ആലപ്പുഴ: താടിയുള്ള അപ്പൂപ്പനെ പേടിയുണ്ട്.. എന്നൊരു നാടൻ ചൊല്ലുണ്ട്. അതുപോലെയാണ് ജി സുധാകരൻ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റതോടെയുള്ള അവസ്ഥ. അഴിമതിക്കാരുടെ കൂത്തരങ്ങിന്റെ വേദിയായ വകുപ്പിൽ ചില കാര്യങ്ങളൊക്കെ ശരിയാകുന്ന മട്ടാണ്. ഉദ്യോഗസ്ഥരെല്ലാം കൃത്യസമയത്ത് എത്തുന്നു... റോഡ് പണി നടക്കുമ്പോൾ ഉദ്യോഗസ്ഥർ പോകേണ്ടിടത്ത് കൃത്യമായി പോകുന്നു.. ഇങ്ങനെ തോന്നിയപടി കാര്യങ്ങൾ നടന്നിടത്ത് ഇപ്പോൾ ചില കാര്യങ്ങളെല്ലാം ശരിയാകുന്ന മട്ട് പൊതുവിലുണ്ട്. ഇതിന്റെ വ്യക്തമായ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.

ജി സുധാകരന്റെ കാർക്കശ്യം നിറഞ്ഞ പെരുമാറ്റത്തോടെ ഉദ്യോഗസ്ഥരെല്ലാം നല്ലശീലമുള്ളവരായി മാറിയിട്ടുണ്ട്. ഇപ്പോൾ കൃത്യസമയത്ത് ഉദ്യോഗസ്ഥർ ഓഫീസിലെത്താറുണ്ട്. വൈകിയൈാൽ ഹാജർബുക്കിൽ ഒപ്പിടാൻ ബുദ്ധിമുട്ടാണെന്നാണ് ഇവരെ കുഴയ്ക്കുന്നത്. വൈകി എത്തുന്ന ചിലർക്ക് പകുതി ദിവസത്തെ ലീവ് നഷ്ടമായ സംഭവം പോലുമുണ്ടായി. ഹാജറിന്റെ കാര്യത്തിലടക്കം കൃത്യമായ കാര്യങ്ങളാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിൽ നടക്കുന്നത്. ഏത് സമയത്താണ് മന്ത്രിയുടെ മിന്നൽപരിശോധന ഉണ്ടാകുക എന്ന ഭയം കൂടിയായപ്പോഴാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരും നല്ലകുട്ടികളായത്.

അഴമതിക്കാരായവരെ സംരക്ഷിക്കാൻ ആരുമുണ്ടാകില്ലെന്ന കാര്യം ഏതാണ്ട് വകുപ്പിലുള്ള എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. ഇങ്ങനെ സഹായിക്കുന്നവർക്കും പണികിട്ടും എന്നതിനാൽ തന്നെ അതിനും ആരും തുനിയുന്നില്ല. നല്ലകാര്യം ചെയ്താൽ നിങ്ങൾക്കൊപ്പമുണ്ടാകും. എല്ലാവരും ഇക്കാര്യങ്ങൾ ഉൾക്കൊണ്ടാൽ അവരവർക്ക് കൊള്ളാം'- പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിലെ ഓഫീസുകളിലൊന്നിൽ കഴിഞ്ഞ ആഴ്ച കൂടിയ യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് ഈ ഉപദേശം നൽകിയത് പോലും സുധാകരനെ പേടിച്ചാണ്.

ആകെ കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു പൊതുമരാമത്ത് ഓഫീസുകളിൽ പലതും. ഹാജർ വയ്ക്കുന്നതിൽപോലും അലംഭാവം. രണ്ടു ദിവസം അവധിയെടുത്താൻ മൂന്നാം ദിനമെത്തി ഹാജർ ഒന്നിച്ചിടും. അതെല്ലാം പഴങ്കഥയായെന്ന് ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ ഒരിടത്തും റോഡ് അറ്റകുറ്റപ്പണി നടത്തരുതെന്നാണ് നിർദ്ദേശം. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ദേശീയപാതയിലെ അറ്റകുറ്റപ്പണി നിരീക്ഷിക്കാൻ മന്ത്രി എത്തിയപ്പോൾ സ്ഥലത്തില്ലാതിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഭരണകക്ഷി യൂണിയനിൽപ്പെട്ട ഒരാളും ഇതിലുണ്ടെങ്കിലും ഒരു പ്രതിഷേധവുമുണ്ടായില്ല.

സംഭവത്തിൽ വിശദീകരിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ മന്ത്രിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇവരെ മന്ത്രി വീട്ടിൽ നിന്ന് ഇറക്കിവിട്ടാണ് നയം വ്യക്തമാക്കിയത്. താൻ ചീഫ് എൻജിനീയറോടാണു വിശദീകരണം ആവശ്യപ്പെട്ടതെന്നും റിപ്പോർട്ട് തന്റെ വീട്ടിൽ ഹാജരാക്കാൻ ആരോടും നിർദ്ദേശം നൽകിയിട്ടില്ലെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. ആലപ്പുഴയിലെ പൊതുമരാമത്തു വകുപ്പ് ദേശീയപാത വിഭാഗത്തിലെ ഉദ്യോഗസ്ഥരാണു തന്റെ വീട്ടിലെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശ്രമിച്ചതെന്നു മന്ത്രി പറഞ്ഞു.

റിപ്പോർട്ട് ആവശ്യപ്പെട്ടാൽ ശരിയായ മാർഗത്തിലൂടെ അതു നൽകുന്നതിനു പകരം മന്ത്രിയുടെ വീട്ടിലെത്തി റിപ്പോർട്ട് സമർപ്പിക്കുന്നതു കഴിഞ്ഞ കാലങ്ങളിൽ അവർ ചെയ്തുശീലിച്ചതിന്റെ തുടർച്ചയാകുമെന്നും അത്തരം കീഴ്‌വഴക്കങ്ങൾ പൊളിച്ചെഴുതാൻ ഉദ്യോഗസ്ഥർ ശീലിക്കണമെന്നും മന്ത്രി നിർദേശിച്ചു. എന്നാൽ ശരിയായ മാർഗത്തിലൂടെ ചീഫ് എൻജിനീയർക്കു റിപ്പോർട്ട് സമർപ്പിച്ചതോടൊപ്പം മന്ത്രിയുടെ അറിവിലേക്കായി നേരിട്ടു റിപ്പോർട്ട് സമർപ്പിക്കാനാണു ശ്രമിച്ചതെന്നു ജില്ലയിലെ ദേശീയപാത വിഭാഗത്തിലെ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കു യാത്ര ചെയ്യുന്നതിനിടയിലാണു ഹരിപ്പാട് ആർകെ ജംക്ഷനിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ദേശീയപാത അറ്റകുറ്റപ്പണി നടത്തുന്നതു മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്തിറങ്ങി പരിശോധന നടത്തിയ മന്ത്രി പൊതുമരാമത്ത് ചട്ടങ്ങൾ ലംഘിച്ച്, ഉദ്യോഗസ്ഥന്റെ മേൽനോട്ടമില്ലാതെ അറ്റകുറ്റപ്പണി നടത്തുന്നതിനെപ്പറ്റി റിപ്പോർട്ട് നൽകാൻ ചീഫ് എൻജിനീയർക്കു നിർദ്ദേശം നൽകുകയായിരുന്നു.

വടക്കൻ മേഖലകളിൽ പണികളേറ്റെടുക്കാതെ കരാറുകാർ മന്ത്രിയുമായി ശീതയുദ്ധം നടത്താനൊരുങ്ങി. എന്നാൽ മന്ത്രിയുമായി ഉടക്കിയാൽ പണി പാളുമെന്ന് തോന്നിയതോടെയാണ് കരാറുകാരും കടുംപിടുത്തം ഒഴിവാക്കിയത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒഴിവാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ജി സുധാകരൻ നടത്തുന്നത്.