- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിശ്വാസം തകർക്കാൻ വന്നാൽ തടയും; ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ചു പറയാൻ പാടില്ല എന്നാണോ?ഞാൻ എന്റെ വഴി നോക്കിക്കൊള്ളാം'; മന്ത്രി എ കെ ബാലന് മറുപടിയുമായി ജി സുകുമാരൻ നായർ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ നടത്തിയ ശബരിമല പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ നിയമമന്ത്രി എ കെ ബാലന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഈശ്വരവിശ്വാസം എന്ന വാക്ക് ഉപയോഗിക്കാൻ പോലും പറ്റില്ല എന്നാണോ ഈ പറയുന്നതിന്റെ അർത്ഥമെന്ന് ജി സുകുമാരൻ നായർ ചോദിച്ചു. അതാണ് എ കെ ബാലന്റെ പരാതിയിൽ നിന്ന് വ്യക്തമാകുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ വഴി നോക്കിക്കോട്ടെയെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു.
വിശ്വാസം എന്നു പറയാൻ പോലും ഈ നാട്ടിൽ ആർക്കും അവകാശമില്ലെന്നാണോ എകെ ബാലന്റെ തീരുമാനമെന്നും സുകുമാരൻ നായർ ചോദിച്ചു. ഇതിന് മറുപടി വിശ്വാസികൾ നൽകിക്കോളും. സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവർക്ക് വോട്ടുചെയ്യണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കുന്നുവെന്നാണ് താൻ പറഞ്ഞത്. അതിലെന്താണ് ഇത്ര കുഴപ്പം. മന്ത്രി അദ്ദേഹത്തിന്റെ വഴി നോക്കിക്കോട്ടെ. ഞാൻ എന്റെ വഴി നോക്കിക്കൊള്ളാമെന്നും സുകുമാരൻ നായർ പറഞ്ഞു.
'വിശ്വാസം തകർക്കാൻ വന്നാൽ തടയും. ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ചു പറയാൻ പാടില്ല എന്നാണോ? വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നു വിശ്വാസികൾ തീരുമാനിക്കും. ഞാൻ എന്റെ വഴി നോക്കിക്കൊള്ളാം. എ.കെ.ബാലൻ അദ്ദേഹത്തിന്റെ വഴി നോക്കട്ടെ' സുകുമാരൻ നായർ പറഞ്ഞു.
എകെ ബാലന്റെ പരാതിയുടെ അടിസ്ഥാനമെന്താണ് ?. അവർ ഉദ്ദേശിക്കുന്നതെന്താണ് ?. അതൊന്നും ഈ നാട്ടിൽ വിലപ്പോകാൻ പോകുന്നില്ല. വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്ന് ഈ നാട്ടിലെ ബഹുഭൂരിപക്ഷം തീരുമാനിച്ചുകൊള്ളുമെന്നും സുകുമാരൻ നായർ പ്രതികരിച്ചു. മാധ്യമങ്ങൾ ചോദിച്ചതിന് മാത്രമാണ് മറുപടി പറഞ്ഞത്. അങ്ങനൊന്നും വിരട്ടേണ്ട. വിശ്വാസം ഞങ്ങളുടെ ജീവവായുവാണ്. അതിനെ തൊടാൻ ആരു ശ്രമിച്ചാലും പറയും. അതിൽ എന്തു തെറ്റാണ് ഉള്ളതെന്ന് തീരുമാനിക്കേണ്ടവർ തീരുമാനിച്ചോട്ടെ എന്നും സുകുമാരൻ നായർ പറഞ്ഞു.
വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂർവം ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ചാണ് എ.കെ.ബാലൻ പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് അയ്യപ്പകോപം ഉണ്ടാകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. പരാമർശം തെരഞ്ഞെടുപ്പ് ചട്ടം ലംഘനമാണ്. പ്രതിപക്ഷം ഭരണഘടനയെ വെല്ലുവിളിക്കുന്നു എന്നും എ കെ ബാലൻ പരാതിയിൽ പറയുന്നു.
വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറിനകമാണ് ഈ തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി കാണണമെന്ന് യുഡിഎഫ് നേതാക്കളും എൻഎസ്എസ് ജനറൽ സെക്രട്ടറിയും പറഞ്ഞത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. വിശ്വാസികളുടെ വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുപക്ഷമുന്നണിയേയും സ്ഥാനാർത്ഥികളേയും തോൽപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണിത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല, ആർപി ആക്ടിന് വിരുദ്ധവുമാണെന്ന് മന്ത്രി ബാലൻ പറഞ്ഞു.