- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫണ്ട് വിവാദം: കാസർകോട്ട് ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടങ്ങി; ജില്ലാ കമ്മിറ്റി യോഗം ബഹിഷ്കരിച്ച് നേതാക്കൾ; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്നത് 14 കോടിയെന്ന് നേതാക്കളുടെ ആരോപണം; തെരഞ്ഞെടപ്പിന്റെ ഫലം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ പങ്കെടുത്തത് ഇരുപതോളം പേർ മാത്രം
കാസർകോട് കാസർകോട്:നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും ഫണ്ട് ചെലവിട്ടതും തർക്ക വിഷയമായതോടെ ഓൺലൈനിൽ ചേർന്ന ബിജെപി ജില്ലാ കമ്മിറ്റി യോഗം ഭൂരിഭാഗം അംഗങ്ങളും ബഹിഷ്കരിച്ചു. 48 പേരിൽ പകുതി പേർ പോലും പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിന്റെ പ്രഥമിക വിലയിരുത്തലിനായി ചേർന്ന യോഗത്തിൽ നിന്നാണ് ഭൂരിഭാഗവും വിട്ടുനിന്നത്.മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വാർത്തകളും മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതിലും നേതാക്കൾ മത്സരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പരാജയത്തിനേക്കാളും മണ്ഡലങ്ങളിൽ ചെലവിടാനായി ദേശീയനേതൃത്വം എത്തിച്ച 14 കോടിയോളം രൂപയെ ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. സംസ്ഥാനത്ത് ഫണ്ടിന്റെ പേരിൽ ആരോപണം നേരിടുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കാഞ്ഞങ്ങാട് സ്വദേശിയായ സംഘടനാ സെക്രട്ടറി എം ഗണേശ് എന്നിവരുടെ പക്ഷത്താണ് ജില്ലാ നേതൃത്വം. തങ്ങളുടെ പക്ഷക്കാർ മത്സരിച്ച മണ്ഡലങ്ങളിൽ കൂടുതൽ ഫണ്ട് നൽകിയെന്നും മറ്റുള്ളവർക്ക് കുറച്ചാണ് നൽകിയതെന്നും ആരോപണവുമുണ്ട്.ജില്ലാ കമ്മിറ്റിയുടെ സംഘടനാ സംവിധാനം ദുർബലമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ആളും പണവുമിറക്കിയിട്ടും ജില്ലാ പ്രസിഡന്റ് മത്സരിച്ച കാസർകോട, ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാളും ആറായിരത്തോളം വോട്ട് കുറഞ്ഞ ഞെട്ടലിലാണ് നേതൃത്വം.
ശക്തികേന്ദ്രങ്ങളായ കാസർകോട് നഗരസഭ, മധൂർ, കാറഡുക്ക എന്നിവിടങ്ങളിലുണ്ടായ വോട്ടുചോർച്ച ജില്ലാ നേതൃത്വത്തിനെതിരെയുള്ള മുന്നറിയിപ്പാണെന്ന് എതിർവിഭാഗം വ്യക്തമാക്കുന്നു. സംഘടനയെ സ്വന്തം കൈപ്പിടിയിലാക്കിയ നേതാക്കൾക്കെതിരെ പലതവണ പരാതി നൽകിയിട്ടും ഗൗനിക്കാത്ത സംസ്ഥാന കമ്മിറ്റിക്കും താക്കീതാണിതെന്ന് അവർ പറയുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ തനിക്കെതിരെ പ്രവർത്തിച്ച ജില്ലാ നേതൃത്വത്തിനെതിരെ ഉന്നയിച്ച പരാതി പരിഗണിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ് സംസ്ഥാന സമിതി അംഗത്വം രാജിവെച്ച് രവീശതന്ത്രി കുണ്ടാർ ആത്മീയ പ്രവർത്തനങ്ങളിലേക്ക് മടങ്ങിപോയിരുന്നു.കെ സുരേന്ദ്രൻ ജില്ലയുടെ ചുമതല ഏറ്റെടുത്തത് മുതൽ പല പ്രമുഖ നേതാക്കളും അവഗണിക്കപ്പെട്ടുവെന്നും കൂടെ നിൽക്കുന്നവർ മാത്രമാണ് നേതൃത്വത്തിലുള്ളതെന്നും ബിജെപിയിൽ ആക്ഷേപമുണ്ട്.
കെ ജി മാരാർ, സി കെ പത്മനാഭൻ, പി കെ കൃഷ്ണദാസ് തുടങ്ങിയ സംസ്ഥാന നേതാക്കൾ പ്രവർത്തിച്ചതും മത്സരിച്ചതുമായ ജില്ലയിൽ നേതൃത്വത്തിന്റെ ആജ്ഞാനുവർത്തികളുടെ കൂട്ടമായി പാർട്ടി സംഘടനാ സംവിധാനം തകർത്തുവെന്നാണ് ആക്ഷേപം.ആദ്യകാലം മുതലേ പാർട്ടി ഭരിച്ചിരുന്ന മധൂർ പഞ്ചായത്തിൽ വലിയ തിരിച്ചടിയാണ് തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായത്.
ജില്ലയിലെത്തിയത് 14 കോടി
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയതിൽ ബിജെപി സംസ്ഥാന നേതൃത്വം കുരുക്കിലായി നിൽക്കേ ജില്ലയിലെത്തിയ ഫണ്ട് ചെലവഴിച്ചതിലും കണക്കില്ലെന്ന് വിമർശനം. കർണാടക വഴിയാണ് സംസ്ഥാനത്തേക്ക് ഫണ്ട് വന്നത്. ജില്ലയിൽ 14 കോടിയോളം രൂപ എത്തിയിട്ടുണ്ടന്നാണ് കണക്ക്. മഞ്ചേശ്വരത്ത് ആറു കൊടിയും കാസർകോട് അഞ്ച് കൊടിയും വന്നു. കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്ത് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫുൽ കൃഷണനും സുരേഷ്കുമാർ ഷെട്ടിയും ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് മത്സരിച്ച കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡയും ഹരീഷ് നാരംപാടിയുമാണ് ഫണ്ട് കൈകാര്യം ചെയ്തത്. ബൂത്ത് കമ്മിറ്റികൾക്ക് ഒരുലക്ഷം മുതൽ അര ലക്ഷം വരെ നൽകാനായിരുന്നു നിർദ്ദേശം. ഇതര പാർട്ടികളിലെ പ്രാദേശിക നേതാക്കളെ വശത്താക്കാനും പണം വാഗ്ദാനം ചെയ്തിരുന്നു. ബിഎസ്പി സ്ഥാനാർത്ഥി എം സുന്ദരയെ പിൻവലിപ്പിച്ചത് ഭീഷണിപ്പെടുത്തി പണം നൽകിയാണെന്ന് ആരോപണമുയർന്നിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്