തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സഭയെ നിയന്ത്രിക്കാൻ സ്പീക്കർ ജി കാർത്തികേയൻ എത്തും. എന്നാൽ അസുഖത്തിൽ നിന്ന് പൂർണ്ണ മുക്തി നേടാത്തതിനാൽ സജീവമായി സമ്മേളനത്തിൽ പങ്കെടുക്കില്ല. ആദ്യ ദിവസത്തെ ചോദ്യോത്തര വേള നിയന്ത്രിക്കാൻ കാർത്തികേയൻ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ തുടർന്നങ്ങോട്ട് ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തനാകും സഭ നിയന്ത്രിക്കുക. സ്പീക്കർ പാനലിലെ അംഗങ്ങൾ ഡെപ്യൂട്ടീ സ്പീക്കറുടെ അഭാവത്തിൽ സഭയുടെ ചെയറിലെത്തും.

കരളിലെ ക്യാൻസറിന് ചികിൽസയിലാണ് കാർത്തികേയൻ. അമേരിക്കയിലെ മയോ ക്ലീനിക്കിലെ ചികിൽസയെ തുടർന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടിൽ സന്ദർശകരെ സ്വീകരിക്കാനും തുടങ്ങി. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി കക്ഷി നേതാക്കളുടെ യോഗവും വിളിച്ചു. പതിവിന് വിരുദ്ധമായി നിയമസഭയ്ക്ക് പുറത്ത് സ്പീക്കറുടെ ഔദ്യോഗിക വസതിയിലായിരുന്നു കക്ഷി നേതാക്കളുടെ യോഗം. സഭാ സമ്മേളനത്തിൽ താൻ പങ്കെടുക്കുമെന്ന് അന്ന് നേതാക്കളോട് സ്പീക്കർ പറഞ്ഞിട്ടുമുണ്ട്.

ചെറിയ ശാരീരിക പ്രശ്‌നങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. അധിക സമയം ഇരിക്കാനുള്ള ബുദ്ധിമുട്ടുമുണ്ട്. ഇതെല്ലാം പരിഗണിച്ച് സഭയിൽ വന്നു പോവുകയാകും സ്പീക്കർ ചെയ്യുക. ഇത്തവണ ഡിസംബർ 1ന് തുടങ്ങുന്ന സമ്മേളനം 18 വരെ നീണ്ടു നിൽക്കും. ഈ ചെറിയ കാലയളവിനുള്ളിൽ അസുഖത്തിൽ പൂർണ്ണമായൊരു മാറ്റം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിൽ സ്പീക്കറുടെ സാന്നിധ്യം നാമമാത്രമാകുന്നത്.

ഇതിന് മുമ്പ് ജൂലൈയിലാണ് നിയമസഭ സമ്മേളിച്ചത്. ആ സമയത്ത് സ്പീക്കർ സ്ഥാനം കാർത്തികേയൻ ഒഴിയുമെന്ന് അഭ്യൂഹമെത്തിയിരുന്നു. മന്ത്രിയാകാനാണ് താൽപ്പര്യമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സ്പീക്കർ അറിയിച്ചതോടെയായിരുന്നു ഇത്. കാർത്തികേയനും ഇക്കാര്യം സ്ഥിരീകരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും കരുതി. അതിനിടെയാണ് കരളിലെ രോഗം കാർത്തികേയന് കലശലായത്. ഈ സാഹചര്യത്തിൽ മന്ത്രിയാവുന്നത് ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന ഉപദേശവും ലഭിച്ചു. അതിനിടെയാണ് അമേരിക്കയിൽ ചികിൽസയ്ക്ക് പോയത്.

കേരളത്തിലേയും ഡൽഹിയിലേയും ചികിൽസ ഫലിക്കാത്ത സാഹചര്യത്തിലായിരുന്നു അത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കാർത്തികേയനെ അനുഗമിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയുടെ സാധ്യത തേടിയായിരുന്നു യാത്ര. എന്നാൽ മരുന്നുകളിലൂടെ തന്നെ ആരോഗ്യം വീണ്ടെടുക്കാമെന്ന ഉപദേശമാണ് അമേരിക്കയിലെ ഡോക്ടർമാർ നൽകിയത്. ചികിൽസാ രീതികളിൽ മാറ്റവും നിർദ്ദേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ ഈ രീതിയിലാണ് ഇപ്പോൾ ചികിൽസയ്ക്ക് നേതൃത്വം നൽകുന്നത്. ഇത് ഫലപ്രദവുമാണ്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കി. വൈകുന്നേരങ്ങളിൽ ഔദ്യോഗിക വസതിയിൽ സ്പീക്കറെ കാണാൻ ആളുകളും എത്തുന്നുണ്ട്. എന്നാൽ ഏറെ ആയാസമുണ്ടാകുന്ന രീതിയിൽ നിയമസഭാ സമ്മേളനത്തിൽ സജീവമാകരുതെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. നിയമസഭയിലെ എസിയും ഗുണകരമല്ല. ഇത് പരിഗണിച്ചാണ് സ്പീക്കറുടെ റോളിൽ മുഴുവൻ സമയവും നിയമസഭയിൽ എത്തേണ്ടെന്ന കാർത്തികേയന്റെ തീരുമാനം.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇതേ അഭിപ്രായം സ്പീക്കറുമായി പങ്കുവച്ചിട്ടുണ്ട്. ആറുമാസത്തെ ചികിൽസയോടെ രോഗത്തെ സ്പീക്കർ പൂർണ്ണമായും അതിജീവിക്കുമെന്നാണ് വിലയിരുത്തൽ.