കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടുമെന്നും ഭരണത്തുടർച്ചയുണ്ടാകുമെന്നും ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. സിപിഐഎം ദേശീയ നയം ബിജെപിയെ മാറ്റി നിർത്താൻ വേണ്ടി ബിജെപി ഇതര പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് മുന്നണിയിൽ എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഫോർവേഡ് ബ്ലോക്ക് യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്.

അത് പ്രകാരമാണ് ബംഗാളിൽ സോണിയാഗാന്ധിയും രാഹുൽഗാന്ധിയുടേയും കട്ടൗട്ടുകൾ നിറഞ്ഞ വേദികളിൽ സിപിഐഎം നേതാക്കൾ പ്രചരണം നടത്തുന്നത്. ബംഗാളിൽ താനും പ്രചരണം നടത്തിയിട്ടുണ്ട്. ഈ നിലപാടിന്റെ ഭാഗമായാണ് മുപ്പത് വർഷം ഇടതുപക്ഷ മുന്നണിയുടെ ഭാഗമാക്കണമെന്ന് അപേക്ഷിച്ച കേരളത്തിലെ ഫോർവേഡ് ബ്ലോക്ക് യുഡിഎഫിനോടൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും ദേവരാജൻ പറഞ്ഞു.

സിപിഐഎംനും കോൺഗ്രസ് വിരുദ്ധ നിലപാട് അധികകാലം കൊണ്ടു നടക്കാനാവില്ല. ആർഎസ്‌പിക്ക് ജീർണ്ണത ബാധിച്ചെന്ന പിണറായിയുടെ പ്രസ്താവന സിപിഐഎംനും ബാധകമാണ്. യുഡിഎഫ് നേതൃത്വവുമായും കെപിസിസി നേതൃത്വവുമായി ചർച്ചകൾ നടക്കുകയാണെന്നും ദേവരാജൻ പറഞ്ഞു.