- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിവശങ്കർ വഞ്ചകൻ, വിശ്വസിച്ച് ഏല്പിച്ച ഉദ്യോഗസ്ഥൻ തന്നെ ചതിക്കുകയാണ് ചെയ്തത്; സ്വപ്നയുമായുള്ള ബന്ധം അപമാനകരമാണ്, ആ ബന്ധമുണ്ടാക്കിയത് ശിവശങ്കരൻ തന്നെയാണ്; മാപ്പർഹിക്കാത്ത കുറ്റമാണ് ശിവശങ്കർ നടത്തിയത്; അയാൾ പോയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധീകരിക്കപ്പെട്ടു; രാമായണ മാസത്തിൽ മുഖ്യമന്ത്രിയെ കോൺഗ്രസും ബിജെപിയും ചേർന്ന് വേട്ടയാടി; രാക്ഷസീയ ഭാവങ്ങൾ ഒഴിവാക്കേണ്ട സമയത്തായിരുന്നു വേട്ടയാടൽ; ശിവശങ്കരനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകി മന്ത്രി ജി സുധാകരൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായിക്ക് ക്ലീൻചിറ്റ് നൽകിയും മന്ത്രി ജി സുധാകരൻ. ശിവശങ്കർ വഞ്ചകനാണ്. വിശ്വസിച്ച് ഏല്പിച്ച ഉദ്യോഗസ്ഥൻ തന്നെ ചതിക്കുകയാണ് ചെയ്തത്. സ്വപ്നയുമായുള്ള ബന്ധം അപമാനകരമാണ്. ശിവശങ്കർ വരെയാണ് ആ ബന്ധം ഉണ്ടായിരുന്നത്. അയാളെ മാറ്റിയതോടെ ആ പ്രശ്നം മാറി. മാപ്പർഹിക്കാത്ത കുറ്റമാണ് ശിവശങ്കർ നടത്തിയത്. അയാൾ പോയതോടെ ഓഫീസ് ശുദ്ധീകരിക്കപ്പെട്ടുവെന്നും സുധാകരൻ പറഞ്ഞു.
ഞങ്ങൾ ശിവശങ്കറിന്റെയും സ്വപ്നയുടെയും ആരാധകരല്ല. ഐ.എ.എസുകാർ പറയുന്നിടത്ത് ഒപ്പിടുന്നവരല്ല ഞങ്ങൾ. ഐ എ എസുകാരിൽ മോശം സ്വഭാവക്കാരുണ്ട്. പിണറായിയെ രാമായണമാസത്തിൽ പ്രതിപക്ഷവും ബി ജെപിയും വേട്ടയായി. രാക്ഷസീയ ഭാവങ്ങൾ ഒഴിവാക്കേണ്ട മാസത്തിലായിരുന്നു വേട്ടയാടൽ. രാമായണ മാസത്തിന്റെ സ്പിരിറ്റ് ഉൾക്കൊള്ളാൻ അവർക്കായിട്ടില്ല. മാധ്യമങ്ങളോട് മാന്യമായി പെരുമാറാൻ സി പി എം തീരുമാനിച്ചിട്ടുണ്ട്-മന്ത്രി സുധാകരൻ പറഞ്ഞു.
ഈ പ്രചരണം തടയാൻ ജനങ്ങളുടെ ഇടയിലേക്ക് മന്ത്രിമാർ അടക്കം ഇറങ്ങുകയാണ്. അവസാനത്തെ കമ്മ്യുണിസ്റ്റ് സർക്കാരും മുഖ്യമന്ത്രിയുമാണെന്നാണ് ചിലർ പറയുന്നത്. ലോകം അവസാനിക്കുമെന്ന ശപിച്ച മഹർജിമാരുണ്ട്. അവരിപ്പോൾ എവിടെയാണ്. 150 കോടി ജനങ്ങളുള്ള ചൈനയിൽ കമ്മ്യുണിസ്റ്റ് ഭരിക്കുകയാണ്. ആറ് അമേരിക്ക ചേരണം ചൈനയ്ക്ക് ഒപ്പമെത്താൻ. ചൈനയോട് ഒരുകാലത്തും അമേരിക്ക ജയിക്കില്ല.
കേരള കോൺഗ്രസിലെ പ്രശ്നം പോലും പരിഹരിക്കാൻ പറ്റാത്ത മുന്നണിയാണ് പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും പറയുന്നത്. ഇത് ജീവനും ചോരയും കൊടുത്ത് വളർത്തിയ പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ ത്യാഗത്തെയും കമ്മ്യുണിസ്റ്റ് ഔന്നിത്യത്തേയും ആർക്ക് കണ്ടില്ലെന്ന് നടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വർണ്ണക്കടത്തു കേസിലെ പ്രതിരോധിക്കാൻ വേണ്ടി സിപിഎം ലഘുലേഖയുമായി നേരത്തെ രംഗത്തിറങ്ങിയിരുന്നു. ിഷയത്തിൽ മുഖ്യമന്ത്രിയെ സംരക്ഷിച്ചു കൊണ്ടും എം ശിവശങ്കരനെ തള്ളിപ്പറഞ്ഞു കൊണ്ടും ലഘുലേഖകൾ വിതരണം ചെയ്തു കൊണ്ടാണ് സിപിഎ രംഗത്തുള്ളത്.
വീടുകൾ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎം സ്വർണ്ണക്കത്തിൽ വിശദീകരണം നൽകുന്നത്. സ്വർണക്കടത്ത് കേസിൽ സർക്കാരിന് ബന്ധമില്ല. എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പൂർണ്ണമായും തള്ളുന്നതാണ് പാർട്ടി വിശദീകരണം. ശിവശങ്കറിനെതിരെ സടക്കാർ നടപടി എടുത്തിട്ടുണ്ട്. അറ്റാഷെക്ക് രാജ്യം വിടാൻ കളമൊരുക്കിയത് കേന്ദ്രമാണ്. സ്വർണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ആണ് ശ്രമമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവമെന്നും ലഘുലേഖയിൽ ആരോപിക്കുന്നുണ്ട്. എൽഡിഎഫ് തുടർഭരണം നേടുമോ എന്ന ആശങ്കയാണ് പ്രതിപക്ഷത്തിന് ഉള്ളതെന്നും ലഘുലേഖയിൽ പറയുന്നു.
സ്വപ്നയും സരിതയും ഒരു പോലെയല്ലെന്നും മാധ്യമങ്ങൾ പറയുന്നത് മുഴുവൻ കള്ളമാണെന്നും പറയുന്നു. സ്വർണക്കടത്ത് അന്വേഷിക്കേണ്ടതും പിടികൂടേണ്ടതും കേന്ദ്ര ഏജൻസിയുടെ ചുമതലയാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഉപഖണ്ഡികകളായി ഇരുപത് കാര്യങ്ങൾ ചുണ്ടിക്കാണിക്കുന്ന ലഘുലേഖയിൽ പൂർണമായും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ തള്ളി പറയുകയാണ് ചെയ്യുന്നത്. ആരാണ് ഈ ശിവശങ്കർ, അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നാണോയെന്ന് ഉപശീർഷകത്തിൽ എഴുതിയ ഖണ്ഡികയിൽ മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ശിവശങ്കറിനെ നിയോഗിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണെന്നും തലമുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കർ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉയർന്ന നാല് തസ്തികകൾ വഹിച്ച ഉദ്യോഗസ്ഥനാണെന്നും ചൂണ്ടിക്കാട്ടുന്നു.
സ്വർണക്കടത്ത് കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ശിവശങ്കരന് പങ്കുണ്ടെന്ന തരത്തിൽ ആരോപണമുയർന്നതിനെ തുടർന്ന് ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും പിന്നിട് ഐ.ടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയതായി ലഘുലേഖയിൽ പറയുന്നു.കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിനായി കൺസൾട്ടൻസി ലഭിച്ചവർ ഏൽപ്പിച്ച പ്ളേസ്മെന്റ് ഏജൻസി ആറു മാസത്തേക്ക് താൽക്കാലികമായി ജോലി നൽകിയിരുന്നു. നിയമനം സംബന്ധിച്ചും ഇവരുടെ വിദ്യാഭ്യാസ കാര്യങ്ങളെ കുറിച്ചും പരാതി ഉയർന്നപ്പോൾ അതേ കുറിച്ചും അന്വേഷണം പ്രഖ്യാപിച്ചു.
ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിക്കൂറുകൾ കൊണ്ട് ശിവശങ്കരനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു.ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിട്ടുവെങ്കിലും ശിവശങ്കരനെ സ്വർണക്കടത്ത് കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്മാർ കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്നതാണെന്നും പുറത്താക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന കമ്മിറ്റി പ്രസിദ്ധികരിച്ച ലഘുലേഖ ബ്രാഞ്ച് തലങ്ങളിലെ പ്രവർത്തകരാണ് വീടുകളിലെത്തിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ