ആലപ്പുഴ: സിപിഎമ്മിന്റെ പരസ്യ ശാസനയിൽ അച്ചടക്ക നടപടി ഒതുങ്ങിയതോടെ ജി സുധാകരൻ രക്ഷപ്പെടുന്നത് തരംതാഴ്‌ത്തൽ ഭീഷണിയിൽ നിന്ന്. രണ്ട് തവണ പാർട്ടി സെക്രട്ടറിയേറ്റിൽ എടുക്കാമെന്ന് പിണറായി വിജയൻ പറഞ്ഞിട്ടു പോലും വേണ്ടെന്ന് പറഞ്ഞ നേതാവാണ് സുധാകരൻ. ആലപ്പുഴയിൽ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം നടത്താനുള്ള താൽപ്പര്യമാണ് ഇതിന് കാരണം. അങ്ങനെ സ്വന്തം ജില്ലയിൽ മാത്രം പിടിമുറുക്കാൻ ആഗ്രഹിച്ച സുധാകരന് ആലപ്പുഴയിലെ പ്രമാണി സ്ഥാനം ഇതോടെ നഷ്ടമാകും.

മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഎമ്മിൽ ഇന്നെല്ലാം. പിണറായിയുടെ പിന്തുണയുണ്ടായിരുന്നുവെങ്കിൽ സുധാകരന് ഈ അവസ്ഥ വരില്ലായിരുന്നു. ഈ സന്ദേശമാണ് അച്ചടക്ക നടപടിയിലൂടെ പാർട്ടി സഖാക്കൾക്ക് ലഭിക്കുന്നത്. അതിനാൽ ജി.സുധാകരൻ എന്ന കേന്ദ്രബിന്ദുവിനു ചുറ്റിയുള്ള സിപിഎമ്മിന്റെ ആലപ്പുഴയിലെ ചലനവും അവസാനിക്കുന്നു. രണ്ട് പതിറ്റാണ്ടു കാലം ആലപ്പുഴയെ നയിച്ച സുധാകരന് മുന്നിൽ സാക്ഷാൽ വി എസ് അച്യുതാനന്ദന് പോലും തിരിച്ചടിയുണ്ടായി. വിഎസിന്റെ സ്വന്തം നാടാണ് ആലപ്പുഴ. സുധാകരനെ മുൻനിർത്തിയാണ് ഇവിടെ വി എസ് പക്ഷത്തെ പിണറായി വെട്ടിയൊതുക്കിയത്. അങ്ങനെ ആലപ്പുഴയിലെ അതിവിശ്വസ്തനായി സുധാകരൻ. ആ സുധാകരനാണ് ഇപ്പോൾ അച്ചടക്ക നടപടി നേരിടേണ്ടി വരുന്നത്.

അതുകൊണ്ടാണ് നടപടി ഉറപ്പാക്കിയ ശേഷം പിണറായിയെ കാണാൻ സുധാകരൻ ഓടിയെത്തിയത്. ആലപ്പുഴയിൽനിന്നു സംസ്ഥാന കമ്മിറ്റിയിലുള്ള ഏക രക്തസാക്ഷി കുടുംബാംഗം എന്നതു മാത്രമല്ല, അഴിമതിക്കറ പുരളാത്ത പ്രതിഛായയും സുധാകരനെ ജനകീയനാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിനെ പോലും അഴിമതി രഹിതമാക്കാൻ സുധാകരന് കഴിഞ്ഞു. പക്ഷേ ആലപ്പുഴയിലെ അടിയൊഴുക്കുകൾ ആദ്യ പിണറായി മന്ത്രിസഭയിലെ സ്റ്റാർ കാമ്പൈനർക്ക് മനസ്സിലാകാതെ പോയി. ആലപ്പുഴയിൽ തോമസ് ഐസക്കിന് അപ്പുറമുള്ള പാർട്ടി ശത്രുക്കൾ സുധാകരനുണ്ടായി. ആലപ്പുഴ എംപി എഎം ആരിഫിനെ ശത്രുവായി കണ്ടത് വലിയ തിരിച്ചടിയായി.

തന്റെ പിൻഗാമിയായി സുധാകരൻ ഉയർത്തി കൊണ്ടു വന്ന സജി ചെറിയാനും സുധാകരനെ കൈവിട്ടു. സുധാകരനെതിരെ ഐസക്കും ആരിഫും സജി ചെറിയാനും ഒരുമിച്ച് നീങ്ങിയപ്പോൾ സീറ്റ് നിഷേധിച്ച് പിണറായിയും സുധാകരനെ മൂലയ്ക്കിരുത്തി. തന്റെ പിൻഗാമിയായി മുഹമ്മദ് റിയാസിനെ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടിയിൽ ജന സ്വാധീനമുള്ള മുതിർന്ന നേതാവായ സുധാകരനെ പോലുള്ള വരെ മൂലിയിലേക്ക് പിണറായി മാറ്റുന്നതെന്ന ആരോപണവും ഉണ്ട്. സഹോദരന്റെ രക്തസാക്ഷിത്വ പരിവേഷവുമായി പാർട്ടിയിലെ എല്ലാം എല്ലാമായ സുധാകരൻ അങ്ങനെ സിപിഎമ്മിലെ ഒതുക്കപ്പെട്ട നേതാവായി മാറുകയാണ്.

സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ജി.സുധാകരൻ കമ്യൂണിസ്റ്റ് പാർട്ടിയോട് അടുക്കുന്നത്. 1967 ൽ, രണ്ടാം ഇഎംഎസ് മന്ത്രിസഭ അധികാരമേൽക്കുന്ന കാലത്തു പാർട്ടി അംഗമായി. എസ്എഫ്‌ഐയുടെ പൂർവ രൂപമായ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിൽ (കെഎസ്എഫ്) സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം എസ്എഫ്‌ഐ രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റുമായി. അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരങ്ങളിൽ പങ്കെടുത്തു ജയിലിൽ കഴിഞ്ഞു.

പന്തളം എൻഎസ്എസ് കോളജിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിനിടയിൽ 1977 ഡിസംബർ 7നു സുധാകരന്റെ സഹോദരൻ ഭുവനേശ്വരൻ രക്തസാക്ഷിയായി. പാർട്ടിക്കു വേണ്ടിയായി ജി.സുധാകരന്റെ പിന്നീടുള്ള ജീവിതം. സിഐടിയുവിലും സജീവമായി പ്രവർത്തിച്ചു. 1982 ൽ കുട്ടനാട്ടിൽനിന്ന് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സുധാകരൻ പരാജയപ്പെട്ടെങ്കിലും 1990 ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആലപ്പുഴ ജില്ലാ കൗൺസിൽ പ്രസിഡന്റായി. 1996 ൽ കായംകുളത്തുനിന്നു നിയമസഭയിലെത്തി. 2001 ൽ കായംകുളത്തു പരാജയപ്പെട്ടു. 2006 മുതൽ 2021 വരെ അമ്പലപ്പുഴ എംഎൽഎയായി.

2006 ൽ വി എസ് മന്ത്രിസഭയിൽ ദേവസ്വം, സഹകരണം, കയർ വകുപ്പുകളുടെയും 2016 ൽ പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത്, റജിസ്‌ട്രേഷൻ വകുപ്പുകളുടെയും മന്ത്രിയായി. മികച്ച മന്ത്രിയെന്ന പേരോടെ ജനങ്ങൾക്കിടയിൽ സ്വീകാര്യനായി. അതേസമയം, പ്രസംഗങ്ങളിലും മറ്റുമുള്ള ചില പദപ്രയോഗങ്ങൾ വിവാദമാകുകയും ചെയ്തു. ദേവസ്വം മന്ത്രിയായിരിക്കെ പൂജാരിമാർക്കെതിരെയും പൊതുമരാമത്തു മന്ത്രിയായിരിക്കെ കരാറുകാർക്കെതിരെയും നടത്തിയ ചില പരാമർശങ്ങൾ വലിയ ചർച്ചയായി.

അമ്പലപ്പുഴയിലെ വോട്ട് കുറയലാണ് സുധാകരന് വിനയായത്. തന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും എച്ച്.സലാം നൽകിയ പരാതി വസ്തുതാവിരുദ്ധമാണെന്നുമാണ് സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിൽ ജി. സുധാകരൻ വാദിച്ചത്. സലാം വിജയിച്ച കാര്യവും ചൂണ്ടിക്കാട്ടി. പക്ഷേ സ്ഥാനാർത്ഥി വിജയിച്ചിട്ടും സുധാകരന് തിരിച്ചടി നേരിട്ടുവെന്നതാണ് വസ്തുത. പിണറായി അടക്കം ആരും സുധാകരന് വേണ്ടി വാദിക്കാനുണ്ടായില്ല.