ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്വം ബിജെപി കേന്ദ്ര നേതൃത്വം ഏറ്റെടുക്കണമെന്ന് താൻ ആവശ്യപ്പെട്ടതായ പ്രസ്താവന തള്ളി കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. തന്നെയും പാർട്ടി നേതൃത്വത്തെയും അകറ്റാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പ്രസ്താവനകൾ വളച്ചൊടിക്കാൻ പ്രതിപക്ഷവും, ഒരുവിഭാഗം മാധ്യമങ്ങളും ആസൂത്രിത കുപ്രചാരണം നടത്തുകയാണ്. ഇത്തരം കുപ്രചാരണങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും ഗഡ്കരി പറഞ്ഞു.

3 സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പരാജയം സംസ്ഥാന നേതൃത്വങ്ങളുടെ കഴിവുകേടെന്ന് പറഞ്ഞ് തലയൂരായാനായിരുന്നു മോദിയും അമിത് ഷായും ശ്രമിച്ചത്. ഈ നീക്കത്തിനുള്ള മറുപടിയായാണ് ഗഡ്കരി പ്രസ്താവന വന്നത്. സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തുവെന്നാണ് ഗഡികരിയുടെ ന്യായം. ഇത്തരത്തിലുള്ള കുപ്രചാരണങ്ങൾ താൻ പൊളിച്ചെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നേതൃത്വം തയ്യാറാകണം. അങ്ങനെ ചെയ്യാത്തിടത്തോളം സംഘടനയോടുള്ള കൂറും പ്രതിബദ്ധതയും തെളിയിക്കാനാവില്ലെന്നായിരുന്നു ഗഡ്കരി മഹാരാഷ്ട്രയിൽ പ്രസംഗിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മോദിയും അമിത്ഷായും ഇതേവരെ തയ്യാറായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പ്രസംഗം. സംസ്ഥാന നേതൃത്വങ്ങളുടെ കഴിവുകേടാണ് പരാജയത്തിന്റെ കാരണമെന്ന നിലപാടിലാണ് മോദിയും അമിത്ഷായും. ഇരുവരുടെയും ഈ നിലപാടിനെതിരെ ഒളിയമ്പെയ്യുകയാണ് ഗഡ്ഗരി ചെയ്തത്. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരുമുണ്ടാകും എന്നാൽ തോൽവിയുണ്ടാകുമ്പോൾ ഏല്ലാവരും തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തി വിരൽ ചൂണ്ടുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. ബിജെപി കേന്ദ്രനേതൃത്തിൽ തോൽവിയുടെ ഉത്തരവാദിത്വം മോദി- ഷാ കൂട്ടുകെട്ട് ഏറ്റെടുക്കണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗഡ്കരിയുടെ വാക്കുകൾ.