ആലപ്പുഴ: അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മന്ത്രി ജി സുധാകരനെതിരെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ മന്ത്രിയെ പിന്തുണച്ച് സി പി എം ജില്ലാ നേതൃത്വം. സുധാകരൻ ആരേയും അവഹേളിച്ചിട്ടില്ലെന്നും പാർട്ടി മെമ്പറായ പേഴ്‌സണൽ സ്റ്റാഫ് അംഗം പരാതി നൽകേണ്ടത് പാർട്ടിക്കാണെന്നും ആർ നാസർ പറഞ്ഞു. കോൺഗ്രസിലും ഈ വിഷയത്തിൽ ഭിന്നത രൂക്ഷമാണ്. അതിനിടെ സുധാകരനെതിരായ പരാതി പിൻവലിച്ചുവെന്നും റിപ്പോർട്ടെത്തി. പരാതിക്കാരി പൊലീസിനെ വിളിച്ച് പരാതി പിൻവലിച്ചുവെന്നാണ് പുറത്തു വന്ന വിവരം. അതിനിടെ പരാതി പിൻവലിച്ചില്ലെന്നും ഇപ്പോൾ റിപ്പോർട്ട് എത്തുന്നു. ഇതോടെ വിവാദം തുടരുകയാണ്.

മന്ത്രി ജി സുധാകരനെതിരെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നൽകുകയും നവ മാധ്യമങ്ങളിലൂടെ വ്യാപകമായി അത് പ്രചരിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തെ ഗൗരവതരമായി കാണുന്നുവെന്നാണ് ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചത്. പാർട്ടി അംഗമായ സുധാകരന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം വേണുവിന് പരാതി ഉണ്ടായിരുന്നുവെങ്കിൽ പാർട്ടിയെയായിരുന്നു സമീപിക്കേണ്ടിയിരുന്നതെന്ന് നാസർ പറഞ്ഞു. സുധാകരൻ വ്യക്തിപരമായി ആരെയും അവഹേളിക്കുമെന്ന് കരുതുന്നില്ലെന്നും നാസർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പരാതി പിൻവലിച്ചുവെന്ന സൂചനയെത്തി. ഇത് ചാനലുകളിൽ വാർത്തിയായി. തൊട്ടു പിന്നാലെ സുധാകരൻ മാധ്യമങ്ങളെ കണ്ടു. എ്ന്നാൽ പരാതി പിൻവലിച്ചില്ലെന്ന നിലപാടുമായി വീണ്ടും പരാതിക്കാർ എത്തുന്നുവെന്നാണ് റിപ്പോർട്ട്.

സി പി എമ്മിനുള്ളിൽ രൂക്ഷമാകുന്ന ചേരിപ്പോരിന്റെ ഭാഗമായാണ് പരാതിയെന്നാണ് വിലയിരുത്തൽ. പരാതി അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെയുള്ള പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നും ജി സുധാകരൻ പ്രതികരിച്ചു. സുധാകരനെതിരെ അതിശക്തമായ ആരോപണവുമായി കെപിസിസി ജനറൽ സെക്രട്ടറി ഷുക്കൂർ രംഗത്ത് വന്നിരുന്നു. കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സുധാകരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ അഭിപ്രായം. കേസെടുക്കണമെന്ന നിലപാട് ഡിസിസിക്ക് ഇല്ലെന്നും ലിജു പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞദിവസം ജി സുധാകരനെതിരെ യുവതി പരാതി നൽകിയത്. മന്ത്രിയുടെ മുൻ പഴ്സണൽ സ്റ്റാഫിന്റെ ഭാര്യ കൂടിയായ പരാതിക്കാരി അമ്പലപ്പുഴ പൊലീസിലാണ് പരാതി നൽകിയത്. എസ്എഫ്ഐ ആലപ്പുഴ മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് യുവതി. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കിയെന്നും പരാതി ഉയർന്നിരുന്നു.

പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പേഴ്‌സണൽ സ്റ്റാഫ് അംഗത്തെ താൻ പുറത്താക്കിയില്ല. അവർ പാവങ്ങളാണ്. പൊളിട്ടിക്കൽ ക്രിമിനലുകളാണ് പരാതിക്ക് പിന്നിലെന്നായിരുന്നു സുധാകരന്റെ ആരോപണം. രണ്ട് നിരപരാധികളെ അതിനായി ഉപയോഗിക്കുകയാണ്. തനിക്കെതിരായ നീക്കങ്ങളിൽ ഒരു ഗ്യാങ്ങാണ്. ഇതിൽ പല പാർട്ടിക്കാരും ഉണ്ട്. ഇത്തരക്കാരെ വച്ചു പൊറുപ്പിക്കില്ല. സംശുദ്ധ രാഷ്ട്രീയത്തെ തകർക്കുകയാണ് ലക്ഷ്യമെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പിൻവലിച്ചില്ലെന്ന സൂചനയും എത്തുന്നത്. ഇതോടെ വിവാദം പാർട്ടിയെ തന്നെ പിടിച്ചുലയ്ക്കുമെന്നും ഉറപ്പായി.

പേഴ്‌സണൽ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വസ്തുതാ വിരുദ്ധമായ ആരോപണിത്. തനിക്കെതിരെ പല പാർട്ടികളിൽപ്പെട്ട സംഘം പ്രവർത്തിക്കുന്നുവെന്നും ജി. സുധാകരൻ ആരോപിച്ചു.  തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം രാഷ്ട്രീയ ധാർമ്മികത ഇല്ലാത്തതാണെന്നും സുധാകരൻ പറയുന്നു. താനും തന്റെ കുടുംബവും ഒരു വിവാദവുമുണ്ടാക്കുന്നില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കുന്നു. തന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. താൻ ശരിയായ കമ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം. പരാതിക്ക് പിന്നിൽ ഒരു ഗ്യാങ് പ്രവർത്തിക്കുന്നുണ്ട്. അതിൽ പല പാർട്ടിക്കാരുമുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകൾ പ്രോത്സാഹിപ്പിക്കരുതെന്നും സുധാകരൻ പറഞ്ഞു

ആരോപണം ഉന്നയിച്ചവരെ തനിക്കെതിരെ ഉപയോഗിച്ചതാണ്. സ്റ്റേറ്റ് കമ്മിറ്റി അംഗമായ തനിക്കെതിരെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പരാതിയെത്തി. ആരോപണത്തിന് പിന്നിൽ വേറെ ചിലരാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. തന്റെ ഭാര്യ പ്രിൻസിപ്പലായി വിരമിച്ചയാളാണ്. നല്ലൊരു തുക പെൻഷൻ കിട്ടുന്നുണ്ട്. തനിക്ക് ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട്. 12 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന ജോലിയാണ് മകന്റേത്. ജി സുധാകരന്റെ മകൻ എന്ന് എവിടെയും പറയാതെയാണ് അവൻ ജോലി നേടിയത്. അവനും ഭാര്യയും ഇത്തവണ വോട്ട് ചെയ്യാൻ വന്നത് രണ്ട് ലക്ഷം രൂപ മുടക്കിയാണ്. ലോക്സഭയിലേക്ക് ആരിഫിന് വോട്ട് ചെയ്യാനും അവൻ വന്നിരുന്നു. അവൻ ഒരു രാഷ്ട്രീയ പ്രവർത്തകനല്ല. പക്ഷേ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുണ്ട്. അതാണ് ഞങ്ങളുടെ കുടുംബം.

അങ്ങനെയുള്ള കുടുംബത്തെ പറ്റി ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിന്റെ പേരിലാണ്. മരിക്കുന്നത് വരെ താൻ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായിരിക്കും. പേഴ്സണൽ സ്റ്റാഫിനെയൊ ഭാര്യയെയൊ താൻ ഒന്നും പറഞ്ഞിട്ടില്ല. പരാതി നൽകിയവർ നിരപരാധികളാണ്. അവരെ തനിക്കെതിരെ ഉപയോഗിച്ചു. അവരോട് സഹതാപം മാത്രമെയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.