 9.42 രൂപ കുറയേണ്ട സ്ഥാനത്താണിത്.
അതേസമയം, ഡീസൽ വിലയിൽ രണ്ടുപൈസ കുറയ്ക്കുകയാണ് ചെയ്തത്. എക്‌സൈസ് തീരുവയിൽ ആറു രൂപയുടെയും സംസ്ഥാന വാറ്റിൽ 1.01 രൂപയുടെയും കുറവുവന്നു. ഡീലർ കമ്മിഷനിൽ രണ്ടുപൈസയുടെ കുറവുണ്ടായി. ഡീസൽ വിലയിൽ 7.05 രൂപയുടെ കുറവാണ് ചില്ലറവിലയിൽ പിറ്റേന്നു വന്നത്. 7.01 രൂപ കുറയേണ്ട സ്ഥാനത്ത് 7.05 രൂപ കുറഞ്ഞുവെന്നർഥം.
സർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന്റെ മറവിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പെട്രോളിയം കമ്പനികൾ പെട്രോൾ വിലയിൽ 80 പൈസയുടെ വർധനയും ഡീസൽ വിലയിൽ രണ്ടു പൈസയുടെ കുറവും വരുത്തിയിട്ടുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. പണപ്പെരുപ്പം കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ സാധാരണക്കാർക്ക് നൽകിയ നികുതിയിളവിന്റെ ആനുകൂല്യത്തിൽ പെട്രോളിയം കമ്പനികൾ പെട്രോൾവില വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്രം ശനിയാഴ്ച നികുതി കുറച്ചത്. ഇതനുസരിച്ച് ഞായറാഴ്ച പെട്രോളിന് 9.40 രൂപയും ഡീസലിന് 7.36 രൂപയും സംസ്ഥാനത്ത് കുറഞ്ഞു. പെട്രോളിന് 10.41 രൂപയുടെ കുറവ് പ്രതീക്ഷിച്ച സ്ഥാനത്താണിത്. വിലക്കയറ്റം ഒരുപരിധി വരെ പിടിച്ചുകെട്ടാൻ ഉദ്ദേശിച്ചായിരുന്നു നികുതിനഷ്ടം സഹിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഈ നടപടി.
മറുനാടന് ഡെസ്ക്