- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോൺ റിക്കോർഡിങ്ങുകളും വിശദീകരണ കുറിപ്പിലെ വാചകങ്ങളും വിനയായി; മുൻ മന്ത്രിക്കെതിരെ ഐസക്-സജി ചെറിയാൻ-ആരിഫ് പക്ഷങ്ങൾ ഒരുമിച്ചു; പരസ്യ ശാസനയിൽ ചിരിക്കുന്നത് കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ്! സിപിഎം തള്ളുന്നത് സുധാകരന്റെ കാര്യകാരണ സഹിതമുള്ള മറുപടികളെ
അമ്പലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലുണ്ടായ പ്രവർത്തന വീഴ്ചയുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണ കമ്മിഷൻ തെളിവെടുപ്പിന് എത്തിയത് തന്നെ ജി സുധാകരനെ ലക്ഷ്യമിട്ടായിരുന്നു. സുധാകരനെതിരെ നടപടി അനിവാര്യമാണെന്ന വിലയിരുത്തൽ അന്ന് തന്നെ പാർട്ടിയിൽ ചർച്ചയായിരുന്നു.
എളമരം കരീം, കെ.ജെ.തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് പ്രവർത്തന വീഴ്ചയെ കുറിച്ച് അന്വേഷിച്ചത്. സംസ്ഥാന സമിതിയുടെ തീരുമാനം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തു. ഇതുസംബന്ധിച്ച ചർച്ചയിൽ ജി.സുധാകരൻ പ്രതികരിച്ചില്ല. കമ്മീഷൻ തീരുമാനത്തെ ജില്ലാ കമ്മറ്റിയിലെ ഭൂരിഭാഗവും അനുകൂലിച്ചു. ആലപ്പുഴയിൽ സുധാകരൻ പാർട്ടിക്കുള്ളിൽ അന്ന് ഒറ്റപ്പെട്ടത് ആദ്യമായാണ്. മന്ത്രി സജി ചെറിയാനും മുൻ മന്ത്രി തോമസ് ഐസക്കും ഉൾപ്പെടെയുള്ളവർ അച്ചടക്ക നടപടി അനിവാര്യമെന്ന നിലപാട് എടുത്തു. ആലപ്പുഴ എംപി ആരിഫും നിലപാട് കടുപ്പിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പേഴ്സൺൽ സ്റ്റാഫ് അംഗമായിരുന്ന ആളിന്റെ ഭാര്യ ഉയർത്തിയ ആരോപണങ്ങളിൽ പാർട്ടിക്ക് സുധാകരൻ വിശദീകരണം നൽകിയിരുന്നു. ഈ വിശദീകരണം പോലും കമ്മ്യൂണിസ്റ്റുകാരന് ചേരാത്തതാണെന്ന അഭിപ്രായം പാർട്ടിയിൽ സജീവമായിരുന്നു. ചില ഫോൺ റിക്കോർഡിങ്ങുകളും സുധാകരനെതിരെ മറുപക്ഷം ശേഖരിച്ചു. ഇതെല്ലാം അന്വേഷണ സമിതിക്ക് കൈമാറുകയും ചെയ്തു. ആലപ്പുഴയിൽ സിപിഎം പ്രതീക്ഷിച്ച സീറ്റുകൾ നേടിയെങ്കിലും അട്ടിമറി പ്രവർത്തനം ഉണ്ടായെന്നാണ് പരാതി. ഇതിന്റെ കാരണക്കാരനായി സുധാകരനെ ഉയർത്തി കാട്ടുകയായിരുന്നു അദ്ദേഹത്തിന്റെ പാർട്ടിയിലെ എതിരാളികൾ. ആലപ്പുഴ ജില്ലാ കമ്മറ്റി ചർച്ചയിൽ 44 അംഗ കമ്മിറ്റിയിൽ അഞ്ചുപേർ മാത്രമാണ് കമ്മിഷനെ നിയോഗിക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിനെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചത്. അതായത് സുധാകരൻ തീർത്തും ഒറ്റപ്പെട്ടു.
രണ്ടു പതിറ്റാണ്ടോളം ആലപ്പുഴയിലെ സിപിഎമ്മിനെ നയിച്ചിരുന്നത് സുധാകരനായിരുന്നു. തോമസ് ഐസക്കിന് സുധാകരന്റെ പ്രതാപത്തെ ചെറുക്കാനായില്ല. പിണറായി വിജയന്റെ വിശ്വസ്തൻ എന്ന നിലയിൽ വി എസ് പക്ഷത്തെ സുധാകരൻ എല്ലാ അർത്ഥത്തിലും അപ്രസക്തനാക്കി. എന്നാൽ ഈ തെരഞ്ഞെടുപ്പോടെ പിണറായിയും സുധാകരനും തമ്മിൽ അകന്നു. ഇതാണ് സുധാകരന് പാർട്ടിയിൽ വിനയാകുന്നത്. സജി ചെറിയാൻ അടക്കമുള്ളവരും സുധാകരനെ പൂർണ്ണമായും കൈവിട്ടു. ആലപ്പുഴ എംപി.യായ എ.എം.ആരിഫ് ജി.സുധാകരന്റെ പേരുപറയാതെ വിമർശനം ഉന്നയിച്ചു. ആലപ്പുഴയിലെ ചില മണ്ഡലങ്ങളിൽ തോൽക്കുമെന്ന് ഒരു മുതിർന്ന നേതാവ് തന്നെ പ്രചരിപ്പിച്ചു. ഇത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു എന്ന പരാമർശമാണ് എ.എം.ആരിഫ് നടത്തിയത്.
അമ്പലപ്പുഴയിൽ എച്ച്. സലാമിനെതിരേ നടന്ന പോസ്റ്റർ പ്രചാരണമടക്കം വേണ്ടത്ര രീതിയിൽ പ്രതിരോധിക്കാൻ ജി. സുധാകരൻ തയ്യാറായില്ലെന്നതായിരുന്നു ആദ്യ ആരോപണം. തെരരഞ്ഞെടുപ്പ് ചെലവിലേക്ക് പണം കണ്ടെത്താൻ സുധാകരൻ സഹായിച്ചില്ല. മന്ത്രിയും എംഎൽഎ.യുമൊക്കെയായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ജനബന്ധം രാഷ്ട്രീയമായി ഉപയോഗിക്കാൻ തയ്യാറായില്ലെന്നതും ആരോപണമായി. പ്രചാരണങ്ങളിൽ സക്രിയമാവുകയോ അദ്ദേഹത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ വോട്ടുറപ്പാക്കാൻ മുന്നിട്ടിറങ്ങുകയോ ചെയ്തില്ല. കമ്മിറ്റിയുമായി സഹകരിച്ചുള്ള പ്രവർത്തനമായിരുന്നില്ല സുധാകരന്റേതെന്നും എതിർ വിഭാഗം കുറ്റപ്പെടുത്തി.
ഇതിനെല്ലാം കൃത്യമായ വിശദീകരണവും നൽകി. പ്രചാരണത്തിൽ ബോധപൂർവം സക്രിയമാവാതിരുന്നിട്ടില്ല. പാർട്ടി ഏൽപ്പിച്ച കാര്യങ്ങളെല്ലാം നിർവഹിച്ചുവെന്ന് സുധാകരൻ മറുപടി നൽകി. അമ്പലപ്പുഴയിൽ മാത്രമായി വോട്ടുചോർന്നിട്ടില്ല. ആലപ്പുഴയിലെ അഞ്ച് മണ്ഡലങ്ങളിൽ 2016-നെക്കാൾ എൽ.ഡി.എഫിന് വോട്ടുകുറഞ്ഞു. അതിൽ കുറഞ്ഞ വോട്ടുകുറവുണ്ടായത് അമ്പലപ്പുഴയിലാണ്. കൂടുതൽ വോട്ടുചോർച്ചയുണ്ടായത് മുമ്പ് തോമസ് ഐസക് മത്സരിച്ചിരുന്ന ആലപ്പുഴ മണ്ഡലത്തിലാണ്. ഇവിടെ 9799 വോട്ടുകുറഞ്ഞു. അമ്പലപ്പുഴയിൽ 2659 വോട്ടിന്റെ കുറവാണുണ്ടായതെന്നും സുധാകരൻ കണക്കുകളിലൂടെ വാദിച്ചു. തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. തനിക്കെതിരേ പൊലീസിൽ നൽകിയ പരാതിപോലും ഇതിന്റെ ഭാഗമാണമെന്നും സുധാകരൻ വിശദീകരിച്ചിരുന്നു. എന്നാൽ ഇതൊന്നും അന്വേഷണ സമിതി കാര്യമായെടുത്തില്ല. ആലപ്പുഴയിലെ ഭൂരിപക്ഷം മറുഭാഗത്തായതു കൊണ്ടു തന്നെ സുധാകരനെ പരസ്യ ശാസനയിലുടെ വെട്ടിയൊതുക്കുകയാണ് സംസ്ഥാന നേതൃത്വം.
വ്യാജ വാർത്ത നൽകി തന്ന അപമാനിക്കുന്നുവെന്ന് സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. വോട്ട് പെട്ടിയിലായ ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പ്രവർത്തിച്ചില്ലെന്നു പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസമാണെന്ന് സുധാകരൻ പറഞ്ഞിരുന്നു. പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടിയിലുമുണ്ട്. കക്ഷി വ്യത്യാസമില്ലായാണ് ഇവർ പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിൽ ഒരു പ്രശ്നങ്ങളുമില്ലെന്നും ചില മാധ്യങ്ങൾ തന്നെ വളഞ്ഞിട്ട് അക്രമിക്കാൻ ശ്രമിക്കുകയാണെന്നും ജി.സുധാകരൻ ആരോപിക്കുകയും ചെയ്തു.
കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ടെന്നായിരുന്നു വിവാദ തുടക്കത്തിൽ സുധാകരന്റെ പ്രസ്താവന. അതൊന്നും തങ്ങളുടെ പാർട്ടിയിൽ നടക്കില്ല. അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവർക്കും അറിയാം. ചിലർ രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പാടില്ലെന്ന് ചിലർ ഹോട്ടലിലിരുന്ന് മദ്യപിച്ച് തീരുമാനിക്കുന്നു. അതൊന്നും തന്റെയടുത്ത് വേണ്ട. താൻ തിരിച്ചടിച്ചാൽ വലിയ പ്രശ്നമാകും. അരൂരിലെ തോൽവിക്ക് പിന്നിൽ മറ്റുശക്തികളുണ്ട്. അരൂരിൽ ജയിക്കുമായിരുന്നു. 55 വർഷമായി താൻ പൊതുരംഗത്തുണ്ട്. രക്തസാക്ഷി കുടുംബത്തിൽനിന്ന് വളർന്നുവന്നയാളാണ് താൻ. എല്ലാവർക്കും കൊട്ടേണ്ട ചെണ്ടയാണോ താൻ എന്നും സുധാകരൻ ചോദിച്ചിരുന്നു.
ഒരു വിവാദവും ഇല്ലാത്തപ്പോഴും പാർട്ടിയിൽ വിവാദമെന്ന് പ്രചരിപ്പിക്കുകയാണ്. 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് വിശ്രമിക്കാതെ 65 യോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. ജില്ലയിൽ 17 യോഗത്തിൽ പ്രസംഗിച്ചു. അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തു. എന്നിട്ടും പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് പൊളിറ്റിക്കൽ ക്രിമിനലിസമാണെന്നും സുധാകരൻ ആഞ്ഞടിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചതെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയെന്താ ജില്ലാ സെക്രട്ടറിയാണോ എന്നും സുധാകരൻ പരിഹസിച്ചിരുന്നു. ഈ പരിഹാസങ്ങൾ എല്ലാം പരസ്യ ശാസനയോടെ സുധാകര വീഴ്ചയ്ക്ക് കാരണമായെന്ന വിലയിരുത്തലുകളിലേക്കും എത്തുകയാണ്.
മറുനാടന് മലയാളി ബ്യൂറോ