- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല; എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു': പരസ്യ ശാസനയ്ക്ക് വിധിച്ചതിന് പിന്നാലെ ഒഴിഞ്ഞുമാറി ജി.സുധാകരൻ; ക്ലിഫ് ഹൗസിൽ എത്തി മുഖ്യമന്ത്രിയെ കണ്ട് മടക്കം
തിരുവനന്തപുരം: പാർട്ടി അച്ചടക്ക നടപടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് സിപിഎം നേതാവ് ജി സുധാകരൻ. സംസ്ഥാന സമിതി യോഗത്തിന് ശേഷം സുധാകരൻ നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിലെ പ്രവർത്തന വീഴ്ചയുടെ പേരിൽ പരസ്യ ശാസനയ്ക്ക് വിധേയനായ ജി സുധാകരൻ അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. എകെജി സെന്ററിൽ നിന്ന് പുറത്ത് വന്നപ്പോൾ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന സുധാകരൻ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും നിലപാട് മാറ്റിയില്ല. ക്ലിഫ് ഹൗസിൽ പിണറായി വിജയനെ കണ്ടതിന് ശേഷമാണ് സുധാകരൻ ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.
'ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു'- ഗസ്റ്റ്ഹൗസിലെത്തിയ മാധ്യമങ്ങളോട് ജി. സുധാകരൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സുധാകരന് വീഴ്ച സംഭവിച്ചെന്നാണ് പാർട്ടി കണ്ടെത്തൽ. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സിപിഐഎം സംസ്ഥാന കമ്മിറ്റി വാർത്താകുറിപ്പിൽ പറയുന്നത് ഇങ്ങനെ: ''നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ സന്ദർഭത്തിലും തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരൻ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തി. ഇതിന്റെ പേരിൽ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.''
ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. എളമരം കരീമും കെ.ജെ.തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപ്പോർട്ട്. പാർട്ടി നടപടിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു എകെജി സെന്ററിൽ നിന്ന് സുധാകരൻ ക്ലിഫ് ഹൗസിലെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ