ആലപ്പുഴ: വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ തലപ്പത്ത് മുരളീധരൻ എത്തുമ്പോൾ അതൊരു വേറിട്ട കാഴ്ചയാണ്. ഓഫീസിന്റെ പടിക്കലിരുന്ന് നാട്ടുകാർക്കു വേണ്ടി ഒന്നര പതിറ്റാണ്ടായി അപേക്ഷകളെഴുതുന്ന മുരളിയാണ് പഞ്ചായത്ത് ഭരണം ഇനി കൈയാളുക.

ആലപ്പുഴ ജില്ലയിലെ വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ കന്നിമേൽ വാർഡിൽ നിന്നാണ് സിപിഐ(എം) സ്ഥാനാർത്ഥി ജി. മുരളി (47) 232 വോട്ടിന് ജയിച്ചത്. 18 ൽ 10 വാർഡുകളിലും ജയിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. ഇക്കുറി വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. ഈ വിഭാഗത്തിൽ നിന്നു ജയിച്ച ഏകയാൾ മുരളിയും. അതുകൊണ്ട് അഞ്ച് കൊല്ലം പ്രസിഡന്റ് സ്ഥാനം ഉറപ്പ്.

ദീർഘകാലമായി സിപിഐ(എം) പ്രവർത്തകനും വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗവുമാണ് മുരളി. കർഷകത്തൊഴിലാളിയായ ഗോവിന്ദന്റെയും ജാനുവിന്റെയും മകനായ മുരളിയുടെ ആദ്യ മത്സരമായിരുന്നു. പഞ്ചായത്തിനോടു ചേർന്നു തന്നെയാണ് വള്ളികുന്നം വില്ലേജ് ഓഫീസും. രണ്ട് ഓഫീസുകളിലും നിത്യേന എത്തുന്നവർക്ക് അപേക്ഷ എഴുതി കിട്ടുന്ന വരുമാനമായിരുന്നു മുരളിയുടെ ആശ്രയം.

ഓഫീസിന് മുന്നിൽ വലിച്ചുകെട്ടിയ പ്‌ളാസ്റ്റിക് ഷീറ്റിന്റെ തണലിൽ ഇരുന്നു മുരളി അപേക്ഷകളെഴുതി. ഇനി അകത്തിരുന്ന് ഭരണവും. അപേക്ഷ എഴുത്തിലൂടെ മുരളി ജനങ്ങൾക്ക് പ്രിയങ്കരനായി. ആ ജനസമ്മതി തിരിച്ചറിഞ്ഞാണ് പാർട്ടി ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത്.
മേനി സമരത്തിലൂടെയും ശൂരനാട് സംഭവത്തിലൂടെയും ചരിത്രത്തിൽ സ്ഥാനമുള്ള വള്ളികുന്നം പഞ്ചായത്ത് രൂപീകൃതമായ കാലം മുതൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കുത്തകയായിരുന്നു.

തോപ്പിൽ ഭാസിയായിരുന്നു ആദ്യ പ്രസിഡന്റ്. 2000ൽ ആദ്യമായി യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. അടുത്ത തവണ ഇടതുപക്ഷം അധികാരം തിരിച്ചു പിടിച്ചെങ്കിലും കഴിഞ്ഞതവണ വീണ്ടും നഷ്ടമായി. അതുകൊണ്ടുതന്നെ ഇക്കുറി ഇടതുപക്ഷത്തിന് ജീവന്മരണ പോരാട്ടമായിരുന്നു. ജലജയാണ് മുരളിയുടെ ഭാര്യ. മൂന്നാം ക്‌ളാസുകാരനായ മിഥുൻ മകനും.