ന്യൂഡൽഹി: ഐഎസ്ആർഒ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമുള്ള ഉപഗ്രഹമായ ജിസാറ്റ് 11 വിക്ഷേപണത്തിന് തയ്യാറായി. 500 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഉപഗ്രഹം ആറ് ടൺ ഭാരവും നാല് മീറ്റർ നീളത്തിലുള്ള സൗരോർജ പാനലുകളുമുള്ളതാണ്.

ഇന്റർനെറ്റ് സേവനങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ തയ്യാറാക്കിയ ജിസാറ്റ് 11 ഭ്രമണ പദത്തിൽ എത്തുന്നതോടെ രാജ്യത്തെ വാർത്താവിനിമയ രംഗം കൂടുതൽ ശക്തിയാർജ്ജിക്കും.

ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിർമ്മാണം പൂർത്തിയായ ഉപഗ്രഹം ഉടൻ ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടുപോകും.ഗ്രാമങ്ങളിലേക്കുള്ള ഇന്റർനെറ്റ് വിതരണശൃംഖലയുടെ വ്യാപനമാണ് ഉപഗ്രഹം പ്രധാനമായും ലക്്ഷ്യമിടുന്നത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ള ഫ്രഞ്ച് എരിയൻ-5 റോക്കറ്റ് ജിസാറ്റ് 11 നെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.