തിരുവനന്തപുരം: ജി കാർത്തികേയന്റ നിര്യാണത്തെ തുടർന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഡോ. എം ടി സുലേഖയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായി. പാർട്ടിയുടെ താൽപര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സുലേഖയെ അറിയിച്ചെന്നാണ് റിപ്പോർട്ട്. കാർത്തികേയന്റെ പിൻഗാമിയായി സുലേഖ മൽസരിച്ചാൽ വിജയമുറപ്പിക്കാനാകുമെന്ന സന്ദേശമാണു മുഖ്യമന്ത്രി നൽകിയത്.

സുലേഖയെ തന്നെ അരുവിക്കരയിൽ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ ആയതായി നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്‌പി സീറ്റിനായി പിടിവലി തുടങ്ങിയതിനിടെയാണ് ഒരു മുഴം മുമ്പേ മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നാണ് സൂചന. അതിനിടെ, എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ(എം) നേതാവും മുൻ സ്പീക്കറുമായ എം വിജയകുമാർ മത്സരിക്കുമെന്നാണ് സൂചന.

അതേസമയം, നാലുമാസത്തിനിടെ ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയിലെ സീറ്റിനു പകരം ഡെപ്യൂട്ടി സ്പീക്കർ പദവി വേണമെന്ന ആവശ്യം ആർഎസ്‌പി ഉന്നയിച്ചിട്ടുണ്ട്. കാർത്തികേയന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ആലോചിച്ചു മറുപടി നൽകിയാൽ മതിയെന്നാണ് കാർത്തികേയന്റെ വിശ്വസ്തർ വഴി സുലേഖയെ മുഖ്യമന്ത്രി അറിയിച്ചത്.

നേരത്തെ ആര്യനാടു മണ്ഡലമായിരുന്ന ഇവിടം കഴിഞ്ഞ തവണയാണ് അരുവിക്കരയായി മാറിയത്. ഇവിടെ തുടർച്ചയായി അഞ്ചുതവണയാണു കാർത്തികേയൻ ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോടൊപ്പമായിരുന്ന ആർഎസ്‌പിയുടെ അമ്പലത്തറ ശ്രീധരൻ നായരെ 10,674 വോട്ടിനാണു കാർത്തികേയൻ തോൽപ്പിച്ചത്. അടുത്തകൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിനുതൊട്ടുമുമ്പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് യുഡിഎഫിന് അനിവാര്യവുമാണ്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വിജയിക്കാനായി. പക്ഷേ സോളാർ വിവാദവും ബാർ കോഴയുമെല്ലാം സർക്കാരിന്റെ പ്രതിശ്ചായ കുറച്ചു. ഈ സാഹചര്യത്തിൽ കാർത്തികേയന്റെ സഹാതാപ തരംഗം അരുവിക്കരയിൽ നിർണ്ണായകമാണ്. അത് പരമാവധി ഉപയോഗിക്കാനാണ് സുലേഖയെ സ്ഥാനാർത്ഥിയാക്കുന്നത്. അരുവിക്കരയിൽ രാഷ്ട്രീയ പോരാട്ടം നടന്നാൽ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. അതുകൊണ്ട് കൂടിയാണ് സുലേഖയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

കാർത്തികേയന് മണ്ഡലത്തിലെ ജനങ്ങളുമായി നല്ല അടുപ്പമായിരുന്നു. മണ്ഡലവുമായി എപ്പോഴും വൈകാരികമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് കാർത്തികേയന്റെ പിന്മാഗിമായി അദ്ദേഹത്തിന്റെ പത്‌നിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടാകുന്നത്. പാർട്ടിയിലെ ഉന്നത നേതാക്കളെല്ലാം ഇതിന് അനുകൂലമാണ്. സുലേഖ എന്ന ഒറ്റപേര് മാത്രമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അനൗപചാരിക ചർച്ചകൾ മാത്രമാണ് നടക്കുന്നതെങ്കിലും മറ്റു പേരുകളൊന്നും സ്ഥാനാർത്ഥിയായി ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നില്ല. കോളജ് അദ്ധ്യാപികയായി വിരമിച്ച ഡോ. സുലേഖ ഇപ്പോൾ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്.

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് സുലേഖയെ മത്സരിപ്പിക്കുന്നത് കോൺഗ്രസ് ആലോചിച്ചിരുന്നു. പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയാൽ വനിതാ സംവരണമായതിനാൽ സുലേഖയെ മേയറാക്കാനും പരിഗണിച്ചു. എന്നാൽ ഇത് ഏറെ വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ ഉണ്ടാക്കി. ഈ സാഹചര്യത്തിൽ കാർത്തികേയൻ തന്നെയാണ് സുലേഖ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. തന്റെ പേരിൽ വിവാദമുണ്ടായതിൽ വേദനയും നേതാക്കളോട് പങ്കുവച്ചു. കോൺഗ്രസ് രാഷ്ട്രീയവുമായുള്ള സുലേഖയുടെ ആഭിമുഖ്യം തിരിച്ചറിഞ്ഞാണ് അന്ന് സുലേഖയുടെ പേര് കോൺഗ്രസ് പരിഗണിച്ചത്. അതുകൊണ്ട് തന്നെ രാഷ്ട്രീയവുമായി സുലേഖയ്ക്ക് ബന്ധമില്ലെന്ന് ആർക്കും ഈ ഘട്ടത്തിൽ വിമർശനമുന്നയിക്കാനും കഴിയില്ല.

എന്നാൽ അരുവിക്കരയിൽ മത്സരിക്കണമെന്ന നിർദ്ദേശത്തോട് സുലേഖ എപ്രകാരം പ്രതികരിക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് സംശയമുണ്ട്. അതിനാലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയിരിക്കുന്നത്.