താഷ്‌കന്റ്: ഏഴാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യയിലെത്തും. അമേരിക്കയിലും, ഓസ്‌ട്രേലിയയിലും, ചൈനയിലും നേരത്തെ സന്ദർശനം നടത്തിയ മോദിയുടെ സുപ്രധാന യാത്രയാണ് റഷ്യയിലേക്ക്. വർഷങ്ങളായി റഷ്യയുമായി തുടർന്നു പോരുന്ന ഊഷ്മള ബന്ധം കൂടുതൽ ഉറപ്പിക്കാനാകും മോദിയുടെ ശ്രമം. റഷ്യയിലത്തെുന്ന അദ്ദേഹം ഏഴാമത് ബ്രിക്‌സ് ഉച്ചകോടിയിലും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും പങ്കെടുക്കും. കൂടാതെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

മധേഷ്യൻ സന്ദർശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കസാഖ്‌സ്താനിലെത്തിയിരുന്നു. തലസ്ഥാനമായ അസ്താനയിലെ വിമാനത്താവളത്തിലത്തെിയ അദ്ദേഹത്തിന് പ്രധാനമന്ത്രി കരീം മാസിമോവിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ചർച്ചനടത്തി. സാംസ്‌കാരിക, ടൂറിസം, കാർഷിക മേഖലയിലെ പരസ്പര സഹകരണം ഉറപ്പുവരുത്തുന്ന വിവിധ കരാറുകളിൽ ഇരുവരും ഒപ്പുവച്ചു.

ദീർഘകാലാടിസ്ഥാനത്തിലുള്ള ഊർജ, ബഹിരാകാശ മേഖലയിലെ സഹകരണവും ഇരു രാജ്യങ്ങളും തമ്മിൽ ഉറപ്പുവരുത്തി. മധ്യേഷ്യയിൽ ഇന്ത്യയുടെ വിലപ്പെട്ട സുഹൃത്തായി കസാഖ്‌സ്താൻ നിലനിൽക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചക്കു ശേഷം മോദി ട്വിറ്ററിൽ കുറിച്ചു. കൂടിക്കാഴ്ചക്ക് ശേഷം നാസർബയേവ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. എൽ.എൻ. ഗുമിലേവ് യൂറേഷ്യൻ നാഷനൽ യൂനിവേഴ്‌സിറ്റിയിലെ ഇന്ത്യകസാഖ്‌സ്താൻ സെന്റർ ഫോർ എക്‌സലൻസ് ഇൻ ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

തിങ്കളാഴ്ച ഉസ്ബകിസ്താനിലത്തെിയ അദ്ദേഹത്തെ തലസ്ഥാനമായ താഷ്‌കന്റിലെ വിമാനത്താവളത്തിൽ പ്രസിഡന്റ് ഇസ്ലാം കരീമോവ് സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെ താഷ്‌കന്റിലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമക്ക് മുന്നിൽ അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി ഇന്ത്യയുടെ അഭിമാനപുത്രനാണെന്ന് സന്ദർശന ശേഷം മോദി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ 'ജയ് ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യം എക്കാലത്തും പ്രശസ്തമാണെന്നും കർഷകരെ പ്രോത്സാഹിപ്പിക്കുന്ന മുദ്രാവാക്യത്തിലൂടെ വിദേശത്തുനിന്നുള്ള ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി കുറക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും മോദി പറഞ്ഞു.

ശാസ്ത്രിയുടെ ഓർമകൾ നിലനിർത്തിയതിന് താഷ്‌കന്റ് നിവാസികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യയുടെ വിലപ്പെട്ട സുഹൃത്തായി ഉസ്ബകിസ്താൻ നിലകൊള്ളുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മോദി വ്യക്തമാക്കി. സന്ദർശനത്തിന്റെ ഭാഗമായി താഷ്‌കന്റിലെ സാംസ്‌കാരിക നായകരുമായും ഹിന്ദി പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായും പ്രധാനമന്ത്രി സംവദിച്ചു.