ആലപ്പുഴ: ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളുമെന്നും അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുതെന്നും മുന്മന്ത്രി ജി സുധാകരൻ. ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ ഉയർന്ന വിമർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നന്നായി കൊടുത്ത മാധ്യമങ്ങൾക്ക് അഭിനന്ദനമെന്നും സുധാകരൻ പറഞ്ഞു.

ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. പത്രവാർത്ത കണ്ട് കൂടുതൽ പ്രതികരിക്കാനില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ പാർട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റിയിൽ മുന്മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.

അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരന്റെ പ്രവർത്തനം അനുകൂലമായിരുന്നില്ലെന്നായിരുന്നു പൊതുവികാരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരൻ സജീവമായിരുന്നില്ലെന്നും വിമർശനപരമായ പ്രസ്താവനകൾ നടത്തിയെന്നും ചില അംഗങ്ങൾ ഉന്നയിച്ചു.

സീറ്റ് കിട്ടാത്തതിലെ അതൃപ്തി സുധാകരൻ പലരീതിയിൽ പ്രകടിപ്പിച്ചപ്പോൾ മുന്മന്ത്രി തോമസ് ഐസക് പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചെന്നും അഭിപ്രായമുയർന്നിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരൻ പ്രതികരിച്ചത്.

ജി സുധാകരൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബോധ പൂർവ്വമായി വിട്ടുനിന്നു എന്ന അമ്പലപ്പുഴയിലെ സ്ഥാനാർത്ഥി എച്ച് സലാമിന്റെ ആരോപണം സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ തള്ളിയിരുന്നു. സുധാകരൻ തോൽപ്പിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിൽ ജില്ലയിൽ സി പി എം വിജയിക്കില്ലായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഉയർന്ന വിമർശനങ്ങൾ പാർട്ടി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

ആരോപണ പ്രത്യാരോപണങ്ങളിലൂടെ ഒരിടവേളയ്ക്കു ശേഷം ആലപ്പുഴയിലെ സി പി എം രാഷ്ട്രീയം വീണ്ടും ചൂട് പിടിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പിന്നോട്ടടിക്കാൻ ജി സുധാകരന്റെ ഭാഗത്തു നിന്നും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നു എന്ന മൂർച്ചയേറിയ ആരോപണമാണ് അമ്പലപ്പുഴ എം എൽ എ എച്ച്. സലാം സി പി എം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ നേതൃത്വത്തിൽ ചേർന്ന തിരെഞ്ഞെടുപ്പ് വിശകലന യോഗത്തിൽ ഉന്നയിച്ചത്.

ആലപ്പുഴ എം പി എ എം ആരിഫിന്റെ പിന്തുണയോടെയായിരുന്നു ആരോപണം കമ്മറ്റിയിൽ ഉന്നയിച്ചത് . എന്നാൽ ആരോപണങ്ങൾ തള്ളുകയാണ് സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ ചെയ്തത്. മികച്ച വിജയം ജില്ലയിൽ നേടിയ തിരഞ്ഞെടുപ്പാണിത് .നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച ശേഷം പരാജയം എന്ന് പറയുന്നതിൽ അടിസ്ഥാനമില്ല എന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

സുധാകരനെ പോലുള്ള ഒരാൾ പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ അമ്പലപ്പുഴയിൽ എന്നല്ല ജില്ലയിൽ മുഴുവൻ സി പി എം പരാജയപ്പെട്ടേനെ. അതു കൊണ്ട് തന്നെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന വാദം അടിസ്ഥാന രഹിതമാണെന്നും നാസർ പ്രതികരിച്ചു. കമ്മറ്റിയിൽ ഉയർന്നിട്ടുള്ളത് വിമർശനങ്ങളാണ് ആരോപണങ്ങളല്ല. പരിശോധിക്കേണ്ടവ പരിശോധിക്കും.

തിരഞ്ഞെടുപ്പ് കാലത്തെങ്ങും അമ്പലപ്പുഴയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് മോശം അഭിപ്രായം ഉയർന്നിട്ടില്ല ജി സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നാണ് പാർട്ടി വിലയിരുത്തൽ. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും സലാം ഉന്നയിച്ച ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗംവും മുതിർന്ന നേതാക്കളും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന റിപ്പോർട്ടാണ് നൽകിയതെന്നും നാസർ പ്രതികരിച്ചു. ചിലർ ജില്ലാ കമ്മറ്റി കൂടുമ്പോൾ തന്നെ മാധ്യമങ്ങൾക്ക് വാർത്തകൾ മെനഞ്ഞ് നൽകുകയാണെന്നും നാസർ വിമർശിച്ചു.

ജി സുധാകരനും തോമസ് ഐസക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുസ്തർഹമായ സേവനമാണ് കാഴ്ചചവെച്ചതെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലായിരുന്നു എച്ച് സലാമിന്റെ വിമർശനം. തന്നെ എസ്ഡിപിഐ കാരനായി ചിത്രീകരിച്ചിട്ടും സുധാകരൻ പ്രധിരോധിക്കാൻ ശ്രമിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം.കുടുംബ യോഗങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ ഉള്ള ശരീരഭാഷ പോലും തനിക്ക് അനുകൂലമല്ലായിരുന്നു എന്നും സലാം കമ്മറ്റിയിൽ ആരോപിച്ചു.

എന്നാൽ ആരോപണങ്ങളിൽ പ്രതികരിക്കാൻ ജി സുധാകരൻ ആദ്യം തയ്യാറായിരുന്നില്ല. പാർട്ടി വിലയിരുത്തട്ടെ എന്ന മറുപടിയാണ് അദ്ദേഹം കഴിഞ്ഞ ദിവസം നൽകിയത്.തിരഞ്ഞെടുപ്പിന്റെ ചമതല വഹിച്ച സെക്രട്ടറിയേറ്റ് അംഗങ്ങളടക്കം ആരോപണം തള്ളിക്കളഞ്ഞ പശ്ചാത്തലത്തിൽ പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള പടയൊരുക്കമായി വേണം പുത്തൻ നീക്കങ്ങളെ കാണാൻ.