തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിലെ സീനിയർ അസി എഡിറ്റർ ജി മഹാദേവൻ അന്തരിച്ചു. കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സയ്ക്കായി ഏറെ നാളായി ജോലിയിൽ നിന്നും അവധിയെടുത്തിരിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് രോഗം മൂർച്ഛിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു. മൃതദേഹം പ്രസ്‌ക്ലബ്ബിൽ പൊതുദർശനത്തിന് വച്ചു. കരമന സമുദായ ശ്മശാനത്തിൽ വൈകിട്ട് ആറിനായിരുന്നു സംസ്‌കാരം.

ഭാര്യ ദേവി. മകൾ മൃണാളിനി. (പ്ലസ് ടു വിദ്യാർത്ഥിനി), അച്ഛൻ ഗണപതി അയ്യർ (റിട്ട. ഏജീസ് ഓഫീസ് ), അമ്മ ഭഗവതി അമ്മാൾ (റിട്ട. യൂണിവേസിറ്റി ലൈബ്രേറിയൻ ). ലയോള സ്‌കൂളിലും മാർ ഇവാനിയോസ് കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹാദേവൻ 1996 ലാണ് ദ് ഹിന്ദു വിൽ ചേർന്നത് . വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾക്കു വഴി തെളിക്കാൻ വിവിധ സർക്കാരുകൾക്ക് പ്രേരണയായിതീർന്ന ഒട്ടേറെ റിപ്പോർട്ടുകൾക്ക് ഉടമയായ അദ്ദേഹം മികച്ച ഗായകൻ ആയിരുന്നു. ശബ്ദഗാംഭീര്യം കൊണ്ടും ഉച്ചാരണ ശുദ്ധികൊണ്ടും ശ്രദ്ധേയനായ മഹാദേവൻ ഒട്ടേറെ ഡോക്യൂമെന്ററികൾക്കു ശബ്ദം നൽകി. ചാലിയാർ മലിനീകരണം ജനശ്രദ്ധയിൽ കൊണ്ടുവന്ന ഡോക്യൂമെന്ററിക്ക് ശബ്ദം പകർന്നതും മഹാദേവൻ ആയിരുന്നു. ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നതാകുമ്പോൾ അതിന് പ്രതിഫലം വാങ്ങരുത് എന്ന നിർബന്ധ ബുദ്ധിയും മഹാദേവന് ഉണ്ടായിരുന്നു. റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വലിയ സൗഹൃദ വലയത്തിനു ഉടമയായിരുന്നു മഹാദേവൻ. കവഡിയാറിലെ വീട്ടിലും പ്രസ് ക്ലബ്ബിലും മഹാദേവന് ആദരാഞ്ജലി അർപ്പിക്കാൻ ഒട്ടേറെപ്പേർ എത്തി

ജി മഹാദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണപരമായ മാറ്റത്തിന് വേണ്ടി 'ദ ഹിന്ദു'വിലൂടെ മഹാദേവൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

ജി മഹാദേവന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വ്യക്തിപരമായി ഏറെ അടുപ്പമുള്ളയാളായിരുന്നു അദ്ദേഹം. കേരളത്തിലെ പുതിയ തലമുറയിലെ ഏറ്റവും പ്രഗൽഭനായ മാധ്യമ പ്രവർത്തകരിലൊരാളായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം നമ്മുടെ സർഗാത്മകമായ മാധ്യമ ലോകത്തിന് കനത്ത നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.