ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി 23 നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നു. ഗുലാം നബി ആസാദിന്റെ വസതിയിലാണ് നിർണായക യോഗം. പാർട്ടിയിൽ സമ്പൂർണ നേതൃമാറ്റം വേണമെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ തലപ്പത്തേക്ക് വരണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ജി 23 നേതാക്കൾ യോഗം വിളിച്ചത്.

കേരളത്തിൽ നിന്ന് ശശി തരൂരിന് പുറമേ പി.ജെ. കുര്യനും യോഗത്തിൽ പങ്കെടുത്തു. കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, രജീന്ദർ കൗർ ഭട്ടാൽ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്യരാജ് ചൗഹാൻ, മണി ശങ്കർ അയ്യർ, കുൽദീപ് ശർമ്മ, രാജ് ബാബർ, അമരീന്ദർ സിങിന്റെ ഭാര്യ പ്രണീത് കൗർ തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ഞായറാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ജി 23 നേതാക്കളുടെ യോഗമെന്നതും ശ്രദ്ധേയമാണ്. പ്രവർത്തക സമിതിയിലെ നിർണായക തീരുമാനങ്ങൾ സംബന്ധിച്ച കാര്യങ്ങളും പാർട്ടിയിൽ ആവശ്യമായ മാറ്റങ്ങളുമെല്ലാം ജി 23 യോഗത്തിലും തിരുത്തൽവാദി നേതാക്കൾ വിശദമായി ചർച്ചചെയ്യുമെന്നാണ് വിവരം.

തോൽവി നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരുടെ രാജി സോണിയ ആവശ്യപ്പെട്ടത് ഉൾപ്പെടെയുള്ള പരിഷ്‌കാര നടപടികളും യോഗത്തിൽ ചർച്ചചെയ്തേക്കും. കപിൽ സിബലിന്റെ വസതിയാണ് യോഗത്തിനായി ആദ്യം തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഗുലാ നബി ആസാദിന്റെ വസതിയിലേക്ക് വേദി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരേ കപിൽ സിബൽ ഉയർത്തിയ കടുത്ത വിമർശനങ്ങളിൽ ചില നേതാക്കൾക്കുള്ള എതിർപ്പാണ് വേദി മാറ്റത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പാർട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുൽ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും പഞ്ചാബിൽ രാഹുൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും കപിൽ സിബൽ ചൊവ്വാഴ്ച ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം സാങ്കൽപിക ലോകത്താണെന്നും പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പാർട്ടിയുടെ എബിസിഡി അറിയില്ല സിബലിനെന്ന് തിരിച്ചടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെലോട്ട് അന്ന് തന്നെ സിബലിനെ തള്ളിപ്പറഞ്ഞെങ്കിലും ആ മുറുമുറുപ്പ് പാർട്ടിയിൽ പടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരൊന്നാകെ ചേർന്ന് സിബലിനെതിരെ പടയൊരുക്കം നടത്തുന്നത്.

ജനപിന്തുണയില്ലാത്ത സിബൽ പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്ന് മല്ലികാർജ്ജുൻ ഖാർഗെയും അധിർ രഞ്ജൻ ചൗധരിയും കുറ്റപ്പെടുത്തി. അഭിഭാഷകനായ കപിൽ സിബൽ വഴിമാറി പാർട്ടിയിലെത്തിയതാണെന്നും, കോൺഗ്രസിനെ കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് നേതാക്കൾ തിരിച്ചടിക്കുന്നത്. ആര് വിചാരിച്ചാലും സോണിയ ഗാന്ധിയെ ദുർബലപ്പെടുത്താനാകില്ലെന്ന് മുതർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. സിബൽ മുൻപ് മത്സരിച്ച ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിലെ കോൺഗ്രസ് ഘടകം അച്ചടക്ക നടപടി ആവശ്യപ്പെട്ട് പ്രമോയം പാസ്സാക്കുകയും ചെയ്തു.

പുനഃസംഘടന വരെ ഗാന്ധി കുടംബം എന്ന അനുനയ ഫോർമുല ഗ്രൂപ്പ് 23 അനുസരിക്കുമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതിക്ക് ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ. പിന്നീട് നേതൃമാറ്റം വേണമെന്ന കടുത്ത നിലപാടിലാണ് വിമതശബ്ദങ്ങളുടെ ഈ കൂട്ടായ്മ. നേതൃത്വത്തിനെതിരായ നീക്കത്തിന് സംസ്ഥാനങ്ങളിൽ പിന്തുണയേറുന്നുവെന്ന സന്ദേശം നൽകി നേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് അവരുടെ നീക്കം. ഇനിയെന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതിൽ വിശദമായ ചർച്ച നടത്താനാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.

നേതൃത്വത്തിനെതിരെ, വിശേഷിച്ച് രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷവിമർശനമാണ് യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ പി ജെ കുര്യൻ ഉന്നയിച്ചത്. പാർട്ടിക്ക് സ്ഥിരം അധ്യക്ഷൻ വേണം. ഗ്രൂപ്പ് 23-നെ താൻ പിന്തുണയ്ക്കുന്നു. രാഹുൽ ഗാന്ധിക്ക് പറ്റില്ലെങ്കിൽ വേറെയാൾ വരണം. കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോൾ രാഹുൽ ഗാന്ധിയില്ല. രാഹുൽ വെറും എംപി മാത്രമാണ്. തോൽവിയുടെ പേരിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മാത്രം ആക്രമിക്കുന്നത് ശരിയല്ല. കെ സി വേണുഗോപാൽ നടപ്പാക്കുന്നത് നേതൃത്വത്തിന്റെ നിർദേശമാണ്. ആ നിർദ്ദേശം പാളിയെങ്കിൽ അതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനല്ലേയെന്നും പി ജെ കുര്യൻ ചോദിക്കുന്നു.

സിദ്ദുവടക്കം തോൽവി നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെയും പിസിസി അധ്യക്ഷന്മാർ രാജിവച്ചൊഴിഞ്ഞ ദിവസം കൂടിയാണ് ഇന്ന്. 2017-ൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ നവ്‌ജോത് സിങ് സിദ്ദുവെന്ന പഴയ ക്രിക്കറ്റ് താരം ക്യാപ്റ്റൻ അമരീന്ദർസിംഗിനെതിരായ ഹൈക്കമാൻഡ് നീക്കത്തിൽ പാർട്ടിയുടെ ആയുധമായിരുന്നു. ക്യാപ്റ്റൻ വിലക്കിയിട്ടും സിദ്ദുവിനെ തന്നെ പാർട്ടി അധ്യക്ഷനാക്കി രാഹുലും പ്രിയങ്കയും അദ്ദേഹത്തെ വെല്ലുവിളിച്ചു. അമരീന്ദർസിങ് കോൺഗ്രസിന്റെ പടിയിറങ്ങിയപ്പോൾ ചന്നിയിലേക്ക് പാർട്ടി തിരിഞ്ഞതോടെ സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം വലിച്ചെറിഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്തുണ്ടാകാവുന്ന തിരിച്ചടി ഭയന്ന് ഹൈക്കമാൻഡ് കാല് പിടിച്ച് സിദ്ദുവിനെ വീണ്ടും അധ്യക്ഷനാക്കി. കോൺഗ്രസിനെ തൂത്തെറിഞ്ഞ് ആംആദ്മി പാർട്ടി പഞ്ചാബ് പിടിച്ചപ്പോൾ ജനം മികച്ച തീരുമാനമെടുത്തെന്ന പ്രതികരണത്തിലൂടെ വീണ്ടും പാർട്ടിയെ വെട്ടിലാക്കി. ഒടുവിൽ സോണിയ ഗാന്ധിയുടെ നിർദ്ദേശത്തോടെ മറ്റ് നാല് പിസിസി അധ്യക്ഷന്മാർക്കൊപ്പം സിദ്ദുവും പുറത്തേക്ക് പോവുകയാണ്. പിസിസി അധ്യക്ഷന്മാരുടെ മാത്രം രാജി ആവശ്യപ്പെട്ടതിൽ പാർട്ടിയിൽ മുറുമുറുപ്പുണ്ട്. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽസെക്രട്ടറിമാർക്കും തോൽവിയിൽ പങ്കുണ്ടെന്നും അങ്ങനെയെങ്കിൽ പ്രിയങ്ക ഗാന്ധിയുടേതടക്കം രാജി ആവശ്യപ്പെടാത്തതെന്തെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്.