കൊച്ചി: 2018 ലെ പ്രളയത്തിന് കേന്ദ്ര ദുരന്ത പ്രതികരണനിധിയിൽ നിന്ന് അംഗീകരിച്ച 3048.39 കോടി രൂപ പൂർണമായും ചിലവഴിച്ചെന്ന് സംസ്ഥാന സർക്കാർ. 2018-19 സാമ്പത്തിക വർഷം വെള്ളപൊക്കവുമായി ബന്ധപ്പെട്ട് 2904.85 രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് ഒക്ടോബർ 14ന് നൽകിയ മറുപടിയിലാണ് ദുരന്ത നിവാരണ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ 01.04.2018 ൽ നിലനിന്നിരുന്ന ബാലൻസ് തുകയായ 287.08 കോടി രൂപയുടെ 50 ശതമാനമായ 143.54 കോടി രൂപ കുറച്ച് 2904.85 രൂപയാണ് സംസ്ഥാനത്തിന് 2018 ലെ പ്രളയത്തിന് കേന്ദ്ര സർക്കാർ ഫണ്ടായി നൽകിയത്. 2018 ലെ പ്രളയ ഫണ്ട് പൂർണമായും വിനിയോഗിക്കുകയും ഓഗസ്റ്റ് 26 ന് വിനിയോഗ സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു എന്നും മറുപടിയിൽ പറയുന്നു. അതെ സമയം സംസ്ഥാനത്തിന് 2019 ലെ പ്രളയത്തിന് കേന്ദ്ര സർക്കാർ ഇത് വരെ ഫണ്ട് നൽകിയിട്ടില്ല. മാത്രമല്ല 460.77 കോടി രൂപ പ്രളയ ഫണ്ടായി ലഭിച്ചിട്ടില്ല എന്നും വിവരാവകാശ മറുപടിയിൽ ദുരന്ത നിവാരണ വകുപ്പ് പറയുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു പ്രളയത്തിനും കൂടി ഇതുവരെ ലഭിച്ചത് 4912.45 കോടി രൂപയാണ് എന്ന് സിഎംഡിആർഎഫ് പോർട്ടലിൽ കാണിക്കുന്നു. 26-03-2020 ശേഷമുള്ള സംഭാവനയുടെ കണക്കുകൾ പോർട്ടലിൽ നൽകിയിട്ടില്ല. ഈ ഫണ്ടിൽ നിന്നും പ്രളയത്തിന് വേണ്ടി വിതരണം ചെയ്തത് 3560.9 കോടി രൂപയാണ്. 12-10-2020 നാണ് ഈ കണക്കുകൾ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത് കെ ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു. കോവിഡ് 19 ന് ചിലവഴിച്ചിരിക്കുന്നത് 523.01 കോടി രൂപയും.