ഹാംബർഗ്: സിക്കിമിലെ അതിർത്തിയെ ചൊല്ലി ഇന്ത്യ-ചൈന സംഘർഷം മുറുകുന്നതിനിടെ രണ്ട് രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ അനൗപചാരികമായി കൂടിക്കാഴ്‌ച്ച നടത്തി. നേരത്തെ ഔദ്യോഗികമായി നിശ്ചയിച്ച കൂടിക്കാഴ്‌ച്ചയിൽ നിന്നും ചൈന പിന്മാറിയെന്ന വാർത്തകൾ വന്നെങ്കിലും അത്തരമൊരു കൂടിക്കാഴ്‌ച്ചക്ക് പ്ലാൻ ഇല്ലായിരുന്നുവെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ഇതോടെ തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാൻ മോദിയും ഷി ജിൻ പിങും തമ്മിൽ കാണില്ലെന്നായിരുന്നു പൊതുവിലയിരുത്തൽ. എന്നാൽ, ഹാംബർഗിൽ നടക്കുന്്‌ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിക്കായി എത്തിയ വേളയിൽ സംഘർഷം മറന്ന് ഇരുനേതാക്കളും കൂടിക്കാഴ്‌ച്ച നടത്തി.

അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്, ബ്രിക്സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെ മോദിയും ചിൻപിങ്ങും കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയിൽ ഇരുവരും ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായി ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ലെ ട്വീറ്റ് ചെയ്തു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ തർക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചർച്ച നടന്നോ കാര്യം വ്യക്തമല്ല.

ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കൾ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ, ചൈനീസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും പരസ്പരം പുകഴ്‌ത്തി സംസാരിച്ചതും ശ്രദ്ധേയമായിട്ടുണ്ട്. ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിലാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയെ പുകഴ്‌ത്തിയത്. ബ്രിക്സ് കൂട്ടായ്മയെ ഏറ്റവും ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യ മുൻകൈ എടുക്കുന്നതിനെയും ചൈനീസ് പ്രസിഡന്റ് പ്രശംസിച്ചു. തുടർന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ചൈനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ബ്രിക്സ് കൂട്ടായ്മയുടെ മുന്നേറ്റത്തിൽ ചൈനയുടെ സംഭാവനകൾ മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെ നേരിടാൻ കൂട്ടായ ശബ്ദം ഉയർന്നുവരണമെന്ന് മോദി പറഞ്ഞു. ബ്രിക്സിന് ഒരു ഉറച്ച ശബ്ദമുണ്ട്. അതിനാൽ തന്നെ ഭീകരവാദത്തിനെതിരായ അതിന്റെ നേതൃത്വഗുണം ലോകത്തിന് കാട്ടിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ചരക്ക് സേവന നികുതി ഏർപ്പെടുത്തിയത് 70 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമാണെന്ന് തന്റെ സർക്കാരിന്റെ പരിഷ്‌കരണങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വ്യവസായത്തിന് ഗുണകരമായ സാഹചര്യങ്ങളാണ് ഇന്ത്യയിലുള്ളത്. ചരക്ക് സേവന നികുതി ഇതിന് കൂടുതൽ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂട്ടാൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന ഡോക്് ലാമിൽ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ നേർക്കുനേർ നിൽക്കുകയാണ്. അതിർത്തി മേഖലയിൽ റോഡ് നിർമ്മിച്ചും ഇന്ത്യയിൽനിന്നുള്ള തീർത്ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകൾ അവർ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയായിരുന്നു.