ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ വസ്തുതാ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം. പരാതിക്കിടയാക്കിയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്.

അമ്പലപ്പുഴ പൊലീസ് ആലപ്പുഴ സൗത്ത് പൊലീസിന് പരാതി കൈമാറിയിരുന്നു. പരാതിക്കിടയാക്കിയ വാർത്താസമ്മേളനം നടന്നത് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുന്നുവെന്നതിനാലാണ് പരാതി കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

കഴിഞ്ഞദിവസം ജി. സുധാകരൻ ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുപോലും തനിക്കെതിരെ ആരോപണമുയർന്ന കാര്യം പറഞ്ഞിരുന്നു.

ഈ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്നും വർഗീയ സംഘർഷത്തിനിടയാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ ഏപ്രിൽ 14ന് രാത്രിയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ജി.സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായ വേണുഗോപാലിന്റെ ഭാര്യയാണ് ജി സുധാകരനെതിരെ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. ഈ പരാതി പിൻവലിച്ചുവെന്ന് സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടി നാസർ വെളിപ്പെടുത്തിയിരുന്നു.

അമ്പലപ്പുഴ പൊലീസും ഈ വാർത്ത സ്ഥിരീകരിച്ചിരുന്നു. പരാതി നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടല്ല നൽകിയതെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. രസീത് പോലും വാങ്ങാതെ പരാതി പാറാവുകാരനെ ഏൽപ്പിച്ചാണ് മടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പരാതിയിൽ നിന്ന് പിന്മാറിയില്ലെന്നും ഉറച്ചുനിൽക്കുകയാണെന്നും പരാതിക്കാരി വ്യക്തമാക്കിയതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്.