- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ': അമ്പലപ്പുഴയിൽ സീറ്റ് കിട്ടാതെ വന്നതോടെ മുഖം കറുപ്പിച്ചപ്പോൾ കൂട്ടായ് വന്നത് കവിത മാത്രം; പാർട്ടിയിലെ പുതുസംഘം ആലപ്പുഴയിൽ പിടിമുറുക്കിയതോടെ ഒറ്റപ്പെട്ട യാത്രകൾ
ആലപ്പുഴ: ജി.സുധാകരന് പാർലമെന്ററി വ്യാമോഹമാണ് എന്നാണ് സിപിം പറയാതെ പറയുന്നത്. 'നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ സന്ദർഭത്തിലും, തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല സ.ജി.സുധാകരൻ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തി. ഇതിന്റെ പേരിൽ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സ.ജി.സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.'- പാർട്ടിയുടെ അറിയിപ്പ് ഇങ്ങേനെയാണ്.
കഴിഞ്ഞ പിണറായി സർക്കാരിൽ പൊതുമരാമത്തുമന്ത്രിയെന്ന നിലയിൽ സുധാകരൻ നടത്തിയ മികച്ച പ്രവർത്തനം സർക്കാരിനും ഗുണം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ ചിത്രം മാറി. സജി ചെറിയാൻ, എ.എം.ആരിഫ്, ആർ.നാസർ, പി.പി.ചിത്തരഞ്ജൻ എന്നിവരുടെ സംഘം പാർട്ടിയിൽ പിടിമുറുക്കി. സീറ്റ് നിഷേധിക്കപ്പെട്ടതിനുശേഷം അവർ സുധാകരനെ ഗൗനിക്കാതെയുമായി. പാർട്ടിയിലെ ഒറ്റപ്പെടൽ കവിതയിലൂടെയാണ് സുധാകരൻ പ്രകടിപ്പിച്ചത്. ഒടുവിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുധാകരൻ വേണ്ടപോലെ സഹകരിച്ചില്ലെന്ന പരാതിയിൽ പാർട്ടി നടപടിയും വന്നിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ സുധാകരൻ എഴുതിയ കവിത അദ്ദേഹത്തിന്റെ രാഷ്ട്രീയ ഒറ്റപ്പെടലിന്റെ സൂചനയാണ്.
കവിതയിലൂടെ ആണ് അന്ന് സുധാകരൻ രാഷ്ട്രീയ മറുപടി നൽകിയത്. നേട്ടവും കോട്ടവും എന്ന പേരിൽ എഴുതിയ കവിതയിലാണ് സുധാകരൻ പ്രതിഷേധം പ്രകടിപ്പിച്ചത്. ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയാണെന്നും നവാഗതർക്കായി വഴിമാറുന്നുവെന്ന സൂചനയും ജി സുധാകരൻ കവിതയിൽ പറയുന്നു. പ്രവർത്തന വീഴ്ചയിൽ പാർട്ടി അന്വേഷണം നേരിടുന്നതിനിടെ ആയിരുന്നു ജി സുധാകരന്റെ കവിതയിലൂടെ മറുപടിയെന്നാണ് വിലിയിരുത്തൽ.
അമ്പലപ്പഴയിലെ തെരഞ്ഞടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട വീഴ്ച പാർട്ടി അന്വേഷിക്കുന്നതിനിടെയാണ് അതിനുള്ള മറുപടി കവിതയിലൂടെ വ്യംഗ്യമായി നൽകുന്നുവെന്നാണ് വരികൾ നൽകുന്ന സൂചന. കവിതയുടെ മുകുളങ്ങൾ തന്നിൽ ചെറുപ്പം മുതലെ ഉണ്ടായിരുന്നെന്നും എന്നാൽ ജീവിതപ്രയാസങ്ങൾക്കിടെ അതിനെ പരിപോഷിപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് കവിതയുടെ ആദ്യഭാഗങ്ങളിൽ പറയുന്നത്. പിന്നീടാണ് തന്റെ ജീവിതം ഒരുതരത്തിലും നന്ദികിട്ടാത്ത പണികളൊക്കെ ചെയ്ത് മഹിത ജീവിതം സാമൂഹ്യമായതെന്ന് കവിതയിൽ പറയുന്നു.
കവിതയുടെ പ്രസക്തവരികൾ
ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ
പണികളൊക്കെ നടത്തി ഞാനെന്റെയീ
മഹതി ജീവിതം സാമൂഹ്യമായെന്നു
പറയും സ്നേഹിതർ സത്യമതെങ്കിലും
വഴുതി മാറും മഹാനിമിഷങ്ങളിൽ
മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയി
അവകളൊന്നുമേ തിരികെ വരാനില്ല
പുതിയ രൂപത്തിൽ വന്നെന്നുമാം!
കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലം ആലപ്പുഴ സിപിഎമ്മിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ജി.സുധാകരൻ. തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം സുധാകരനെതിരായ ശബ്ദങ്ങൾ ഒരുമിക്കുകയും സീറ്റ് നിഷേധിക്കപ്പെട്ടതോടെ എതിരാളികൾക്ക് കരുത്തേറുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് ജി.സുധാകരൻ പാർട്ടി നടപടിക്ക് വിധേയനാകുന്നത്. പുന്നപ്രവയലാറിന്റെ സ്മരണകളിരമ്പുന്ന പാർട്ടിയെ രണ്ടുപതിറ്റാണ്ടുകാലം ആലപ്പുഴയിൽ കരുത്തോടെ നയിച്ചത് ജി. സുധാകരനാണ്. വിഭാഗീയതയുടെ കാലത്ത് ആലപ്പുഴയിലെ പാർട്ടിയുടെ നിയന്ത്രണം വി എസ് പക്ഷത്തും ഔദ്യോഗികപക്ഷത്തും മാറിമാറി നിന്നത് സുധാകരൻ തീരുമാനിച്ചതനുസരിച്ചാണ്. 1996ൽ മാരാരിക്കുളത്തെ വി.എസിന്റെ തോൽവി ആലപ്പുഴയിലെ സമവാക്യങ്ങൾ മാറ്റിമറിച്ചു. ജി.സുധാകരൻ കരുത്തനായി.
ആലപ്പുഴയിൽ പാർട്ടി പിടിച്ചെടുക്കാൻ വി.എസിനൊപ്പം നിന്നത് സുധാകരനാണ്. 2001ലെ ആലപ്പുഴ ജില്ലാസമ്മേളനത്തിലുണ്ടായ വിഭാഗീയമത്സരം സുധാകരനെതിരായ ആദ്യപാർട്ടി നടപടിയിലേക്ക് നയിച്ചു. സിഐടിയു വിഭാഗവുമായി ചേർന്ന പിണറായി പക്ഷത്തിനായി ജില്ലാ കമ്മിറ്റി പിടിച്ചെടുത്തു. വി.എസിന്റെ പരാതിയിൽ 2002ൽ ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ജി.സുധാകരനെയും ജില്ലാ സെക്രട്ടറിയായിരുന്ന വി.കേശവനെയും സംസ്ഥാനസമിതിയിൽ നിന്ന് തരംതാഴ്ത്തുകയും ചെയ്തു. വീണ്ടും വി.എസിനൊപ്പം ചേർന്ന് 2004ൽ സുധാകരൻ ജില്ലാ സെക്രട്ടറിയായി. മലപ്പുറം സമ്മേളനത്തിനുശേഷം വീണ്ടും ഔദ്യോഗിക പക്ഷത്തേക്ക് അടുത്തു. ഒരുകാലത്ത് ആലപ്പുഴയിൽ സിപിഎം രണ്ടുപക്ഷത്തായിരുന്നു സുധാകരപക്ഷത്തും ഐസക് പക്ഷത്തും. വി എസ്.സർക്കാരിൽ സഹകരണ മന്ത്രിയും ദേവസ്വംമന്ത്രിയുമായി. സുധാകരന്റെ വാക്കുകൾ പലപ്പോഴും സർക്കാരിനെ വെട്ടിലാക്കി. എന്തായാലും പരസ്യശാസനയോടെ, സുധാകരന്റെ അടുത്ത നടപടി എന്ത് ംന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സിപിഐഎം അച്ചടക്കനടപടിക്ക് പിന്നാലെ ജി സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ക്ലിഫ് ഹൗസിലെത്തി. മുഖ്യമന്ത്രിയുമായി സുധാകരൻ കൂടിക്കാഴ്ച നടത്തുകയാണ്. പാർട്ടി നടപടിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു എകെജി സെന്ററിൽ നിന്ന് സുധാകരൻ മടങ്ങിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സുധാകരന് വീഴ്ച സംഭവിച്ചെന്നാണ് പാർട്ടി കണ്ടെത്തൽ. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. എളമരം കരീമും കെ.ജെ.തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ