ഷിക്കാഗോ: മുൻ ഇല്ലിനോയിസ് ഡപ്യൂട്ടി ട്രഷററായ രാജാ കൃഷ്ണൂർത്തിക്കുവേണ്ടി ഷിക്കാഗോയിലുള്ള മലയാളികൾ ഫണ്ട് റൈസിംഗും ഡിന്നറും നടത്തി. ലൂസെന്റ് ടെക്‌നോളജീസിന്റെ ഡയറക്ടറായ നൈനാൻ തോമസ്, മേഴ്‌സി ഹോസ്പിറ്റൽ അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടർ ഡോ. ജോസഫ് ഏബ്രഹാം, ഒറക്കിൾ കോർപറേഷൻ മാനേജർ ഏബ്രഹാം പണിക്കർ എന്നിവർ നേതൃത്വം നൽകി. ഗോപിയോ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, ഫൊക്കാനാ മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള, എക്യൂമെനിക്കൽ ചർച്ചസ് ഓഫ് ഷിക്കാഗോ സെക്രട്ടറി ജോർജ് പണിക്കർ, ഗോപിയോ ഇന്റർനാഷണൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സണ്ണി കുലത്താക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

രാജാ കൃഷ്ണമൂർത്തി തന്റെ മറുപടി പ്രസംഗത്തിൽ മലയാളി സമൂഹവും മറ്റ് ഇന്ത്യൻ സമൂഹവും തന്റെ ഇലക്ഷൻ കാമ്പയിനു നൽകുന്ന എല്ലാ സഹകരണങ്ങൾക്കും നന്ദി പറഞ്ഞു. താൻ യു.എസ് കോൺഗ്രസ് ഇലക്ഷനിൽ ജയിക്കുകയാണെങ്കിൽ തന്നെ കഴിയാവുന്ന എല്ലാ സഹായവും ഇന്ത്യൻ സമൂഹത്തിനു നൽകുമെന്ന് ഉറപ്പു നൽകി. ഇപ്പോൾ യൂ.എസ് കോൺഗ്രസിൽ കാലിഫോർണിയയിൽ നിന്നുള്ള ഡോ. അമി ബെറാ മാത്രമാണുള്ളത്. കൂടുതൽ ഇന്ത്യക്കാർ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യക്കാർ അമേരിക്കൻ ഇലക്ഷനിൽ വോട്ട് ചെയ്യാത്തതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ആറു കോൺഗ്രസ്മാന്മാർ രാജാ കൃഷ്ണമൂർത്തിയെ എൻഡോഴ്‌സ് ചെയ്യുകയുണ്ടായി. കോൺഗ്രസ്മാന്മാരായ ഡാനി ഡേവിഡ്, ഡാൻ ലിപിൻസ്‌കി, ലൂയിസ് ഗുട്ടിയരസ്, ജാൻ ഷക്കോവിസ്‌കി, ജിം ഹൈനസ്, ജാക്കു ജയിൻ കാസ്റ്ററോ എന്നിവരാണ് എൻഡോഴ്‌സ് ചെയ്തത്. ഇതുകൂടാതെ മൂന്നു മാസംകൊണ്ട് 600,000 ഡോളർ ഇലക്ഷനുവേണ്ടി ഡൊണേഷൻ ലഭിക്കുകയുണ്ടായി. രാജാ കൃഷ്ണമൂർത്തി പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും, ഹാർഡ് വാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.