സാങ്കേതികവിദ്യകളിലുണ്ടാകുന്ന വൻകുതിച്ചുചാട്ടം തൊഴിലുകൾ ഇല്ലാതാക്കുമോ എന്ന ചോദ്യം ഇപ്പോൾ വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ചിന്തിപ്പിക്കുന്നുണ്ട്. എന്നാലിതൊരു പുതിയ ചോദ്യമല്ല. 1589-ൽ ഒരു തയ്യൽമെഷീൻ കണ്ടുപിടിച്ച വില്യം ലീ അത് അന്നത്തെ ബ്രിട്ടീഷ് രാജ്ഞിയെ കാണിക്കാനും നാട്ടിൽ വ്യാപകമായി പ്രചരിപ്പിക്കാനും ശ്രമിച്ചു. പക്ഷെ, രാജ്ഞി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചില്ലെന്ന് മാത്രമല്ല, ''മിസ്റ്റർ ലീ, താങ്കളുടെ ലക്ഷ്യം നല്ലതാണെങ്കിലും എന്റെ പാവപ്പെട്ട പ്രജകളോട് ഇത് എന്തുചെയ്യുമെന്ന് നിങ്ങൾ ചിന്തിക്കണം. അവരുടെ തൊഴിലും കളഞ്ഞ് ഇതവരെ തെണ്ടികളാക്കുമെന്ന് നിശ്ചയം'' എന്നാണ് സ്വന്തം മൂക്കോളം എത്തുന്ന ദീർഘവീക്ഷണത്തോടെ രാജ്ഞി പറഞ്ഞത്. വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ഓരോ പുതിയ യന്ത്രവും സാങ്കേതിക വിദ്യയും വന്നപ്പോൾ അക്കാലത്തെ മിടുക്കന്മാരായ തൊഴിലാളികൾ സംഘടനാ ശക്തി ഉപയോഗിച്ച് അതിനെ എതിർത്തിരുന്നു. നെല്ലുകുത്തുന്ന യന്ത്രത്തിനെതിരെ വെങ്ങോലയിലെ തൊഴിലാളികൾ എതിർപ്പ് പറഞ്ഞതായി എന്റെയമ്മയും പറഞ്ഞിട്ടുണ്ട്. കംപ്യൂട്ടറിനെതിരെ നടന്ന സമരങ്ങൾ നമ്മുടെ തൊഴിലാളിചരിത്രത്തിന്റെ ഭാഗമാണല്ലോ. പക്ഷെ ഇങ്ങനെ വന്ന സാങ്കേതിക വിദ്യകൾ ഒക്കെ സമൂഹത്തിൽ പൊതുവെ തൊഴിലില്ലായ്മ ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല തൊഴിലിന്റെ എണ്ണം കൂട്ടുകയും ദെണ്ണം കുറക്കുകയും ചെയ്തു.

പക്ഷെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കളി കാര്യമാകുമെന്നും ടെക്‌നോളജിക്കൽ അൺ എംപ്ലോയ്മെന്റ് സമൂഹത്തെ വ്യാപകമായി ഗ്രസിക്കുമെന്നുമാണ് സാങ്കേതിക ശാസ്ത്രജ്ഞരും സമൂഹശാസ്ത്രജ്ഞരും ഇപ്പോൾ വിശ്വസിക്കുന്നത്. കാരണം ബിഗ് ഡേറ്റാ മാനിപ്പുലേഷൻ, മെഷീൻ ലേർണിങ്, മൊബൈൽ റോബോട്ടിക്‌സ് എന്നിങ്ങനെ യന്ത്രത്തെ മനുഷ്യസമമാക്കാൻ കഴിവുള്ള സാങ്കേതികവിദ്യകളിൽ വൻകുതിച്ചുചാട്ടമാണ് ഇപ്പോൾ നടക്കുന്നത്. അപ്പോൾ കെയിൻസ് പ്രവചിച്ച സാധ്യത, 'our discovery of means of economising the use of labour outrunning the pace at which we can find new uses of labour.' നമ്മെ തുറിച്ചുനോക്കുകയാണ്. ഇങ്ങനെയൊന്നും സംഭവിക്കില്ല, അഞ്ഞൂറുകൊല്ലമായിട്ടുള്ള പേടിയില്ലേ അന്നൊന്നും സംഭവിച്ചില്ലല്ലോ എന്ന ആത്മവിശ്വാസം അല്ലാതെ ഇതെങ്ങനെ ഒഴിവാകും എന്നോ ഒഴിവാക്കാമെന്നോ വികസിത രാജ്യങ്ങൾക്ക് പോലും പിടിയില്ല. റോബോട്ടുകളെ കൊണ്ട് പണിയൊക്കെ എടുപ്പിച്ചിട്ട് ആളുകൾക്ക് മുഴുവൻ ചുമ്മാതിരുന്ന് തിന്നാനും കുടിക്കാനും പിന്നെ അവർക്കിഷ്ടമുള്ളത് ചെയ്യാനും ഉള്ള പണവും സമയവും കൊടുക്കാം എന്നത് വരെ ആയി ചിന്തകൾ. പ്രത്യക്ഷത്തിൽ പരമസുഖം എന്ന് തോന്നുന്ന ഈ സംവിധാനം മാസത്തിൽ ഒന്നര ലക്ഷം രൂപ ഫ്രീ ആയി കൊടുക്കാം എന്ന് വരെ പറഞ്ഞിട്ടും സ്വിറ്റസർലാന്റുകാർ സമ്മതിച്ചില്ല. പണിയെടുത്തേ തീരു എന്ന് ജനം.

ഇങ്ങനെ ചുമ്മാതിരുന്നു തിന്നാൻ പറ്റുന്ന അല്ലെങ്കിൽ തിന്നേണ്ടി വരുന്ന കാലം ഒരു പക്ഷെ പത്തമ്പത് വർഷത്തിനകം വന്നേക്കാം. പക്ഷെ അതിനിടയിൽ തൊഴിലുകൾ ഇല്ലാതാവാൻ പോവുകയാണ്. അപ്പോൾ സമൂഹം എന്നനിലയിലും വ്യക്തികൾ എന്നനിലയിലും തൊഴിലുകളുടെ ഭാവി നാം ശ്രദ്ധിക്കണം. ഏതൊക്കെ തൊഴിലുകളാണ് കംപ്യൂട്ടറും റോബോട്ടുമൊക്കെ അടിച്ചുമാറ്റാൻ പോകുന്നത്? ഏതൊക്കെ തൊഴിലുകളാണ് പുതുതായി ഉണ്ടാകാൻ പോകുന്നത്? നമ്മുടെ തൊഴിൽജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ എന്താണ് നാം ചെയ്യേണ്ടത്?. ഇതൊന്നും ശ്രദ്ധിക്കാതെ ഇന്നലെയുടെ തുടർച്ചയാണ് നാളെ എന്ന വിധത്തിൽ ജീവിക്കാൻ പോയാൽ പണി പാളും. ജാഗ്രതൈ..

'The future of employment: How Suceptible are jobs to computarisation' എന്ന ഓക്‌സ്‌ഫോർഡ് മാർട്ടിൻ സ്‌കൂളിന്റെ പഠനം തൊഴിൽജീവിതത്തിന്റെ ഭാവിയിൽ താൽപര്യമുള്ളവരെല്ലാം വായിച്ചിരിക്കേണ്ടതാണ്. അമേരിക്കയിലെ എണ്ണൂറോളം തൊഴിൽ ശാഖകൾ അപഗ്രഥിച്ചതിനുശേഷം അതിൽ 47ശതമാനവും കംപ്യൂട്ടർവൽക്കരിക്കാൻ ഉയർന്ന സാധ്യതയുണ്ടെന്നും, 19 ശതമാനത്തിന് സാമാന്യം സാധ്യതയുണ്ടെന്നും, ബാക്കി 33 ശതമാനം ജോലികളാണ് താൽക്കാലമെങ്കിലും സുരക്ഷിതമെന്നുമാണ് പഠനം പറയുന്നത്. ഇപ്പോൾ ജോലിയിൽ ഉള്ളവരും ഇനി ജോലിക്കു നോക്കുന്നവരും ഈ പഠനം ശ്രദ്ധിക്കണം. ഇന്നത്തെ ഓരോ ജോലികൾക്കും എന്തുസംഭവിക്കുന്നുവെന്ന് ചിന്തിക്കുന്നതിലുമെളുപ്പം ഏതൊക്കെ തരം ജോലികളാണ് കംപ്യൂട്ടറിന്റെയും റോബോട്ടിന്റെയുമൊക്കെ നീരാളിപ്പിടുത്തത്തിൽ നിന്നും സുരക്ഷിതമെന്നുള്ള അവരുടെ ഫ്രൈയിം വർക്ക് ശ്രദ്ധിക്കുക.

നിങ്ങൾ ചെയ്യുന്ന തൊഴിലിന്റെ പ്രധാന ഭാഗം ഇനി പറയുന്നതിൽ ഏതെങ്കിലും ഒക്കെ ആണെങ്കിൽ ആ തരം ജോലികൾ കൂടുതൽ സുരക്ഷിതം ആണെന്നാണ് അവരുടെ പഠനം പറയുന്നത്.

  • Social perceptiveness
  • Negotiation
  • Persuation
  • Assisting and care for others
  • Fine arts
  • Originality

അപ്പോൾ നാളത്തെ തൊഴിൽ ജീവിതത്തിൽ നമ്മൾ തിരഞ്ഞെടുക്കേണ്ടത് സമൂഹവും ആയി ബന്ധപ്പെടുന്ന ക്രീയേറ്റീവിറ്റിയും നെഗോസിയേഷനും ഒക്കെ വേണ്ട തൊഴിലുകൾ ആണ്. രാഷ്ട്രീയം ആണ് ഒരുദാഹരണം. തൽക്കാലം ഒന്നും അത് കമ്പൂട്ടർവൽക്കരിക്കപ്പെടാൻ പോകുന്നില്ല. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന തൊഴിലും അല്ലെങ്കിൽ നിങ്ങൾ പഠിക്കാൻ പോകുന്ന തൊഴിലും ഈ അരിപ്പയിലൂടെ ഒന്ന് കടത്തി വിട്ടു നോക്കുക.

ചില ജോലികൾ ഒറ്റദിവസം കൊണ്ട് ഇല്ലാതെയാകുകയല്ല പക്ഷെ യഥാർത്ഥജീവിത്തിൽ സംഭവിക്കാൻ പോകുന്നത്. മറിച്ച് മിക്കവാറും ജോലികളിൽ ചില ഭാഗങ്ങൾ കംപ്യൂട്ടറും റോബോട്ടുമൊക്കെ ഏറ്റെടുക്കുകയാണ്. ഉദാഹരണത്തിന് ഒരു ഡോക്ടറുടെ ജോലിയിൽ രോഗിയുമായിട്ടുള്ള ഇന്റർഫേസിന് താൽക്കാലമെങ്കിലും മനുഷ്യർ വേണമെന്നാണ് ആളുകളുടെ ആഗ്രഹം. പക്ഷെ ടെസ്റ്റ് എല്ലാം നടത്തിക്കഴിഞ്ഞാൽ രോഗനിർണയവും അതിന് ചികിത്സ നിശ്ചയിക്കലുമെല്ലാം കംപ്യൂട്ടറാകും ചെയ്യുക (കാൻസർ പോലുള്ള ചില രോഗങ്ങൾക്ക് ഇപ്പോഴേ ഇങ്ങനെ ഒക്കെ ചെയ്തു തുടങ്ങി). അതിനുശേഷം സാധ്യമായ ചികിത്സാരീതികളെപ്പറ്റി രോഗിയെയും ബന്ധുക്കളെയും മനസ്സിലാക്കി കൊടുക്കുന്നിടത്ത് വീണ്ടും ഡോക്ടർ പ്രത്യക്ഷപ്പെടും. ഓപ്പറേഷൻ തിയേറ്ററിൽ രോഗിയെ ആശ്വസിപ്പിച്ച് അനസ്‌തേഷ്യ കൊടുത്താൽപ്പിന്നെ പണി മുഴുവൻ ചെയ്യുന്നത് റോബോട്ടാകാം. കണ്ണ് തുറക്കുമ്പോൾ എടുത്തിരിക്കുന്നത് വീണ്ടും മനുഷ്യൻ. എന്നിങ്ങനെ.

[BLURB#1-VR]അപ്പോൾ ഡോക്ടർ എന്ന തൊഴിലുള്ളവരുടെ ഭാവി, കംപ്യൂട്ടറും റോബോട്ടും അവരുടെ തൊഴിലുകളിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്നെ ആശ്രയിച്ചിരിക്കും. പുതുതായി വരുന്ന സാങ്കേതികവിദ്യകളെ സ്വായത്തമാക്കി സ്വന്തം ജോലി കൂടുതൽ പ്രൊഡക്ടിവ് ആക്കുന്നവരുടെ മൂല്യവും അവസരവും കൂടും. അതിന് ശ്രമിക്കാത്തവരോ, സാധിക്കാത്തവരോ, അതിനെ എതിർത്തുനിൽക്കുന്നവരോ ഒക്കെ വഴിയിൽ വീണുപോകുകയും ചെയ്യും. മറ്റുള്ള ഏതു ജോലിയുടെയും കാര്യം ഇങ്ങനൊക്കെത്തന്നെയാണ്.

ഞാനൊരു എലീറ്റിസ്റ്റ് ആയതിനാൽ യൂറോപ്പിലെയും പ്രൊഫഷണൽ ജോലികളെയും ഒക്കെ പറ്റി മാത്രമേ പറയൂ എന്നൊക്കെ ആരോപണം ഉള്ളതിനാൽ ഒരുദാഹരണം കൂടി പറയാം. കേരളത്തിൽ ഒരു ലക്ഷം പേരെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് ഡ്രൈവര്മാരുടേത്. പക്ഷെ ചിന്തിക്കുന്നവർക്ക് ഡ്രൈവർമാരുടെ ജോലി ഏതാണ്ട് ലൈഫ് സപ്പോർട്ടിങ് സിസ്റ്റത്തിൽ ആണെന്ന് ഇപ്പോഴേ അറിയാം. സെൻസർ ടെക്‌നോളജിയിലും കംപ്യൂട്ടറിലും ബിഗ് ഡാറ്റ പ്രോസസിംഗിലുമുള്ള കുതിച്ചുചാട്ടം കാരണം രണ്ടായിരത്തി മുപ്പത്തിനപ്പുറം ഡ്രൈവർ എന്ന ജോലി ലോകത്ത് ഉണ്ടാവില്ല. അതേസമയം കേരളത്തിൽ അങ്ങോളമിങ്ങോളം മസാലദോശ മുതൽ ഗർഭനിരോധന ഉറ വരെയുള്ള വസ്തുക്കൾ ഗ്രാമത്തിലെ വീടുകളിലും നഗരത്തിലെ ഫ്‌ളാറ്റുകളിലും 'ജസ്റ്റ് ഇൻ ടൈം' എത്തിക്കാൻ ഡ്രോണുകളുടെ വൻ ആർമി ഉണ്ടാകും. ഇവ നിയന്ത്രിക്കാൻ ആളുകൾ വേണ്ടിവരും. അപ്പോൾ ഡ്രൈവർമാർക്കും അവരുടെ സംഘടനക്കും രണ്ടു പാതകൾ ഉണ്ട്. ഒന്ന് ഇപ്പോൾ യൂബറിനെതിരെ സമരം ചെയ്യുന്ന പോലെ ഓട്ടോണമസ് വാഹനങ്ങൾക്കെതിരെ സമരം ചെയ്യാം, കുറേയെണ്ണത്തിനെ അടിച്ചു പൊളിക്കാം, രാഷ്ട്രീയ സ്വാധീനം വച്ച് അത്തരം വാഹനങ്ങൾ വരുന്നത് കുറച്ചു കാലം കൂടി നെറ്റി വക്കാം. അല്ലെങ്കിൽ ഇന്നത്തെ ഡ്രൈവർമാരെ നാളത്തെ ഡ്രോൺ ഓപ്പറേറ്റർ ആക്കാനുള്ള ശ്രമം തുടങ്ങാം. ഇതിന് ട്രേഡ് യൂണിയനുകൾക്കോ സർക്കാരിനോ ഒക്കെ മുൻ കൈ എടുക്കാം. ഇല്ലെങ്കിൽ നമുക്ക് വ്യക്തിപരമായി മാറാൻ നോക്കാം. പക്ഷെ നമ്മൾ എന്ത് ചെയ്താലും ഇല്ലെങ്കിലും ഡ്രോൺ ജയിക്കും ഡ്രൈവർ തോൽക്കും. ഡ്രോണുകളെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളെ!

ഇവിടെയാണ് പുതിയ ലോകത്തെ വിദ്യാഭ്യാസത്തിന്റെ രീതി മാറ്റേണ്ടി വരുന്നത്. ഏതെങ്കിലുമൊരു നല്ല തൊഴിലോ ഡിഗ്രിയോ പഠിച്ച് പിന്നെ ഒരു തൊഴിൽജീവിതകാലം മുഴുവൻ ആ അറിവുവച്ച് ആ തൊഴിൽ ചെയ്ത് ജീവിക്കാം എന്ന ചിന്ത ആദ്യമേ ഉപേക്ഷിക്കുക. 2025-ൽ തൊഴിൽരംഗത്ത് എത്തപ്പെടുന്ന ഒരു മലയാളിക്കുട്ടി രണ്ടോ മൂന്നോ തൊഴിലുകളിലൂടെ കടന്നുപോകേണ്ടിവരും. ഡ്രോൺ പൈലറ്റായി തുടങ്ങിയയാൾ ഉയർന്ന കെട്ടിടത്തിന്റെ ജനാല വൃത്തിയാക്കുന്ന റോബോട്ടിന്റെ ഓപ്പറേറ്റർ ആകേണ്ടി വരും. ആയുർവേദ ഡോക്ടറായി തൊഴിൽ തുടങ്ങുന്ന ഒരാൾ ശവസംസ്‌കാരത്തിന് മൃതദേഹം കുട്ടപ്പനാക്കുന്ന പണിയിലേക്ക് മാറേണ്ടിവന്നേക്കാം. ഒരു ജോലിയിൽനിന്ന് മറ്റൊന്നിലേക്ക്, ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക്, ഒരു പ്രൊഫഷനിൽ നിന്നും മറ്റൊരു പ്രൊഫഷനിലേക്ക് ഒക്കെ വലിയ പരിക്കില്ലാതെ ട്രാൻസിഷൻ നടത്താനുള്ള കഴിവാണ് ഇനിയുള്ള കാലത്തെ തൊഴിൽജീവിതത്തിന്റെ വിജയത്തിന്റെ അടിസ്ഥാനമായി വരുന്നത്. അപ്പോൾ ആദ്യം എന്തുപഠിക്കുന്നു എന്നതിനേക്കാൾ ജീവിതകാലം മുഴുവൻ പഠിക്കാൻ പഠിക്കുക എന്നതാവും പ്രധാനം. എന്തെങ്കിലും പ്രത്യേക സ്‌കില്ലിൽ ഇൻവെസ്റ്റ് ചെയ്യുന്നതാകും ഒരു ഡിഗ്രിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതിലും നല്ലത് (കേരളത്തിൽ ഈ നിർദ്ദേശത്തിന് ചില പരിധികൾ ഉണ്ട്, അത് ഞാൻ പിന്നെ പറയാം, അതുകൊണ്ട് തന്നെ ഡിഗ്രി എടുക്കാനുള്ള പ്ലാൻ മാറ്റണ്ട, പക്ഷെ ഡിഗ്രിയുടെ സമയത്തു തന്നെ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എന്തെങ്കിലും തൊഴിൽ പരിശീലനം ഉറപ്പാക്കാനും ശ്രദ്ധിക്കണം). ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് ഏതു തൊഴിലായാലും അതിലെ പുതിയ നീക്കങ്ങൾ ശ്രദ്ധിക്കുക, അതിനാവശ്യമായ പരിശീലനം നേടുക, ഇതൊന്നും നിങ്ങളുടെ എംപ്ലോയർ നിങ്ങൾക്ക് വേണ്ടി ചെയ്യാൻ നിങ്ങൾ നോക്കി നിൽക്കരുത്.

'ഏണിപ്പടികൾ' എന്നത് പണ്ടൊക്കെ കരിയറിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന സിംബൽ ആയിരുന്നു. പക്ഷെ ഏണിയിൽക്കൂടി കയറിപ്പോകുന്ന ഒരാളുടെ ഉറച്ച കാൽവെപ്പുകളും കണക്കുകൂട്ടലുകളും അല്ല, പകരം അല്പം റിസ്‌ക് ഒക്കെയെടുത്ത് മരം ചാടുന്ന കുരങ്ങന്റെ മെയ്വഴക്കമാണ് പുതിയ തൊഴിൽ ജീവിതത്തിന് വേണ്ടത്. ഇല്ലെങ്കിൽ ''ചാട്ടത്തിലെങ്ങാം പിഴച്ചുപോയോ നിന്റെ കൂട്ടത്തിൽ മറ്റാരും ഇല്ലാത്തതെന്തെടോ'' എന്ന ചോദ്യം ജീവിതത്തിൽ കേൾക്കേണ്ടിവരും.