- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ പി അനിൽകുമാറിനും റോസക്കുട്ടി ടീച്ചറിനും ലതിക സുഭാഷിനും പിന്നാലെ ജി.രതികുമാറിനും പദവി; മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ അംഗമായി നിയമനം; കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയവർക്ക് ശുക്രദശ
തിരുവനന്തപുരം : കോൺഗ്രസ് വിട്ട് സി.പിഎമ്മിൽ എത്തിയവരുടെ ശുക്രദശ തുടരുന്നു. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് സിപിഎം ൽ എത്തിയ ജി. രതി കുമാറിനെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ അംഗമായി ഇന്ന് നിയമിച്ചു. മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
കമ്മീഷൻ അംഗങ്ങളുടെ റാങ്ക് പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ്. അലവൻസടക്കം 2 ലക്ഷം രൂപ ജി. രതികുമാറിന് ശമ്പളമായി ലഭിക്കും. ഔദ്യോഗിക വാഹനവും ലഭിക്കും. 2022 മാർച്ച് 13 ന് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ പുനഃസംഘടിപ്പിച്ചത്. റിട്ട.ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരാണ് ചെയർമാൻ. രതി കുമാറിനെ കൂടാതെ അംഗമായി അഡ്വ. മാണി വിതയത്തിലിനേയും തെരഞ്ഞെടുത്തിട്ടുണ്ട്.
തുടർ ഭരണം ലഭിച്ചതോടെയാണ് കോൺഗ്രസ് പാർട്ടി വിട്ട് സി പി എം ലേക്ക് നേതാക്കളുടെ കുടിയേറ്റം തുടങ്ങിയത്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ , സിപിഎം ൽ എത്തിയപ്പോൾ ലഭിച്ചത് ഒഡെപെക്ക് ചെയർമാൻ പദവിയാണ്. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും, കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ.സി റോസക്കുട്ടി ടീച്ചർ സിപിഎം ൽ എത്തിയപ്പോൾ ലഭിച്ചത്.
സംസ്ഥാന വനിത വികസന കോർപ്പ റേഷൻ ചെയർ പേഴ്‌സൺ പദവിയാണ്.യു.ഡി.എഫ് ഭരണകാലത്ത് വനിത കമ്മീഷൻ അധ്യക്ഷയായിരുന്നു കെ.സി റോസക്കുട്ടി ടീച്ചർ. കെ.എസ്. സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് സംസ്ഥാന വനിത വികസന കോർപറേഷൻ ചെയർപേഴ്‌സനായി എൽ.ഡി.എഫ് സർക്കാർ കെ.സി. റോസക്കുട്ടി ടീച്ചറെ നിയമിക്കുന്നത്.
ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട ലതിക സുഭാഷ് ഭാഗ്യം പരീക്ഷിക്കാൻ തെരഞ്ഞെടുത്ത പാർട്ടി എൻ.സി.പി യായിരുന്നു. ലതികയെ തേടിയെത്തിയ പദവി വനം വികസന കോർപ്പറേഷൻ ചെയർ പേഴ്‌സൺ പദവിയായിരുന്നു. കെപിസിസി സെക്രട്ടറിയും നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർത്ഥിയും ആയിരുന്ന പി.എസ് പ്രശാന്ത് കോൺഗ്രസ് വിട്ട് സി.പിഎം ൽ ചേക്കേറിയപ്പോൾ ലഭിച്ചത് കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനമാണ്. പി.എസ്. പ്രശാന്തിന്റെ ഭാര്യക്ക് സ്ഥിര നിയമനത്തിൽ ജോലി ലഭിച്ചേക്കുമെന്നും ശ്രുതിയുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ട് പിണറായിക്ക് സിന്ദാബാദ് വിളിച്ചു തുടങ്ങിയ കെ.വി തോമസിനും വൈകാതെ കാബിനറ്റ് റാങ്കുള്ള പദവി ലഭിക്കുമെന്നാണ് റിപ്പോർട്ട്. തൃക്കാക്കരയിൽ കോൺഗ്രസ് വിട്ട ഈ നേതാക്കൾ എൽ.ഡി.എഫിനായി ക്യാമ്പ് ചെയ്ത് വോട്ട് പിടിക്കുകയായിരുന്നു. ഇവർ ക്യാമ്പ് ചെയ്ത് വോട്ട് പിടിച്ച മേഖലകളിലെല്ലാം റെക്കോഡ് ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ലഭിച്ചത്.
കോൺഗ്രസിലെ ജനസ്വാധീനമില്ലാത്ത നേതാക്കളാണ് ഇവരെന്നും എന്തിനാണ് ഇവർക്ക് പാർട്ടിയിലേക്ക് വന്നയുടനെ പദവികൾ നൽകുന്നതെന്നും സി പി എം ൽ തന്നെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. തൃക്കാക്കരയിലെ വലിയ തോൽവിയും സ്വപ്നയുടെ വെളിപ്പെടുത്തലിലും പെട്ട് പിണറായി എന്ന കപ്പിത്താൻ ആടിയുലയുകയാണ്. ഇന്നലെ മാത്രം പാർട്ടിയിലേക്ക് വന്നവർക്ക് ഇത്രയും പദവികൾ നൽകണോ എന്ന ചോദ്യം പാർട്ടി അണികളിലും പടരുമ്പോൾ പണ്ടത്തെ പോലെ കൂസലില്ലാതെ മറുപടി പറയാൻ പറ്റുന്ന അവസ്ഥയിലല്ല മുഖ്യമന്ത്രി പിണറായി വിജയൻ .
മറുനാടന് മലയാളി ബ്യൂറോ