- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈവേ വിവാദം തന്നെ ബാധിക്കില്ല; കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോട്; റോഡ് നവീകരണത്തിൽ അപാകത ഉണ്ടായെന്ന എംപിയുടെ ആരോപണത്തിൽ ജി സുധാകരന്റെ പ്രതികരണം ഇങ്ങനെ
ആലപ്പുഴ: ദേശീയപാത നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എംപി എഎം ആരിഫ് രംഗത്തെത്തിയതിന് പിന്നാലെ ആരംഭിച്ച വിവാദം തന്നെ ബാധിക്കില്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ. 2019 ൽ നടന്ന റോഡ് നവീകരണത്തിൽ അപാകത ഉണ്ടായെന്ന എംപിയുടെ വാദം അന്നത്തെ മന്ത്രി ജി സുധാകരനെ ലക്ഷ്യമിട്ടാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് വിഷയത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത്. ഇപ്പോൾ ഉയർന്ന വിവാദം തന്നെ ബാധിക്കില്ലെന്നാണ് ജി സുധാകരന്റെ നിലപാട്.
റോഡ് നവീകരണത്തിന് മേൽനോട്ടം വഹിച്ചത് മികച്ച ഉദ്യോഗസ്ഥരാണ്. കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, എഎം ആരിഫിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ദേശീയ പാതയിലെ കുഴികൾ നേരത്തെ ശ്രദ്ധയിൽ പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സുധാകരൻ മന്ത്രിയായ കാലത്തേ പരിശോധനയും അന്വേഷണവും തുടങ്ങിയതാണ്. ഇക്കാര്യം കാണിച്ച് ചില നിർദേശങ്ങൾ വച്ച് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ജി സുധാകരൻ നല്ല രീതിയിലാണ് കാര്യങ്ങൾ നടത്തിയത്. അതിന്റെ തുടർച്ചയാണ് പുരോഗമിക്കുന്നത്. നിലവിൽ ദേശീയ പാതാ അറ്റകുറ്റപ്പണികളിൽ വകുപ്പിന് പരിമിതികളുണ്ടെന്നും പൊതുമരാമത്ത് മന്ത്രി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ദേശീയപാത നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് നൽകിയ കത്ത് ദുർവ്യാഖ്യാനം ചെയ്തെന്ന് എഎം ആരിഫ് എംപി പ്രതികരിച്ചു. റോഡ് തകർന്ന വിഷയം അന്വേഷിക്കണം എന്ന് മാത്രം ആണ് പറഞ്ഞിട്ടുള്ളത്. അത് മുൻ മന്ത്രി ജി സുധാകരന് എതിരെ ആണെന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന സ്ഥിതി ഉണ്ടായെന്നും ആലപ്പുഴ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. കത്തിന് പിന്നിൽ നല്ല ഉദ്ദേശ്യമാത്രമാണ് ഉണ്ടായിരുന്നത്. അഴിമതി നടന്നു എന്ന് താൻ പറഞ്ഞിട്ടില്ല. നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരൻ.
പുതിയ സാങ്കേതിക വിദ്യ ആണ് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. എന്നാൽ ഇപ്പോള് റോഡിൽ നിറയെ കുഴികൾ ആണ്. നേരത്തെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കപ്പെടാതിരുന്നതുകൊണ്ട് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചത്. അന്വേഷിക്കണം എന്ന് മാത്രം ആണ് പറഞ്ഞിട്ടുള്ളത് എന്നും ആരിഫ് എംപി വ്യക്തമാക്കുന്നു. പൊതുമരാമത്ത് മന്ത്രി തന്നെ പരാതി ലഭിച്ച കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ