- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരന് ആശ്വാസമായി പിണറായി ഇടപെടൽ; 'അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ഉണ്ടായി' എന്ന പരോക്ഷ കുറ്റപ്പെടുത്തൽ മാത്രം; ആലപ്പുഴയിൽ ജി സൂധാകരന്റെ 'ഗൂഢാലോചനാ' പരാതിയും പാർട്ടിക്ക് മുന്നിൽ; മുന്മന്ത്രിക്കെതിരെ ഉണ്ടാവുക താക്കീത് സ്വാഭവത്തിലെ നടപടി മാത്രം
തിരുവനന്തപുരം: ജി സുധാകരനെതിരെ സിപിഎം കുടത്ത നടപടികൾ സ്വീകരിക്കില്ല. എന്നാൽ സുധാകരനെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പേരിൽ ശാസിക്കും. സിപിഎമ്മിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ മുൻ മന്ത്രി ജി.സുധാകരനെ നേരിട്ടു കുറ്റപ്പെടുത്തുന്ന പരാമർശമുണ്ടെങ്കിലും അത് അത്ര ഗൗരവത്തോടെ പാർട്ടി കാണുന്നില്ല. റിപ്പോർട്ടിന്റെ ഉള്ളടക്കം ഉൾപ്പെടുത്തി തയാറാക്കിയ 'പാർട്ടി കത്തിൽ' പേരെടുത്തു പറഞ്ഞു കൊണ്ടുള്ള ആ പരാമർശം ഒഴിവാക്കി. ഇതോടെ സുധാകരനെതിരെ കടുത്ത നടപടിക്കുള്ള സാധ്യത കുറയുകയാണ്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ആലപ്പുഴ ജില്ലയെക്കുറിച്ചു പരാമർശിക്കുന്ന ഭാഗത്തു സുധാകരനെ പാർട്ടി ഇങ്ങനെ കുറ്റപ്പെടുത്തുന്നത് മൃദു ഭാവത്തിലാണ്. ''തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ചില സംഘടനാ വിഷയങ്ങൾ ഉയർന്നു വന്നു. അവിടെ തിരഞ്ഞെടുപ്പു വിജയം ഉറപ്പിക്കുന്നതിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ജി.സുധാകരന്റെ ഭാഗത്തു നിന്നുണ്ടായി. തിരഞ്ഞെടുപ്പിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിലും പരിമിതികളുണ്ടായി. ഈ വീഴ്ചകൾ സംസ്ഥാനകമ്മിറ്റി പ്രത്യേകം പരിശോധിക്കണം''-ഇതായിരുന്നു അവലോകനത്തിലെ വിമർശനം.
തുടർന്ന് എളമരം കരീമിനെയും കെ.ജെ.തോമസിനെയും അന്വേഷണ കമ്മിഷനായി സിപിഎം വച്ചു. ഒടുവിൽ ഇറങ്ങിയ പാർട്ടി കത്തിൽ 'അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ഉണ്ടായി' എന്നു മാത്രമാണുള്ളത്. സുധാകരന്റെ പേര് ഒഴിവാക്കി. തോൽവിക്ക് കാരണക്കാരനാവുന്ന തരത്തിൽ സുധാകരൻ പ്രവർത്തിക്കാൻ ശ്രമിച്ചു എന്ന കുറ്റപ്പെടുത്തലും ഇല്ല. ഇതോടെ കടുത്ത നടപടികളിൽ നിന്നും സുധാകരൻ ഒഴിവാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് സുധാകരന് തുണയായത്.
ആലപ്പുഴ എംപി എഎം ആരിഫിന്റെ നേതൃത്വത്തിലാണ് സുധാകരനെതിരെ നീക്കം നടന്നത്. ഇതിനെ മന്ത്രി സജി ചെറിയാൻ ആദ്യ ഘട്ടത്തിൽ പൂർണ്ണമായും പിന്തുണച്ചു. എന്നാൽ പിണറായിയുടെ ഇടപെടൽ കാര്യങ്ങൾ മാറ്റി മറിച്ചു. ഇതാണ് സുധാകരന് ആശ്വാസമാകുന്നത്. സുധാകരൻ സിപിഎം സംസ്ഥാന സമിതി അംഗമായി തുടരും. കീഴ് ഘടകത്തിലേക്ക് തരം താഴ്‌ത്തില്ലെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. പാർട്ടി കത്ത് എല്ലാ അംഗങ്ങൾക്കും ഉള്ളതാണ്. താഴെത്തട്ടിൽ വരെ സുധാകരന്റെ പേരെടുത്തു പറഞ്ഞു മുതിർന്ന നേതാവിനെ പ്രതിക്കൂട്ടിലാക്കാൻ ഈ ഘട്ടത്തിൽ സിപിഎം മുതിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. അമ്പലപ്പുഴയിൽ താൻ അലംഭാവം കാട്ടിയെന്ന ആരോപണം കമ്മിഷന്റെ തെളിവെടുപ്പിൽ സുധാകരൻ പൂർണമായും നിഷേധിച്ചു. തന്റെയും സ്ഥാനാർത്ഥിയായ എച്ച്.സലാമിന്റെയും സ്വാധീനമേഖകളിൽ കിട്ടിയ വോട്ടിന്റെ കണക്കുകൾ അദ്ദേഹം കൈമാറി. ഇതും അന്വേഷണ സമിതി ഗൗരവത്തോടെ എടുത്തു. സ്ഥിരമായി മത്സരിച്ചു വന്നവരുടെ സ്ഥാനത്തു പുതുമുഖങ്ങൾ വന്നപ്പോൾ കേരളത്തിലെ മറ്റു മണ്ഡലങ്ങളിൽ സംഭവിച്ചതിൽ നിന്നു വ്യത്യസ്തമായി ഒന്നും അമ്പലപ്പുഴയിൽ ഉണ്ടായില്ലെന്ന് അദ്ദേഹം സമർഥിച്ചു.
സലാം തനിക്കെതിരെ ഇങ്ങനെ ഒരു പരാതി ഉന്നയിച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടതായാണു വിവരം. ഇതും സിപിഎം പരിഗണിക്കുന്നുണ്ട്. അത്തരത്തിലൊരു അന്വേഷണം ഉണ്ടായാൽ സുധാകര വിരുദ്ധ വിഭാഗം പ്രതിസന്ധിയിലാകും.
മറുനാടന് മലയാളി ബ്യൂറോ